Advertisment

അധികാരവര്‍ഗ്ഗത്തിന്റെ അടിമത്വത്തില്‍ നിന്ന് കര്‍ഷകര്‍ മോചിതരാകണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

New Update

കൊച്ചി: അധികാരവര്‍ഗ്ഗത്തിന്റെ അടിമത്വത്തില്‍ നിന്ന് കര്‍ഷകര്‍ മോചിതരായെങ്കില്‍ മാത്രമേ ഇനി നിലനില്‍പ്പുള്ളൂവെന്നും ഇതിനായി കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിച്ച് കരുത്തുനേടണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ്.

Advertisment

മദ്ധ്യപ്രദേശിലെ മന്‍സോറില്‍ ആറു കര്‍ഷകരെ വെടിവെച്ചു കൊലപ്പെടുത്തിയതിന്റെ സ്മരണയ്ക്കായി സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കര്‍ഷക സംരക്ഷണദിനം ആചരിച്ചു. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ കര്‍ഷക ഉപവാസവും അനുസ്മരണ സമ്മേളനവും നടന്നു. സംസ്ഥാനത്തും വിവിധ കര്‍ഷകസംഘടനകളുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചു.

തുടര്‍ന്ന് സംസ്ഥാനതല കര്‍ഷകനേതൃ വെബ്‌കോണ്‍ഫ്രന്‍സും നടന്നു. നിയമങ്ങളും അധികാരങ്ങളുംകൊണ്ട് കര്‍ഷകനെ കൂച്ചുവിലങ്ങിട്ടിട്ട് ഭക്ഷ്യസുരക്ഷാപദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

കാര്‍ഷികോല്പന്നങ്ങള്‍ക്ക് വിലയില്ല. വന്യമൃഗങ്ങളുടെ അക്രമത്താല്‍ കൃഷി ഉപേക്ഷിക്കുവാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായിരിക്കുന്നു. രാഷ്ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടത്തുന്ന കര്‍ഷകദ്രോഹത്തിന് അറുതിവരുത്താതെ കര്‍ഷകര്‍ രക്ഷപെടില്ലെന്ന് വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ബിനോയ് തോമസ് മോഡറേറ്ററായിരുന്നു. വൈസ് ചെയര്‍മാന്‍ വി.വി.അഗസ്റ്റിന്‍, ദേശീയ സംസ്ഥാന കര്‍ഷകനേതാക്കളായ ഡിജോ കാപ്പന്‍, പി.റ്റി.ജോണ്‍, ഫാ.ജോസ് കാവനാടി, മുതലാംതോട് മണി, അഡ്വ.പി.പി.ജോസഫ്, ജോയി കണ്ണംചിറ, മാര്‍ട്ടിന്‍ തോമസ്, പ്രൊഫ.ജോസുകുട്ടി ഒഴുകയില്‍, കള്ളിയത്ത് അബ്ദുള്‍ സത്താര്‍ ഹാജി, യു.ഫല്‍ഗുണന്‍, അഡ്വ.ജോണ്‍ ജോസഫ്, ജോസ് ആനിത്തോട്ടം, വിളയോടി വേണുഗോപാല്‍, സുരേഷ് കുമാര്‍ ഓടാപന്തിയില്‍, ബേബി സഖറിയാസ്, കെ.ജീവാനന്ദന്‍, ജന്നറ്റ് മാത്യു, ജോയി നിലമ്പൂര്‍, ഷബീര്‍ റ്റി.കൊണ്ടോട്ടി, ഗോവിന്ദ ഭട്ട് കാസര്‍ഗോഡ്, രാജു സേവ്യര്‍, ലാലിച്ചന്‍ ഇളപ്പുങ്കല്‍, ഔസേപ്പച്ചന്‍ ചെറുകാട് എന്നിവര്‍ സംസാരിച്ചു.

വന്യജീവി അക്രമത്താല്‍ ജീവന്‍ പൊലിയുന്ന കര്‍ഷകരുള്‍പ്പെടെ ജനവിഭാഗങ്ങളുടെ എണ്ണം അനുദിനം ഉയരുന്നത് സര്‍ക്കാരുകള്‍ നിസാരവല്‍ക്കരിക്കുകയാണെന്നും വന്യജീവികളെ വനത്തില്‍ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം വനംവകുപ്പ് നിര്‍വഹിക്കുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

kisan mahasang
Advertisment