Advertisment

സിപിഎമ്മില്‍ 'കൊടിയേരി മക്കള്‍ വിരുദ്ധ വികാരം' ശക്തമാകുന്നു ! കൊടിയേരിയെ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കീഴ്ഘടകങ്ങളുടെ റിപ്പോര്‍ട്ട് ! കൊടിയേരിയുടെ സെക്രട്ടറി പദവി തെരഞ്ഞെടുപ്പുകളെ നേരിടുന്ന അണികളുടെ ആത്മവിശ്വാസം ചോര്‍ത്തുമെന്നും വിമര്‍ശനം ! ഒടുവില്‍ കൊടിയേരി തെറിക്കുമോ ?

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കൊടിയേരിയുടെ അറസ്റ്റിനെ തുടര്‍ന്നുളള പ്രതിസന്ധി പരിഹരിക്കാന്‍ സിപിഎമ്മില്‍ തിരക്കിട്ട കൂടിയാലോചനകള്‍ പുരോഗമിക്കുന്നു.

വെള്ളി, ശനി ദിവസങ്ങളില്‍ സിപിഎം സംസ്ഥാന കമ്മറ്റിയും സെക്രട്ടറിയേറ്റും ചേരാനിരിക്കെ അതിനുമുമ്പായി ഇക്കാര്യത്തില്‍ ധാരണയിലെത്താനാണ് നീക്കം.

കൊടിയേരി സെക്രട്ടറി സ്ഥാനത്തുനിന്നും മാറി നില്‍ക്കേണ്ടതില്ലെന്നാണ് നേതൃതലത്തില്‍ അഭിപ്രായ രൂപീകരണമെങ്കിലും കീഴ്ഘടകങ്ങളില്‍ നിന്നു വരുന്ന റിപ്പോര്‍ട്ടുകള്‍ ഇതിനെതിരാണ്.

സംസ്ഥാനം ഉടന്‍ രണ്ട് സുപ്രധാന തെരഞ്ഞെടുപ്പുകളെ നേരിടാനിരിക്കെ 'സെക്രട്ടറി പദവി' മുന്നണിയെത്തന്നെ പ്രതിരോധത്തിലാക്കുമെന്ന അഭിപ്രായങ്ങളാണ് കീഴ്ഘടകങ്ങള്‍ നല്‍കുന്നത്.

തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുന്ന അണികളില്‍ ഇത് ആത്മവിശ്വാസ ചോര്‍ച്ചയുണ്ടാക്കുമെന്നും ജില്ലാ കമ്മറ്റികളുടെ വിമര്‍ശനമുണ്ട്. നേതൃത്വത്തെ സംബന്ധിച്ച് ഇത്തരം വിമര്‍ശനങ്ങള്‍ ഈ അവസരത്തിലെങ്കിലും പെട്ടെന്ന് തള്ളിക്കളയാനാകില്ല.

മാത്രമല്ല, സിപിഎം സഖാക്കള്‍ക്കിടയില്‍ മുമ്പുതന്നെ കൊടിയേരിയുടെ മക്കള്‍ക്കെതിരെ ശക്തമായ വികാരമാണുള്ളത്. ബിനീഷിന്‍റെ അറസ്റ്റോടെ ആ എതിര്‍ വികാരങ്ങള്‍ പാരമ്യത്തിലാണ്.

കൊടിയേരിയെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോഴും നേതാക്കളെ അസ്വസ്ഥരാക്കുന്നതാണ് ഈ 'കൊടിയേരി മക്കള്‍ വിരുദ്ധ വികാരം'. കൊടിയേരിയുടെ വിവാദ പുത്രന്മാര്‍ക്ക് കമ്മ്യൂണിസ്റ്റ് ജീവിത ശൈലിയല്ല ഉള്ളതെന്ന വിമര്‍ശനം പാര്‍ട്ടിയില്‍ ശക്തമാണ്.

അതേസമയം കൊടിയേരി സെക്രട്ടറി സ്ഥാനം ഒഴിയുകയോ അവധിയെടുത്ത് മാറി നില്‍ക്കുകയോ ചെയ്യുന്നത് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് നേതൃത്വത്തിന്‍റെ വിമര്‍ശനം.

കൊടിയേരി മാറിയാല്‍ പ്രതിപക്ഷത്തിന്‍റെ അടുത്ത ഉന്നം മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും.

കേന്ദ്ര ഏജന്‍സികളുടെ  നിലവിലെ പോക്കു കണ്ടാല്‍ അന്വേഷണം വരും ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്കോ ക്ലിഫ് ഹൗസിലേയ്ക്കോ നീങ്ങിയാലും അത്ഭുതപ്പെടാനില്ല. അങ്ങനെ വന്നാല്‍ പ്രതിപക്ഷം മുഖ്യമന്ത്രിയ്ക്കെതിരെയുള്ള നീക്കം ശക്തമാക്കും.

അതിനുമുമ്പ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുകയാകും ഉചിതമെന്ന വിലയിരുത്തലിലാണ് സിപിഎം എത്തിയിരിക്കുന്നത്.

അതിനു മുന്നോടിയായാണ് ചൊവ്വാഴ്ചത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന കടുത്ത വിമര്‍ശനം കേന്ദ്ര സര്‍ക്കാരിനെതിരെ ഉന്നയിച്ചത്.

ഇന്ന് മന്ത്രിസഭായോഗം സിബിഐയ്ക്ക് കൂച്ചുവിലങ്ങിടാന്‍ തീരുമാനിച്ചതും ഈ നീക്കങ്ങളുടെ ചുവടുപിടിച്ചാണ്. അതിനിടെ കൊടിയേരി സെക്രട്ടറി സ്ഥാനത്തുനിന്നും മാറിയാല്‍ ഈ പ്രതിരോധ നീക്കങ്ങളുടെ വീര്യം ചോരുമെന്ന വാദം നേതാക്കള്‍ക്കുണ്ട്.

പക്ഷേ നേതാക്കളുടെ ന്യായീകരണങ്ങള്‍ കീഴ്ഘടകങ്ങള്‍ തള്ളുന്നതാണ് സിപിഎമ്മിലെ നിലവിലെ സാഹചര്യമത്രെ.

എന്തായാലും തീരുമാനങ്ങള്‍ വെള്ളി, ശനി ദിവസങ്ങളിലെ നേതൃയോഗങ്ങളില്‍ ഉണ്ടാകും. കൊടിയേരി മാറിയാല്‍ മുതിര്‍ന്ന നേതാവും ജനപ്രിയനുമായ എസ് രാമചന്ദ്രന്‍ പിള്ളയ്ക്ക് ചുമതല കൈമാറാനാണ് സാധ്യത.

കൊടിയേരി മാറിയില്ലെങ്കിലും സംസ്ഥാന കാര്യങ്ങളില്‍ എസ്ആര്‍പിയുടെ ദൈനംദിന ഇടപെടലുകള്‍ക്ക് സാധ്യതയുണ്ട്. സിപിഎമ്മിനുള്ളിലും പാര്‍ട്ടിക്കു പുറത്തും എസ്ആര്‍പിയ്ക്കുള്ള സ്വീകാര്യത പ്രയോജനപ്പെടുത്താനാണ് നീക്കം.

 

cpm kodiyeri balakrishnan
Advertisment