Advertisment

കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് ട്രംപ്; പഴയകാര്യങ്ങൾ അപ്രസക്തമായെന്ന് കിം

New Update

Advertisment

 

സിംഗപ്പൂര്‍ സിറ്റി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും തമ്മില്‍ ചരിത്രപരമായ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിലാണ് മുഖാമുഖം ചര്‍ച്ച നടന്നത്.  ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ കൂടി ഉൾപ്പെട്ട കൂടിക്കാഴ്ചയാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് ശേഷം സംയുക്ത വാർത്താസമ്മേളനം ഉണ്ടാകും.

ഇതാദ്യമായാണ് അധികാരത്തിലിരിക്കെ ഒരു യുഎസ് പ്രസിഡന്റും ഉത്തര കൊറിയന്‍ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ നാല് യുഎസ് പ്രസിഡന്റുമാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാത്ത കാര്യമാണ് ട്രംപ് നേടിയെടുത്തിരിക്കുന്നത്. അതും ഉത്തരകൊറിയയ്ക്കു മുന്നില്‍ ഒരു തരത്തിലും അടിയറവു പറയാതെ തന്നെ.

ആദ്യം നടത്തിയ വൺ–ഓണ്‍–വൺ ചർച്ച വളരെ നന്നായിരുന്നുവെന്ന് ഡോണൾഡ് ട്രംപ് പറ‍ഞ്ഞു. ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പഴയകാല മുൻവിധികളും വ്യവഹാരങ്ങളും ഞങ്ങളുടെ മുന്നിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയായിരുന്നു. അവയൊക്കെ മറികടന്നാണ് ഇന്നിപ്പോൾ ഇവിടെയെത്തിയിരിക്കുന്നതെന്നായിരുന്നു കിമ്മിന്റെ പ്രതികരണം.

Image result for kim trump meeting

‘പോണ്‍ സ്റ്റാര്‍’ വിവാദത്തിലും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളിലും വലഞ്ഞിരിക്കുന്ന നേരത്ത് എല്ലാറ്റില്‍ നിന്നുമുള്ള മോചനത്തിനായി ലഭിച്ച മാന്ത്രികവടിയായി ഈ കൂടിക്കാഴ്ചയെ മാറ്റാനും ട്രംപ് ശ്രമിച്ചേക്കും. യുഎസ് സംഘത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവ്, ഉത്തരകൊറിയയുമായി പലതവണ ചര്‍ച്ച നടത്തി പരിചയമുള്ള മൈക്ക് പോംപെ കൂടി ചേരുന്നതോടെ ചര്‍ച്ച ഫലപ്രാപ്തിയിലേക്കെത്തുമെന്നതിന്റെ പ്രതീക്ഷ ശക്തമാകുന്നു.

ആത്യന്തികമായി ഇരുവിഭാഗത്തിനും നേട്ടമാകുന്നതാണ് ഈ കൂടിക്കാഴ്ച. ചര്‍ച്ചയുടെ ഗുണഫലത്തിലേറെയും ഉത്തര കൊറിയയിലേക്കു ‘കൊണ്ടുപോകാനാകും’ കിമ്മിന്റെ ശ്രമം. ലോകത്തിനു മുന്നില്‍ ഉത്തര കൊറിയയ്ക്കുള്ള ‘വില്ലന്‍’ പ്രതിച്ഛായ ഇല്ലാതാക്കുകയെന്നതാണ് ആദ്യലക്ഷ്യം. രാജ്യാന്തരവേദികളില്‍ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ആദ്യപടി കൂടിയാണിത്. നയതന്ത്രപരവും സാമ്പത്തികവുമായ ഉപരോധങ്ങള്‍ കൊണ്ടു വീര്‍പ്പുമുട്ടുകയാണ് ഉത്തര കൊറിയ. അതിനിടെ ജനങ്ങള്‍ക്കു വാഗ്ദാനം നല്‍കിയ സാമ്പത്തിക വളര്‍ച്ചയും കിമ്മിനു പാലിക്കേണ്ടതുണ്ട്.

 

Advertisment