Advertisment

ലോകം മരിച്ചുവെന്ന് പറഞ്ഞ് എഴുതി തള്ളിയ കിം കുടുംബത്തിലെ അംഗം ജീവനോടെ ! ;  വീണ്ടും പൊതുവേദിയിലെത്തിയത് കിം വധശിക്ഷയ്ക്കു വിധിച്ചെന്ന് ലോകം വിശ്വസിച്ച പിതൃസഹോദരി

New Update

സോള്‍: ലോകം മരിച്ചുവെന്ന് പറഞ്ഞ് എഴുതി തള്ളിയ കിം ജോങ് ഉന്നിന്റെ പിതൃസഹോദരി ജീവനോടെ പൊതുവേദിയില്‍ . നീണ്ട ഇടവേളയ്ക്ക് ശേഷം ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ പിതൃസഹോദരി വീണ്ടും പൊതുവേദിയിലെത്തിയത്.

Advertisment

publive-image

വധശിക്ഷയ്ക്കു വിധിച്ചെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ആറു വര്‍ഷത്തിന് ശേഷം ഇവര്‍ വീണ്ടും പൊതുവേദിയില്‍ എത്തിയത്. പ്യോംഗ്യാംഗിലെ തീയെറ്ററില്‍ നടന്ന ചാന്ദ്രപുതു വര്‍ഷാഘോഷ പരിപാടികളിലെ പ്രധാന അതിഥിയായാണ് 73കാരിയായ കിം ക്യോങ് ഉള്‍പ്പെടുത്തിയത്. കിമ്മിനും ഭാര്യ റിസോള്‍ ജുവിനുമൊപ്പം ഇരുന്ന് ചടങ്ങുകള്‍ വീക്ഷിക്കുന്ന ചിത്രങ്ങളും ഉത്തരകൊറിയ പുറത്തുവിട്ടു.

കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് രണ്ടാമന്റെ ഒരേയൊരു സഹോദരിയാണിവര്‍. ഒരുകാലത്ത് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ഡിപ്പാര്‍ട്ട്‌മെന്റല്‍ ഡയറക്ടറായും ഫോര്‍-സ്റ്റാര്‍ ആര്‍മി ജനറലായും കിം ക്യോങ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008ല്‍ കിം ജോങ് രണ്ടാമന് മസ്തിഷ്‌കാഘാതം ഉണ്ടായതിനു പിന്നാലെ കിം ജോങ് ഉന്നിനെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നതിലും ഇവര്‍ക്കു നിര്‍ണായക പങ്കുണ്ടെന്നാണു കരുതുന്നത്. ഹൃദയാഘാതത്താല്‍ പിതാവ് മരിച്ചപ്പോള്‍ 2011ല്‍ കിം ജോങ് ഉന്‍ അധികാരത്തിലെത്തുകയും ചെയ്തു.

2013 ഡിസംബറില്‍ ചാരപ്രവര്‍ത്തനം ആരോപിച്ച് കിം ക്യോങ്ങിന്റെ ഭര്‍ത്താവ് ജങ് സോങ്ങിനെ കിം വധശിക്ഷയ്ക്കു വിധിച്ചതോടെയാണ് അഭ്യൂഹങ്ങള്‍ക്കു ശക്തി പ്രാപിച്ചത്. കിം ജോങ് ഉന്‍ കഴിഞ്ഞാല്‍ അതുവരെ രാജ്യത്തു രണ്ടാം സ്ഥാനത്ത് ജങ് സോങ് ആയിരുന്നു.

2013ല്‍ കിം ജോങ് രണ്ടാമന്റെ രണ്ടാം ചരമവാര്‍ഷികാചരണ ചടങ്ങിലും കിം ക്യോങ്ങിന്റെ അസാന്നിധ്യം ശ്രദ്ധേയമായി. തുടര്‍ന്നാണ് കിം ക്യോങ് മരിച്ചതായും അവരെ വധശിക്ഷയ്ക്കു വിധിച്ചെന്നും അതല്ല ആരോഗ്യപ്രശ്നങ്ങളാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Advertisment