Advertisment

മാസം പൂര്‍ത്തിയാകാതെ നിങ്ങളുടെ പങ്കാളിക്ക് പ്രസവിക്കേണ്ടി വരുമെന്ന് ഭര്‍ത്താവിനെ ഭയപ്പെടുത്തുന്നത് മെഡിക്കല്‍ കോളേജ് അധികൃതരാണ്; പ്രാകൃതവും ക്രൂരവുമാക്കി കൊവിഡ് കാലത്തെ കേരളത്തിലെ ആരോഗ്യസംവിധാനങ്ങളെ മാറ്റിയവരാണ് അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങളില്‍ കേരള മോഡല്‍ റോക്‌സ്റ്റാര്‍ കളിക്കാന്‍ ശ്രമിച്ചത്: ആരോഗ്യവകുപ്പിനെതിരെ ആഞ്ഞടിച്ച് കെ.എം. ഷാജി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: മൂന്ന് ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭിണിയുടെ ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ ആഞ്ഞടിച്ച് മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ കെ.എം. ഷാജി. കൊവിഡ് വന്നതോടെ മറ്റെല്ലാ മനുഷ്യാവകാശങ്ങള്‍ക്കും ലോകത്തിലെ ഏകാധിപതികള്‍ ഭ്രഷ്ട് കല്പിച്ചത് പോലെ കോവിഡല്ലാത്ത മുഴുവന്‍ രോഗങ്ങള്‍ക്കും ചികിത്സ നിഷേധിക്കപ്പെടുകയാണ് കേരളത്തിലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു കെ.എം.ഷാജിയുടെ പ്രതികരണം.

Advertisment

publive-image

ഫേസ്ബുക്ക് പോസ്റ്റിലേക്ക്...

നമ്പർ 1 കേരള ആരോഗ്യ മോഡലിന്റെ ഒരു ചിത്രം; മഹാ ശാസ്ത്ര വിവര ബോധമുള്ള ശാസ്ത്രസാഹിത്യ പരിഷത്തുകാരുടെ അതിശയിപ്പിക്കുന്ന കണ്ടെത്തലുകൾ കൊണ്ട് ലോകത്തെ ഇളക്കി മറിക്കുന്ന കേരള മോഡലിന്റെ കവർ ചിത്രം!!

ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ കോവിഡ് പോസിറ്റീവായ ഗർഭിണികളുടെ അവസ്ഥയെ കുറിച്ച് വിവരങ്ങൾ ശേഖരിച്ച് ഗവേഷണം നടത്തിയ ലോകാരോഗ്യ സംഘടനയിലെയും ലോക പ്രശസ്ത യൂണിവേഴ്സിറ്റികളിലെയും ഗവേഷകരുടെ നിർദ്ദേശങ്ങൾക്കോ നിയമാവലികൾക്കോ ഈ

കേരള മോഡലിനകത്ത് സ്ഥാനമില്ല.

14 മണിക്കൂർ ചികിത്സ നിഷേധിക്കപ്പെട്ട്, രണ്ട് നവജാത ശിശുക്കൾ മരണപ്പെട്ട മലപ്പുറത്ത് നിന്നുള്ള വാർത്തയുടെ ഭീകരത എല്ലാ ആഗോള ശാസ്ത്ര ഗവേഷണ-നിർദേശങ്ങൾക്കും വിരുദ്ധമായ, കോവിഡ് സംബന്ധിച്ച് ഇപ്പോഴും നമ്മുടെ ആരോഗ്യ സംവിധാനത്തെ ഭരിക്കുന്ന അജ്ഞതയുടെ ഭീകരത കൂടിയാണ് വ്യക്തമാക്കുന്നത്.

'മാസം പൂർത്തിയാകാതെ നിങ്ങളുടെ പങ്കാളിക്ക് പ്രസവിക്കേണ്ടിവരുമെന്ന്' ഭർത്താവിനെ ഭയപ്പെടുത്തുന്നത് മെഡിക്കൽ കോളേജ് അധികൃതരാണ്!!

കോവിഡ് മൂലമുണ്ടാകുന്ന സമ്മർദ്ദവും ഉത്കണ്ഠയും ഗർഭിണിക്ക് മാത്രമല്ല, അവരുടെ കുടുംബങ്ങൾക്കും അനുഭവപ്പെടാം എന്നിരിക്കേ, അവരർഹിക്കുന്ന അനുകമ്പാപരമായ പ്രതികരണം പോലും നൽകാതിരിക്കാൻ മാത്രം പ്രാകൃതവും ക്രൂരവുമാക്കി കോവിഡ് കാലത്തെ കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളെ മാറ്റിയവരാണ് അന്താരാഷ്ട്ര വാർത്ത മാധ്യമങ്ങളിൽ കേരള മോഡൽ റോക്‌സ്‌റ്റാർ കളിക്കാൻ ശ്രമിച്ചിരുന്നത്!!

ഗർഭിണിയായ സ്ത്രീയുടെ പ്രസവിക്കാനുള്ള മനുഷ്യാവകാശമാണ് 14 മണിക്കൂർ നിഷേധിക്കപ്പെട്ടത്!!

കോവിഡ് വന്നതോടെ മറ്റെല്ലാ മനുഷ്യാവകാശങ്ങളും ലോകത്തിലെ ഏകാധിപതികൾ റദ്ദ് ചെയ്തത് പോലെ കോവിഡല്ലാത്ത മുഴുവൻ രോഗങ്ങൾക്കും ചികിത്സ നിഷേധിക്കപ്പെടുകയാണ് കേരളത്തിൽ. കോവിഡ് സെൻററുകൾ മാത്രമാക്കി മെഡിക്കൽ കോളേജുകളെയും പ്രധാന ഹോസ്പിറ്റലുകളേയും മാറ്റിയ, തികച്ചും അശാസ്ത്രീയമായ കോവിഡ് പ്രതിരോധത്തിന്റെ ദുരന്ത ഫലം.

കഴിഞ്ഞ 6 മാസക്കാലമായി സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ അടിയന്തിര ശസ്ത്രക്രിയകൾ ചെയ്യാൻ സാധിക്കാത്തത് മൂലം മരണപ്പെട്ടവർ എത്ര പേരെന്ന് ഗവൺമെന്റിന് അറിയുമോ?!

ഹൃദ്രോഗം,കിഡ്‌നി രോഗങ്ങൾ, കാൻസറുൾപ്പെടെ ശരിയായ ചികിത്സ കിട്ടാതെ ആളുകൾ മരിച്ചതിന്റെ കണക്ക് സർക്കാരിന്റെ കയ്യിലുണ്ടോ ?l

എന്ത് ചോദിച്ചാലും ഈ മഹാമാരി കാലത്തോ എന്ന് സൂത്രത്തിൽ മറ്റെല്ലാത്തിനേയും റദ്ദ് ചെയ്യുന്ന ചോദ്യവുമായി ഇനിയുമെത്ര പേരെയാണ് നിങ്ങൾ മരണത്തിലേക്കെറിയുന്നത് ?!

ഒരു പകർച്ചവ്യാധിക്കാലത്ത് കാണിക്കേണ്ട സൂക്ഷ്മതക്കും ജാഗ്രതക്കുമപ്പുറത്ത് ഇതൊരു ഭീകരവസ്ഥയാക്കി തീർക്കാൻ കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ നേരിട്ട് സായാഹ്ന വാർത്താ-വായന മത്സരം നടത്തിയ ലോകത്തിലെ തന്നെ ഏക സംസ്ഥാനമാണ് കേരളം!!

അതുവഴി ശാസ്ത്രാവബോധം നയിക്കേണ്ട ആരോഗ്യ പ്രവർത്തകർക്ക് കൂടി ഭയവും ഭീതിയും നൽകിയ ദുരവസ്ഥയുടെ പേരാണ് ഇടതുപക്ഷ ഭരണം. മനുഷ്യന്റെ ജീവിക്കാനുള്ള സ്വതന്ത്ര്യം കോവിഡിന്റെ മറവിൽ നിഷേധിച്ച്, രാഷ്ട്രീയ നേട്ടമുണ്ടാക്കാനിറങ്ങിയ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമുൾക്കൊള്ളുന്ന ഭരണകൂടം തന്നെയാണ് ഇതിൽ ഒന്നാം പ്രതി.

Advertisment