Advertisment

നിപയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച താല്‍ക്കാലിക ജീവനക്കാരെ നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് കെ.കെ ശൈലജ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച താല്‍ക്കാലിക ജീവനക്കാരെ നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സമരം ചെയ്യുന്ന ജീവനക്കാരെ ഒരു ബ്രേക്ക് കൊടുത്ത് വീണ്ടും എടുത്ത് താല്‍ക്കാലികമായി തന്നെ അവിടെ നിര്‍ത്താനാണ് ശ്രമമെന്നും ശൈലജ പറഞ്ഞു. കെ.എല്‍.എഫില്‍ ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

Advertisment

publive-image

പിരിച്ചുവിട്ടതിനെതിരെ ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

നിപ വാര്‍ഡില്‍ പ്രവര്‍ത്തിച്ചവരേയും ഐസൊലേഷന്‍ വാര്‍ഡ് സെറ്റ് ചെയ്യാന്‍ സഹായിച്ചവരേയുമൊക്കെ ഈ രീതിയില്‍ നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. അതേസമയം താത്കാലിക ജീവനക്കാരായെടുത്ത മുഴുവന്‍ പേരേയും നിലനിര്‍ത്തുക എന്നത് പ്രായോഗികമല്ലെന്നും അവര്‍ വ്യക്തമാക്കി.

‘നിപയുടെ കാലത്ത് ജോലി ചെയ്തവരെ മുഴുവന്‍ സ്ഥിരപ്പെടുത്തണമെന്ന ഒരു ധാരണ ആരോഗ്യ വകുപ്പ് കൊണ്ടുവന്നിരുന്നു. അതിനാവശ്യമായ ഫയല്‍ നീക്കമൊക്കെ ആരോഗ്യ വകുപ്പ് നടത്തുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോള്‍ താല്‍ക്കാലികമായി ജോലി ചെയ്തിരുന്നവരെ സ്ഥിരപ്പെടുത്തുന്നതിനെതിരായി ഒരു സുപ്രീം കോടതി വിധിയുണ്ട്. അതുകൊണ്ട് നിയമപരമായി ഇവരെ സ്ഥിരപ്പെടുത്താന്‍ നമുക്ക് സാധിച്ചില്ല.

നിപയുടെ കാലത്ത് ജോലി ചെയ്തിരുന്ന അവരെ നമ്മള്‍ ആദരിച്ചു. സ്വാഭാവികമായും ഒരു സ്ഥാപനമെന്ന നിലയില്‍ താത്കാലികമായ ഒരു ഘട്ടത്തില്‍ എടുത്ത മുഴുവന്‍ ആളുകളേയും അവിടെ ഉള്‍ക്കൊള്ളുക എന്നത് അസാധ്യമായ കാര്യമാണ്. എന്നിട്ടും നിപയുമായി ബന്ധപ്പെട്ട് ജോലി ചെയ്ത ആരെയും ഒഴിവാക്കരുത് എന്നാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. അവരെ സ്ഥിരപ്പെടുത്തുന്ന കാര്യത്തില്‍ നമുക്ക് ഒന്നുകൂടി പരിശ്രമിച്ചു നോക്കാം’ കെ.കെ ശൈലജ പറഞ്ഞു.

ഒരു തവണ ക്യാബിനറ്റ് നോട്ട് വരെ ആക്കി കൊണ്ടുവന്നതാണ്. നിയമപരമായ കാരണങ്ങളാല്‍ സാധിച്ചില്ല. നമ്മള്‍ എത്ര ബുദ്ധിമുട്ട് സഹിച്ചാലും അവരെ ആരെയും ഒഴിവാക്കേണ്ട എന്ന നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Advertisment