Advertisment

തെരഞ്ഞെടുപ്പിന്റെ വരവറിയിച്ച് കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ യുദ്ധം ! സീറ്റിനായുള്ള അടിക്ക് തുടക്കമിട്ടത് കൊച്ചി നിയമസഭാ മണ്ഡലത്തില്‍. കൊച്ചിക്ക് പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥി വേണ്ടെന്ന പോസ്റ്ററിന് പിന്നില്‍ സീറ്റു മോഹിയായ മുന്‍ എംഎല്‍എയെന്ന് ആക്ഷേപം. സീറ്റിനിയുള്ള പോരാട്ടത്തില്‍ ഡോമിനിക് പ്രസന്റേഷനും കെവി തോമസിനും ഒപ്പമുള്ളത് ടോണി ചമ്മണിയും ! സീറ്റ് കിട്ടാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മുന്‍ മേയര്‍ സൗമിനി ജയിനും. കോര്‍പറേഷനിലേക്ക് മത്സരിച്ച് തോറ്റ എന്‍ വേണുഗോപാലിനായി സീറ്റ് ചോദിച്ച് ഐ ഗ്രൂപ്പും !

New Update

publive-image

Advertisment

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സീറ്റിനായുള്ള പോരാട്ടം കോണ്‍ഗ്രസില്‍ തുടങ്ങിക്കഴിഞ്ഞു. സീറ്റ് വിഭജനമോ ഉഭയകക്ഷി ചര്‍ച്ചകളോ നടക്കുന്നതിന് മുമ്പാണ് ഈ തര്‍ക്കം തുടങ്ങിയത്. ഇതിനു തുടക്കമിട്ടതാകട്ടെ എറണാകുളം ജില്ലയിലാണ്.

ആദ്യം പോര് തുടങ്ങിയത് കൊച്ചി നിയസഭാ സീറ്റിനെച്ചൊല്ലിയാണ്. നിലവില്‍ എല്‍ഡിഎഫ് വിജയിച്ച ഈ സീറ്റിനെ ചൊല്ലിയാണ് കോണ്‍ഗ്രസില്‍ കലഹം രൂക്ഷമായത്. മണ്ഡലത്തിന്റെ യുഡിഎഫ് അനുകൂല സ്വഭാവം പരിഗണിച്ച് മുന്‍ കേന്ദ്രമന്ത്രി കെവി തോമസ് അടക്കം നാലുപേരാണ് രംഗത്തുള്ളത്.

പഴയ പള്ളുരുത്തി നിയോജക മണ്ഡലമാണ് കൊച്ചിയായി മാറിയത്. എക്കാലത്തും യുഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന മണ്ഡലം പക്ഷേ 2016ല്‍ എല്‍ഡിഎഫിന് വഴിമാറി. മുന്‍മന്ത്രിയും സിറ്റിംങ്ങ് എംഎല്‍എയുമായിരുന്ന ഡൊമിനിക് പ്രസന്റേഷനാണ് അന്ന് കാലിടറിയത്.

publive-image

കടുത്ത പോരാട്ടത്തിനൊടുവില്‍ 1086 വോട്ടുകള്‍ക്കാള്‍ സിപിഎമ്മിലെ കെ ജെ മാക്‌സി വിജയിച്ചത്. 2011ല്‍ ഇതോ മണ്ഡലത്തില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ എംസി ജോസഫൈനെ 16863 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച പാരമ്പര്യവും ഡൊമിനിക് പ്രസന്റേഷനുണ്ട്. അതുകൊണ്ടു തന്നെ സീറ്റിനായി മുന്‍പന്തിയിലുള്ള നേതാവും ഡൊമിനിക് തന്നെയാണ് രംഗത്തുള്ളത്.

ഡോമിനിക് പ്രസന്റേഷന് പുറമെ മുന്‍ കേന്ദ്രമന്ത്രി കെവി തോമസ്, മുന്‍ കൊച്ചി മേയര്‍മാരായ ടോണി ചമ്മണി, സൗമിനി ജെയിന്‍ എന്നിവരാണ് സീറ്റിനായി രംഗത്തുള്ളത്. ലത്തീന്‍ വിഭാഗത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് കൊച്ചി. അതുകൊണ്ടുതന്നെ സമുദായ അംഗങ്ങളെ തന്നെയാകും ഇവിടെ മത്സരിപ്പിക്കുക.

അതുകൊണ്ടുതന്നെ സമുദായത്തിന്റെ പിന്തുണ പറഞ്ഞാണ് സീറ്റിനായി നേതാക്കള്‍ പോരടിക്കുന്നത്. അതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥി വേണ്ട എന്നു പറഞ്ഞ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നില്‍ എ ഗ്രൂപ്പുകാരനായ സീറ്റിനു വേണ്ടി പോരടിക്കുന്ന നേതാവാണെന്നാണ് സൂചന.

publive-image

ഇത്തവണ മേയര്‍ സ്ഥാനം ജനറലായപ്പോള്‍ ഡൊമിനിക് പ്രസന്റേഷനോടും, ടോണി ചമ്മണിയോടും മത്സരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൊച്ചി സീറ്റ് ലക്ഷ്യമിട്ട് ഇരുവരും പിന്‍മാറുകയായിരുന്നു. അതിനിടെ എ ഗ്രൂപ്പിന്റെ കയ്യിലിരിക്കുന്ന സീറ്റ് ലക്ഷ്യമിട്ട് ഐ വിഭാഗവും രംഗത്തുണ്ട്.

കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ തോറ്റ എന്‍ വേണുഗോപാലിന് വേണ്ടിയാണ് ഐ ഗ്രൂപ്പ് കൊച്ചി ചോദിക്കുന്നത്. അതിനിടെ ചില മുതിര്‍ന്ന നേതാക്കള്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിവിട്ട് മറുപക്ഷം ചേരുമെന്ന് പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇവരുടെ ഭീഷണി പരിഹരിച്ച് വേണം കോണ്‍ഗ്രസിന് സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങാന്‍.

kochi news
Advertisment