Advertisment

അഞ്ച് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലേബർ ഉദ്യോഗസ്ഥർക്ക് കിറ്റെക്‌സിന്റെ വക്കീൽ നോട്ടീസ്

New Update

publive-image

Advertisment

കിഴക്കമ്പലം: അഞ്ച് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലേബർ ഉദ്യോഗസ്ഥർക്ക് കിറ്റെക്‌സ് വക്കീൽ നോട്ടീസ് അയച്ചു. ലോകത്തിലെ തന്നെ പ്രമുഖ വസ്ത്ര നിർമ്മാണ കമ്പനിയായ കിറ്റെക്‌സിന്റെ പ്രശസ്തിക്ക് പൊതുജനമദ്ധ്യത്തിലും ഓഹരി ഉടമകൾക്കിടയിലും കളങ്കം ഉണ്ടാക്കുംവിധം രാഷ്ട്രീയ താൽപര്യത്തോടെ അധികാര ദുർവിനിയോഗം നടത്തി എന്ന് സൂചിപ്പിച്ചുകൊണ്ടാണ് വക്കീൽ നോട്ടീസ്.

എറണാകുളം ജില്ലാ ലേബർ ഓഫീസർ പി.എം ഫിറോസ്, പെരുമ്പാവൂർ അസിസ്റ്റന്റ് ലേബർ ഓഫീസർ കെ.ബി ജയപ്രകാശ് എന്നിവർക്കാണ് ഹൈകോടതി അഭിഭാഷകൻ ബ്ലെയ്‌സ് കെ.ജോസ് മുഖേന കിറ്റെക്‌സ് മാനേജ്‌മെന്റ് വക്കീൽ നോട്ടീസ് അയച്ചത്.

പുതുക്കിയ മിനിമം കൂലി ഹൈകോടതി സ്റ്റേ ചെയ്തിരിക്കെ കിറ്റെക്‌സ് മിനിമം കൂലി നൽകുന്നില്ലെന്ന അവാസ്തവ പ്രസ്താവനയാണ് ലേബർ ഓഫീസർ മാധ്യമങ്ങളിലൂടെ നടത്തുകയും 73 നിയമലംഘനങ്ങൾ കിറ്റെക്‌സിൽ നടക്കുന്നുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തത്. പിന്നീട് ഹൈകോടതി സ്റ്റേ ചെയ്ത മിനിമം കൂലി നടപ്പാക്കാൻ ആവശ്യപ്പെട്ടത്,

കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ തൊഴിൽ വകുപ്പ് സെക്രട്ടറിയും ലേബർ ഓഫീസറും നോട്ടീസിൻമേലുള്ള നടപടി മരവിപ്പിക്കുകയായിരുന്നു. തുടർന്നും മാധ്യമങ്ങളിലൂടെ രാഷ്ട്രീയ നേതാക്കളെ പിന്തുണയ്ക്കുന്ന തരത്തിൽ കിറ്റെക്‌സിൽ നിയമലംഘനം നടന്നുവെന്ന് ലേബർ ഓഫീസർ എന്ന നിലയിൽ പ്രതികരിച്ചത് സത്യവിരുദ്ധമായ കാര്യങ്ങളാണ്.

ഇത് കൂടാതെ കമ്പനിയെ മനപൂർവ്വം അപകീർത്തിപ്പെടുത്താൻ ദേശാഭിമാനി പത്രത്തിനും, ചില രാഷ്ട്രീയ നേതാക്കൾക്കും യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ ദുരുദ്ദേശത്തോടെ വകുപ്പുതല റിപ്പോർട്ട് ചോർത്തി നൽകുകയും ചെയ്തു.

ഇത് മൂലം കമ്പനിയുടെ സൽപേരിനുണ്ടായ കളങ്കം ചെറുതല്ല. ലേബർ ഓഫീസർമാർ നടത്തിയ അവാസ്തവ പ്രസ്താവന 15 ദിവസത്തിനുള്ളിൽ പിൻവലിക്കണമെന്നും നഷ്ടപരിഹാര തുകയായി 5 കോടി നൽകണമെന്നുമാവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ്.

kitex
Advertisment