Advertisment

ഞങ്ങള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണ്; സ്വന്തം പുരയിടത്തില്‍ ചുറ്റുമതില്‍ കെട്ടുന്നതിന് അധ്യാപികയോട് രണ്ടു ലക്ഷം രൂപ കൈക്കൂലി ചോദിച്ച് ബിജെപി മണ്ഡലം പ്രസിഡന്റ്; പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനെത്തിയ മഹിള മോര്‍ച്ച സെക്രട്ടറിക്ക് മര്‍ദ്ദനം

New Update

പള്ളുരുത്തി: സ്വന്തം പുരയിടത്തില്‍ ചുറ്റുമതില്‍ കെട്ടുന്നതിന് ബിജെപി മണ്ഡലം പ്രസിഡണ്ട് രണ്ട് ലക്ഷം രൂപ കൈക്കൂലി ചോദിച്ചതായി വിരമിച്ച പ്രധാന അധ്യാപികയുടെ പരാതി. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ തമ്മിലടിച്ചു. കൈക്കൂലി ചോദിച്ച വിവരം അറിഞ്ഞ് ബിജെപി പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനെത്തിയ മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി ലേഖ നായിക്കിന് പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പള്ളുരുത്തിയിലാണ് സംഭവം.

Advertisment

publive-image

തോപ്പുംപടി സാന്തോം പള്ളിക്ക് സമീപം താമസിക്കുന്ന റിട്ട. പ്രധാനാധ്യാപിക മേരിക്ക് തറവാട് സ്വത്തായി ലഭിച്ച സ്ഥലത്ത് ചുറ്റുമതില്‍ കെട്ടാന്‍ ആരംഭിച്ചപ്പോഴാണ് ബിജെപി പ്രവര്‍ത്തകര്‍ എത്തുന്നത്. തുടര്‍ന്ന് മേരി രേഖകളെല്ലാം കാണിച്ചെങ്കിലും തങ്ങള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണെന്ന് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

രണ്ട് ലക്ഷം രൂപ നല്‍കിയാല്‍ മതില്‍ കെട്ടാന്‍ അനുമതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പ്രവര്‍ത്തകരുടെ ഭീഷണിക്ക് പിന്നാലെ മണ്ഡലം പ്രസിഡണ്ടും ഇതേ കാര്യം ഉന്നയിച്ചെത്തിയെന്ന് അധ്യാപിക ആരോപിച്ചു.

അധ്യാപികയുമായി ബന്ധപ്പെട്ടവരില്‍ നിന്നാണ് ലേഖ നായിക്ക് ഇക്കാര്യം അറിയുന്നതും ഇടപെടുന്നതും. പാര്‍ട്ടി പ്രവര്‍ത്തകരെ വിലക്കാന്‍ സ്ഥലത്തെത്തിയ ലേഖയോട് ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞതോടെ സംഭവം വാക്ക്തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ മര്‍ദനത്തില്‍ പരിക്കേറ്റ ലേഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. എന്നാല്‍ ആരോപണം നിഷേധിച്ച് ബിജെപി മണ്ഡലം പ്രസിഡണ്ട് എന്‍എ സുമേഷ് രംഗത്തെത്തി.

സംഭവം കെട്ടിച്ചമച്ചതാണെന്നും വില്ലേജ് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയ സ്ഥലത്ത് നിര്‍മ്മാണം നടത്തിയത് ചോദ്യം ചെയ്‌തെന്നത് ശരിയാണെന്നും അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്നും സുമേഷ് പറഞ്ഞു.

bjp
Advertisment