Advertisment

സർവേകളിൽ ഇടതു മുന്നേറ്റം എന്നു പറഞ്ഞതോടെ പ്രതിപക്ഷ നേതാവിന് ഭയം: മന്ത്രി കെ.കെ ശൈലജ

New Update

publive-image

Advertisment

എലിക്കുളം: സംസ്ഥാനത്ത് ഇടതു തുടർഭരണം ഉണ്ടാകുമെന്ന സർവേ ഫലം പുറത്തു വന്നതോടെ പ്രതിപക്ഷ നേതാവിനു ഭയമായെന്നു മന്ത്രി കെ.കെ ശൈലജ. സർവേകൾക്കെതിരെ ഇപ്പോൾ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ്. സർവേകളിൽ ഇടതു മുന്നേറ്റമെന്നു പറയുമ്പോൾ നമ്മൾ അഭിരമിക്കുന്നില്ലെന്നും അവർ പറഞ്ഞു. പാലാ നിയോജക മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എലിക്കുളത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

മാധ്യമങ്ങൾ വലിയ സർവേയാണ് നടത്തുന്നത്. യുഡിഎഫിനെ സഹായിക്കുന്നതിനു വേണ്ടിയാണ് ഈ സർവേകൾ നടത്തുന്നത്. സർവേ വരട്ടെ, പോട്ടെ. എന്ത് സർവേ വന്നാലും കേരളത്തിലെ ജനങ്ങൾക്ക് ഈ സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായി അറിയാം. നാട്ടിലെ ജനങ്ങൾക്ക് കൊവിഡ് കാലത്ത് സർക്കാർ എന്തു ചെയ്തു കൊടുത്തുവെന്നു കൃത്യമായി അറിയാം.

കൊവിഡ് പ്രതിസന്ധിക്കാലത്തും പട്ടിണിയില്ലാതെ കഴിയാൻ ഇട നൽകിയ, സൗജന്യ ചികിത്സ നൽകിയ, സാധാരണക്കാർക്കൊപ്പം നിന്ന സർക്കാരിനെ അവർ കൈവിടില്ല. ലോകം മുഴുവൻ കൊവിഡ് കാലത്ത് കേരളത്തെ ഉറ്റുനോക്കുകയായിരുന്നു. ലോകത്ത് മുഴുവൻ കൊവിഡ് മരണങ്ങൾ വർദ്ധിച്ചപ്പോഴും, ഒരാളും കൊവിഡ് ബാധിച്ച് ചികിത്സ ലഭിക്കാതെ മരിക്കരുതെന്ന ദൃഢനിശ്ചമായിരുന്നു സർക്കാരിന്. ഇതിനു ഫലം കാണുകയും ചെയ്തു.

എങ്ങിനെയാണ് ഇത്രയും ദുരന്തങ്ങളെ അതിജീവിച്ച ഗവൺമെന്റ് ജനങ്ങളെ കരുതലോടെ ചേർത്തു പിടിച്ചതെന്ന ചോദ്യമാണ് വിദേശ രാജ്യങ്ങളിൽ നിന്നടക്കം ഉയരുന്നത്. ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും കേരളം പിടിച്ചു നിന്നു. എന്തൊരു കൂട്ടായ്മയാണ് കേരളത്തിലെ ജനങ്ങൾ കാണിച്ചത്. എന്നിട്ടും പ്രതിപക്ഷം നമ്മളെ കടന്നാക്രമിക്കുകയായിരുന്നുവെന്നും കെ.കെ ഷൈലജ പറഞ്ഞു.

publive-image

യോഗത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയും പങ്കെടുത്തു. എലിക്കുളത്ത് എത്തിയ ശൈലജ ടീച്ചറിന് ഉജ്ജ്വല വരവേൽപ്പാണ് നൽകിയത്. എൽഡിഎഫ് വൻ വിജയം നേടുമെന്ന് അവർ പറഞ്ഞു. എൽഡിഎഫ് എലിക്കുളംമണ്ഡലം സെക്രട്ടറി കെ.സി സോണി അദ്ധ്യക്ഷത വഹിച്ചു.

യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് സാജൻ തൊടുക സ്വാഗതം ആശംസിച്ചു. എൽഡിഎഫ് പാലാ മണ്ഡലം സെക്രട്ടറി ലാലിച്ചൻ ജോർജ്, പ്രൊഫ. ലോപ്പസ് മാത്യു, എസ് ഷാജി, ഫിലിപ്പ് കുഴികുളം, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളായ തങ്കമ്മ ജോർജ്ജ്കുട്ടി, രമാ മോഹൻ, കൃഷ്ണകുമാരി രാജശേഖരൻ, കേരള കോൺഗ്രസ് മഹിളാ വിഭാഗം നേതാവ് പെണ്ണമ്മ ജോസഫ്, വിവി ഹരികുമാർ, പ്രൊഫ. എം.കെ രാധാകൃഷ്ണൻ, തോമസ് കുട്ടി വട്ടയ്ക്കാട്ട്, രാജൻ ആരംപുളിക്കൽ, ബെറ്റി റോയി, ജോണി എറത്ത്, സെൽവി വിത്സൺ, സിനി ജോയ്, ആശാ മോൾ, ദീപ ശ്രീജേഷ്, ഷേർലി അന്ത്യാംകുളം, സൂര്യാ മോൾ, അഖിൽ അപ്പുക്കുട്ടൻ, ജിമ്മിച്ചൻ ഈറ്റത്തോട്ട്, മഹേഷ് ചെത്തിമറ്റം, ആഗസ്തി പേഴുംതോട്ടം, ജോസ് അയർക്കുന്നം എന്നിവർ നേതൃത്വം നൽകി. എസ്. രാജു നന്ദി രേഖപ്പെടുത്തി

jose k mani kottayam news kk shailaja teacher
Advertisment