Advertisment

ഒരു മതത്തേയും ഇതില്‍ വലിച്ചിഴക്കേണ്ടതില്ല. മറ്റാരെങ്കിലും വേറെ ഏതെങ്കിലും മതത്തെപ്പറ്റി പറയും ; ഹിന്ദുത്വ ഭീകരര്‍' പരാമര്‍ശത്തില്‍ പ്രകോപിതനായി വെങ്കയ്യ നായിഡു , കേസുകള്‍ എണ്ണിപ്പറഞ്ഞ് കെ.കെ രാഗേഷ് എം.പി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : രാജ്യസഭയില്‍ സി.പി.ഐ.എം എം.പി കെ.കെ രാഗേഷിന്റെ ‘ഹിന്ദുത്വ ഭീകരര്‍’ എന്ന പ്രയോഗത്തില്‍ പ്രകോപിതനായി രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു. ദേശീയ അന്വേഷണ ഏജന്‍സി ഭേദഗതി ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം.

Advertisment

ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഭാഗമായ ഭീകരവാദ കേസുകളില്‍ എന്‍.ഐ.എ സ്വീകരിച്ച നിലപാടുകള്‍ ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്ന് കെ.കെ രാഗേഷ് സഭയില്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് വെങ്കയ്യ നായിഡു പ്രകോപിതനായത്.

publive-image

‘ഒരു മതത്തേയും ഇതില്‍ വലിച്ചിഴക്കേണ്ടതില്ല. മറ്റാരെങ്കിലും വേറെ ഏതെങ്കിലും മതത്തെപ്പറ്റി പറയും’ എന്നു പറഞ്ഞ് വെങ്കയ്യ നായിഡു പ്രസംഗത്തിനിടെ ഇടപെടുകയായിരുന്നു.

എന്നാല്‍ ഹിന്ദുത്വ എന്നത് ഒരു മതമല്ലെന്ന് കെ.കെ രാഗഷ് ഉടന്‍ മറുപടി നല്‍കി. ‘ഹിന്ദുയിസത്തെയല്ല താന്‍ കുറ്റപ്പെടുത്തുന്നത്. ഇസ്‌ലാമിസ്റ്റ് ഭീകരവാദമുണ്ട്, ഹിന്ദുത്വ ഭീകരവാദവുമുണ്ട്. ‘ എന്നും രാഗേഷ് പ്രതികരിച്ചു.

തുടര്‍ന്ന് ഹിന്ദുത്വ ഗ്രൂപ്പുകള്‍ പ്രതിസ്ഥാനത്തുവന്ന കേസുകള്‍ എടുത്തുപറഞ്ഞ് രാഗേഷ് വെങ്കയ്യ നായിഡുവിന് മറുപടി നല്‍കുകയും ചെയ്തു. ‘മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലും അജ്മീര്‍ ശരീഫ് സ്‌ഫോടനക്കേസിലും സംഭവിച്ചതെന്താണ്. മുസ്‌ലിം ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ പ്രതികള്‍ പിടിക്കപ്പെടുന്നില്ല.’ എന്നും രാഗേഷ് പറഞ്ഞു.

ഇതിനിടയിലും വെങ്കയ്യ നായിഡു ഇടപെട്ടു. ‘ഒരു മതവിഭാഗത്തിന്റെ പേരും സഭാ രേഖകളില്‍ രേഖപ്പെടുത്തില്ല. നിങ്ങള്‍ക്ക് പറയേണ്ടത് പറയാം’ എന്നായിരുന്നു നായിഡു പറഞ്ഞത്.

എന്നാല്‍ മലേഗാവ് സ്‌ഫോടനക്കേസിന്റെ കാര്യവും രാഗേഷ് ചൂണ്ടിക്കാട്ടി. ഹിന്ദുത്വ ഭീകരസംഘടനയുടെ നേതാവായ ഈ കേസിലെ മുഖ്യപ്രതിയെ വിട്ടയക്കുന്ന രീതിയാണ് എന്‍.ഐ.എ സ്വീകരിച്ചത്. പിന്നീട് എന്‍.ഐ.എയുടെ നിലപാട് കോടതി റദ്ദാക്കുകയായിരുന്നു. കേസ് ദുര്‍ബലപ്പെടുത്താന്‍ എന്‍.ഐ.എ സമ്മര്‍ദ്ദം ചെലുത്തുന്നതായി പബ്ലിക് പ്രോസിക്യൂട്ടര്‍ക്കുപോലും പരസ്യമായി പറയേണ്ടിവന്നെന്നും രാഗേഷ് വ്യക്തമാക്കി.

കേസിലെ പ്രധാന പ്രതിയുടെ ജാമ്യാപേക്ഷ പോലും എന്‍.ഐ.എ എതിര്‍ത്തില്ല. 68 നിരപരാധികള്‍ ക്രൂരമായി കൊല്ലപ്പെട്ട സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസിന് എന്തു സംഭവിച്ചു. ഒരു പ്രത്യേക ഭീകരവാദ ഗ്രൂപ്പിനെതിരെ കേസുവരുമ്പോള്‍ അന്വേഷണം നിര്‍ത്തിവെക്കുന്നു. അല്ലെങ്കില്‍ മയപ്പെടുത്തുന്നു. അതാണ് എന്‍.ഐ.എ സ്വാധീനിക്കപ്പെടുന്നുണ്ടെന്ന് പറയാന്‍ കാരണം. മേല്‍പറഞ്ഞ കേസുകളിലെല്ലാം മുസ്‌ലീങ്ങളാണ് ആക്രമിക്കപ്പെട്ടതെന്നും രാഗേഷ് ചൂണ്ടിക്കാട്ടി.

ഈ വേളയിലും വെങ്കയ്യ നായിഡു ഇടപെടുകയും ഈ പരാമര്‍ശവും രേഖപ്പെടുത്തില്ലെന്ന് പറയുകയും ചെയ്തു.

Advertisment