Advertisment

വീടിനു മുന്നില്‍ നില്‍ക്കെ വെള്ളവും മണ്ണും വന്ന് ജിബിനെ കൊണ്ടുപോയത് പുല്ലകയാറിലേക്ക് ! കല്ലും മണ്ണും നിറഞ്ഞ ആറില്‍ ഈ പതിനൊന്നുകാരന് പിടിവള്ളിയായത് ആറിലേക്ക് ചാഞ്ഞുകിടന്ന കാപ്പികമ്പ്. ചെറിയ നീന്തലറിയാവുന്നതും ജിബിനെ തുണച്ചു ! താന്‍ ആറ്റിലേക്ക് വീഴും മുമ്പ് അച്ഛന്റെ ദേഹത്തേക്ക് കല്ലും മണ്ണും വീഴുന്നതും ജിബിന്‍ കണ്ടു ! ഇനിയും നടുക്കം മാറാതെ കൊക്കയാര്‍ പൂവഞ്ചിയിലെ ഉരുള്‍പൊട്ടലില്‍ നിന്നും രക്ഷപെട്ട 11 കാരന്‍. ജിബിന്റെ ഇനിയുള്ള പ്രാര്‍ത്ഥന തന്റെ അച്ഛന തിരികെ കിട്ടണേയെന്ന്

New Update

കോട്ടയം( കൊക്കയാര്‍) : കൊക്കയാര്‍ മാക്കോച്ചി ചിറയില്‍ ജിബിനെന്ന 11 വയസുകാരന് ഇനിയും നടുക്കം മാറിയിട്ടില്ല. ഇന്നലെ രാവിലെ 11 മണിയോടെ വീട്ടില്‍ പിതാവ് ഷാജിക്കൊപ്പം ഇരിക്കുമ്പോഴാണ് വലിയ ശബ്ദത്തോടെ വീടിനു മുകളിലേക്ക് മണ്ണും വെള്ളവും ഒഴുകി വന്നത്.

Advertisment

publive-image

വലിയ ശക്തിയോടെയെത്തിയ വെള്ളം ജിബിനെയും കൊണ്ട് പുല്ലകയാറിലേക്ക് പതിച്ചു. ചെറുപ്പത്തിലേ ആറിന്റെ തീരത്തു താമസിച്ചതിനാല്‍ ചെറിയ നീന്തലും ജിബിന് വശമുണ്ടായിരുന്നു. മണ്ണും കല്ലും നിറഞ്ഞ് കലങ്ങിയ വെള്ളത്തിലൂടെ അധിക ദൂരം നീന്താന്‍ ഈ കുരുന്നിനായില്ല.

അതിനിടെയാണ് കരയില്‍ നിന്ന ഒരു കാപ്പിയുടെ ചാഞ്ഞു കിടന്ന ചില്ലയില്‍ ജിബിന് പിടുത്തം കിട്ടിയത്. കുറച്ചു നേരം പിടിച്ചു കിടന്ന ജിബിന്‍ പിന്നീട് ശക്തമായി കരയിലേക്ക് നീന്തിക്കയറുകയായിരുന്നു. ജിബിന്‍ പുഴയിലേക്ക് വീഴുന്നതിനിടെ അച്ഛന്‍ ഷാജിയുടെ ദേഹത്തേക്ക് കല്ലും മണ്ണും വീഴുന്നതും കണ്ടിരുന്നു.

കരയിലെത്തിയ ജിബിനെ അയല്‍വാസികള്‍ ചേര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരിക്കുകയാണ്. ചെറിയ പരുക്കും ജിബിനുണ്ട്. ജിബിന്റെ പിതാവ് സി ജി ഷാജിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഷാജിക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

kokkayar
Advertisment