Advertisment

വ്യവസായ വകുപ്പിലെ മറ്റൊരു ബന്ധു നിയമനംകൂടി വിവാദത്തില്‍. കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകന്റെ കിന്‍ഫ്ര നിയമനം ചട്ട വിരുദ്ധമെന്നു വിജിലന്‍സ് റിപ്പോര്‍ട്ട്

New Update

publive-image

Advertisment

തിരുവനന്തപുരം : ബ്രൂവറി തുടങ്ങാന്‍ കിന്‍ഫ്രയുടെ കീഴിലുള്ള പത്തേക്കര്‍ ഭൂമി ബ്രൂവെറിക്കായി വിട്ടുനല്‍കി ഉത്തരവിറക്കിയെന്ന പ്രതിപക്ഷ ആരോപണം നേരിടുന്ന സിപി എം സംസ്ഥാന സമിതിയംഗം കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകന്‍ ഡോ ടി ഉണ്ണിക്കൃഷ്ണന്റെ കിന്‍ഫ്രയിലെ നിയമനം ചട്ട വിരുദ്ധമെന്നു കണ്ടെത്തിയ വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്. ഇതോടെ ഒരിക്കല്‍ ബന്ധുനിയമന വിവാദത്തില്‍ അകപെട്ട് രാജിവയ്ക്കേണ്ടിവന്ന വ്യവസായ മന്ത്രി ഇ പി ജയരാജന്റെ വകുപ്പില്‍ തന്നെ മറ്റൊരു ബന്ധു നിയമനം കൂടി വിവാദമാകുകയാണ്.

യോഗ്യത സംബന്ധിച്ച തെറ്റായ വിവരം നല്‍കിയെന്ന ആരോപണം ശരി വെക്കുന്നതാണ് റിപ്പോര്‍ട്ട്. ബ്രൂവറിക്ക് കിന്‍ഫ്ര ഭൂമി വിട്ടു നല്‍കിയതില്‍ ഉണ്ണിക്കൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്.

കിന്‍ഫ്ര പ്രോജക്ട് ജനറല്‍ മാനേജര്‍ ഡോ ടി ഉണ്ണിക്കൃഷ്ണന്‍ നിയമനം നേടിയത് വ്യാജരേഖകളുപയോഗിച്ചാണെന്നതിന് തെളിവുകള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് നിയമനം ചട്ട വിരുദ്ധമെന്ന് കാണിച്ച വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. 2002ലാണ് ഉണ്ണിക്കൃഷ്ണന്‍ കിന്‍ഫ്രയില്‍ അസിസ്റ്റന്റ് മാനേജറായി നിയമനം നേടുന്നത്.

2008നു ശേഷം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക് എം ഡിയായി അധികച്ചുമതലയും പ്രൊജക്ട് ജനറല്‍ മാനേജരാവുകയും ചെയ്തു. നിയമനത്തില്‍ ക്രമക്കേടെന്നാരോപിച്ച് പരിശോധിച്ച തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് സംഘം 2016ല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങളിലാണ് ക്രമക്കേട്.

2000ത്തില്‍ ഉണ്ണിക്കൃഷ്ണന്‍ പാലക്കാട് എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ബിടെക്ക് പാസായി. എന്നാല്‍ പിന്നീട് കിന്‍ഫ്രയില്‍ നിയമനം നേടിയപ്പോള്‍ 1996ലാണ് ബിരുദം പൂര്‍ത്തീകരിച്ചതെന്ന തെറ്റായ വിവരം നല്‍കി. മൊഴി രേഖപ്പെടുത്തിയപ്പോള്‍ വിജിലന്‍സിനോട് ഉണ്ണിക്കൃഷ്ണന്‍ 1998ലാണ് താന്‍ ബി ടെക്ക് പാസായതെന്നും പറഞ്ഞു. ഈ സാഹചര്യത്തില്‍ ടിയാനെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്നും ശുപാര്‍ശയുണ്ടായിരുന്നു.

എന്നാല്‍ ഈ വിജിലന്‍സ് റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെട്ടുവെന്നും ഇപ്പോള്‍ ആക്ഷേപങ്ങളുണ്ട്. കിന്‍ഫ്രയുടെ കീഴിലുള്ള പത്തേക്കര്‍ ഭൂമി ബ്രൂവെറിക്കായി വിട്ടുനല്‍കി ഉത്തരവിറക്കിയത് ഉണ്ണിക്കൃഷ്ണനാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം.

cpm ep jayarajan
Advertisment