Advertisment

കാറിന്റെ ഡോര്‍ ബലമായി തുറന്ന് മാസ്‌ക് മാറ്റി ചിലര്‍ അകത്തേക്ക് ചുമച്ചു; ഡോക്ടറും രണ്ട് നഴ്‌സുമാരും ടെക്‌നീഷ്യനുമാണ് കാറിലുണ്ടായിരുന്നത്; ഡ്രൈവര്‍ കാര്‍ വിന്‍ഡോ താഴ്ത്തിയപ്പോഴാണ് ഒരാള്‍ അകത്തേക്കു തലയിട്ടു ചുമച്ചത്; ഞങ്ങള്‍ക്കു കോവിഡ് ഉണ്ടെങ്കില്‍ അതു നിങ്ങള്‍ക്കും ബാധിച്ചിട്ടുണ്ടാകുമെന്ന് അയാള്‍ പറഞ്ഞു;  ലോകത്ത് ഒരിടത്തും ജീവന്‍ രക്ഷിക്കാന്‍ വേണ്ടി എത്തിച്ചേരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്രയും ഹീനമായ പെരുമാറ്റം ഉണ്ടായിട്ടില്ല; വല്ലാത്തൊരവസ്ഥയാണിത്; ആരോഗ്യമന്ത്രിയുടെ കുറിപ്പ്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : കോവിഡ് പ്രതിരോധം അട്ടിമറിക്കുന്ന തരത്തിലുള്ള നടപടികൾക്കെതിരെ രൂക്ഷ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പൂന്തുറയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന തരത്തില്‍ ചിലര്‍ നിരത്തിലിറങ്ങിയത് അത്യന്തം വേദനാജനകമായ സംഭവമാണ്. സ്വന്തം ജീവന്‍ പോലും പണയംവച്ച് രാപകലില്ലാതെ തമ്പടിച്ച ആരോഗ്യ പ്രവര്‍ത്തകരെപ്പോലും ആക്രമിക്കാനൊരുങ്ങിയെന്നു മന്ത്രി സമൂഹമാധ്യമത്തിലെ കുറിപ്പിൽ കുറ്റപ്പെടുത്തി.

Advertisment

publive-image

കെ.കെ.ശൈലജയുടെ കുറിപ്പ്:

പൂന്തുറയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന തരത്തില്‍ ചിലര്‍ നിരത്തിലിറങ്ങിയത് അത്യന്തം വേദനാജനകമായ സംഭവമാണ്. തിരുവനന്തപുരം ജില്ലയില്‍ 129 പേര്‍ക്കാണ് പുതുതായി കോവിഡ് രോഗബാധയുണ്ടായത്. അതില്‍ 122 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 17 പേര്‍ക്ക് എവിടെനിന്നു രോഗം ബാധിച്ചുവെന്ന ഉറവിടം പോലും അറിയില്ല. ഇതില്‍ ബഹുഭൂരിപക്ഷവും പൂന്തുറയില്‍ നിന്നാണെന്നറിയുക. ഇത്രയും ഗുരുതരമായ അവസ്ഥ നില്‍ക്കുന്ന സമയത്താണ് പൂന്തുറയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ തെരുവിലിറക്കിയത്.

എന്തിന് അവരുടെ ജീവന്‍ രക്ഷിക്കാനായി സ്വന്തം ജീവന്‍ പോലും പണയംവച്ച് രാപകലില്ലാതെ തമ്പടിച്ച ആരോഗ്യ പ്രവര്‍ത്തകരെപ്പോലും ആക്രമിക്കാനൊരുങ്ങി. ഇവരുടെ പ്രവര്‍ത്തനത്തില്‍ ചില ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് ക്വാറന്റീനില്‍ പോകേണ്ടതായും വന്നു. കാറിന്റെ ഡോര്‍ ബലമായി തുറന്ന് മാസ്‌ക് മാറ്റി ചിലര്‍ അകത്തേക്ക് ചുമയ്ക്കുന്ന സ്ഥിതിയുണ്ടായി. വല്ലാത്തൊരവസ്ഥയാണിത്. ലോകത്ത് ഒരിടത്തും ജീവന്‍ രക്ഷിക്കാന്‍ വേണ്ടി എത്തിച്ചേരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്രയും ഹീനമായ പെരുമാറ്റം ഉണ്ടായിട്ടില്ല.

സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. മറ്റ് സംസ്ഥാനങ്ങളില്‍ രോഗം പടര്‍ന്ന് പിടിച്ചപ്പോഴും നമ്മളെ സുരക്ഷിതമായി നിര്‍ത്തിയത് നമ്മുടെ ആരോഗ്യ സംവിധാനവും ആരോഗ്യ പ്രവര്‍ത്തകരുമാണ്. അതിനാല്‍ അവരുടെ മനോനില തകര്‍ക്കുന്ന ഒരു പ്രവണതയും അംഗീകരിക്കാന്‍ കഴിയില്ല. ശരിക്കും പറഞ്ഞാല്‍ പൊതുജനങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കേണ്ടത്.

പൂന്തുറയിലും മറ്റുമേഖലയിലും മഹാഭൂരിപക്ഷം സഹോദരങ്ങളും ആത്മാർഥമായി സഹകരിക്കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നവരാണ്. ആരൊക്കെയോ ദുഷ്ടലാക്കോടെ പ്രേരിപ്പിച്ചാണ് ചുരുക്കം ചിലര്‍ ഇതിനെതിരായി പ്രവര്‍ത്തിക്കുന്നത്. ഓര്‍ക്കുക നമുക്ക് വേണ്ടിയാണ് സ്വന്തം കുടുംബവും ആരോഗ്യവും പോലും നോക്കാതെ രാപകലില്ലാതെ ആരോഗ്യ പ്രവര്‍ത്തകരും പൊലീസുമെല്ലാം കഷ്ടപ്പെടുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നമുക്കെല്ലാവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം നില്‍ക്കാം.

തിരുവനന്തപുരം നഗരത്തിൽ കോവിഡ് അതിവേഗം വ്യാപിക്കുന്ന പ്രദേശങ്ങളിൽ പഴുതടച്ച രോഗപ്രതിരോധ മാർഗങ്ങൾ നടപ്പാക്കുമ്പോൾ ചിലർ തെറ്റായ പ്രചാരണവും അട്ടിമറി നീക്കവുമായി ഇറങ്ങിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തിയിരുന്നു. സ്വർണക്കടത്തിന്റെ മറവിൽ എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ അക്രമാസക്ത സമരം മനുഷ്യജീവനു നേരെയുള്ള വെല്ലുവിളിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ചൂണ്ടിക്കാട്ടി.

വെള്ളിയാഴ്ച കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡ്യൂട്ടിക്കെത്തിയ യുവവനിതാ ഡോക്ടര്‍ക്കു ദുരനുഭവം ചൂണ്ടിക്കാട്ടിയാണു മന്ത്രിയുടെ പോസ്റ്റ്. ഹെല്‍ത്ത് സെന്ററിന്റെ ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നു. പെട്ടെന്ന് അമ്പതോളം ആളുകള്‍ തടിച്ചുകൂടി. അവിടെ പ്രതിഷേധമുണ്ടെന്ന് അറിയില്ലായിരുന്നു.

ഡോക്ടറും രണ്ട് നഴ്‌സുമാരും ടെക്‌നീഷ്യനുമാണ് കാറിലുണ്ടായിരുന്നത്. ഡ്രൈവര്‍ കാര്‍ വിന്‍ഡോ താഴ്ത്തിയപ്പോഴാണ് ഒരാള്‍ അകത്തേക്കു തലയിട്ടു ചുമച്ചത്. ഞങ്ങള്‍ക്കു കോവിഡ് ഉണ്ടെങ്കില്‍ അതു നിങ്ങള്‍ക്കും ബാധിച്ചിട്ടുണ്ടാകുമെന്നും അയാള്‍ പറഞ്ഞു. ഞെട്ടിപ്പോയെന്നു വനിതാ ഡോക്ടര്‍ പറഞ്ഞു.

kk shylaja latest news all news faceook post
Advertisment