Advertisment

പീരുമേട്ടില്‍ ബിജിമോള്‍ മാറുന്ന ഒഴിവില്‍ മത്സരിക്കാന്‍ സിപിഐയില്‍ കൂട്ടയടി ! തോട്ടം തൊഴിലാളി നേതാവ് വാഴൂര്‍ സോമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ജോസ് ഫിലിപ്പ് എന്നിവര്‍ സീറ്റിനായി രംഗത്ത് ! സീറ്റിന് ആവശ്യക്കാര്‍ കൂടുതലെങ്കില്‍ ജില്ലാ സെക്രട്ടറി കെകെ ശിവരാമന് സാധ്യത. രാഷ്ട്രീയത്തിലെ ക്ലീന്‍ ഇമേജ് ശിവരാമന് തുണയായി. വനിതകള്‍ വേണ്ടെന്നും സിപിഐയില്‍ ധാരണ !

New Update

publive-image

Advertisment

ഇടുക്കി: തുടര്‍ച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച ഇ എസ് ബിജിമോളെ മത്സരരംഗത്തു നിന്നും ഒഴിവാക്കിയതോടെ പീരുമേട് മണ്ഡലത്തില്‍ പുതുമുഖത്തെ പരീക്ഷിക്കാനൊരുങ്ങി സിപിഐ. ജില്ലയിലെ മുതിര്‍ന്ന നേതാവും ജില്ലാ സെക്രട്ടറിയുമായ കെ കെ ശിവരാമനെയാണ് സിപിഐ ഇവിടെ പരിഗണിക്കുന്നത്.

മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനമാണ് ബിജിമോള്‍ക്ക് തിരിച്ചടിയായത്. കഴിഞ്ഞ തവണ 314 വോട്ടിനാണ് ബിജിമോള്‍ വിജയിച്ചത്.

വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ചെയര്‍മാനും തോട്ടം തൊഴിലാളി നേതാവുമായ വാഴൂര്‍ സോമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ്, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും മുന്‍ മണ്ഡലം സെക്രട്ടറിയുമായ ജോസ് ഫിലിപ്പ് എന്നിവരുടെ പേരുകളാണ് നേരത്തെ പരിഗണിച്ചിരുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ശുഭേഷ് സുധാകരനെയും ഇവിടെ പരിഗണിച്ചിരുന്നു.

അതിനിടെ വനിതാ സ്ഥാനാര്‍ത്ഥി മാറുന്നതിനാല്‍ പകരം വനിതാ സ്ഥാനാര്‍ഥിയെന്ന നിലയില്‍ ജില്ലാ പഞ്ചായത്ത് അംഗം ആശാ ആന്റണി, മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും രണ്ട് തവണ കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന മോളി ഡൊമിനിക്ക് എന്നിവരുടെ പേരുകളും പട്ടികയിലുണ്ടായിരുന്നു.

എന്നാല്‍ കൂടുതല്‍ പേര്‍ മത്സരിക്കാന്‍ സന്നദ്ധരായതോടെ സമവായ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം ഉയരുകയായിരുന്നു. ഇതാണ് കെകെ ശിവരാമന്റെ പേര് ഉയരാന്‍ കാരണമായത്. സിപിഐ സെക്രട്ടറിയെന്നതും ഇടതുമുന്നണി ജില്ലാ കണ്‍വീനറെന്നതും കെ കെ ശിവരാമന് മുന്‍ഗണനയായി.

രാഷ്ട്രീയത്തിലെ ക്ലീന്‍ ഇമേജും ശിവരാമന് തുണയായി. ശിവരാമന്‍ മത്സരിക്കാന്‍ സന്നദ്ധനല്ലെങ്കില്‍ മാത്രം മറ്റൊരാളെ പരിഗണിച്ചാല്‍ മതിയെന്നാണ് സിപിഐയില്‍ തത്വത്തില്‍ ധാരണയായിരിക്കുന്നത്.

2006 ഒക്ടോബറില്‍ ആര്‍ ശ്രീധരന്റെ മരണത്തോടെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായ ശിവരാമന്‍ പിന്നീട് നാല് തവണ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 68 കാരനായ ശിവരാമന്‍ 1970ലാണ് സിപിഐ അംഗമാകുന്നത്.

ഇളംദേശം ബി ഡി സി ചെയര്‍മാനും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. ജനയുഗം ദിനപത്രത്തിന്റെ ജില്ലാ ലേഖകനായിരിക്കെ ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതിനിടെ മണ്ഡലത്തില്‍ നിന്നുള്ളവരെ പരിഗണിക്കണമെന്ന ആവശ്യം സിപിഐ പ്രാദേശിക ഘടകങ്ങള്‍ മുമ്പോട്ടു വച്ചിട്ടുണ്ട്. 15 വര്‍ഷത്തിനു ശേഷം ലഭിക്കുന്ന സീറ്റില്‍ മത്സരിക്കാന്‍ പല നേതാക്കളും നേരത്തെ തന്നെ ആഗ്രഹിച്ചിരുന്നു. ഇവരില്‍ പ്രമുഖനായ ട്രേഡ് യൂണിയന്‍ നേതാവാണ് പ്രാദേശിക വാദത്തിന് പിന്നിലെന്നാണ് സൂചന.

idukki news
Advertisment