ജയ് ശ്രീറാം എന്ന് വിളിക്കാത്തതിന്റെ പേരില്‍ ട്രെയിനില്‍ നിന്നും ഒരു സംഘം ആളുകള്‍ പുറത്തേക്ക് തള്ളിയിട്ടതായി മദ്രസ അധ്യാപകന്റെ പരാതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, June 25, 2019

കൊല്‍ക്കത്ത: ജയ് ശ്രീറാം എന്ന് വിളിക്കാത്തതിന്റെ പേരില്‍ ട്രെയിനില്‍ നിന്നും ഒരു സംഘം ആളുകള്‍ പുറത്തേക്ക് തള്ളിയിട്ടതായി മദ്രസ അധ്യാപകന്റെ പരാതി. 26 കാരനായ ഹഫീസ് മുഹമ്മദ് സാറൂഖ് എന്ന യുവാവാണ് അക്രമത്തിന് ഇരയായത്. എന്നാല്‍ ട്രെയിനില്‍ കയറുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത് എന്നാണ് റെയില്‍വേ പൊലീസിന്റെ വാദം.

ഹൂഗ്ലിയില്‍ നിന്നും സൗത്ത് 24 പര്‍ഗനാസിലെക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവമെന്ന് അധ്യാപകനായ ഹഫീസ് മുഹമ്മദ് സാറൂഖ് പറയുന്നു. കൊല്‍ക്കത്തയിലെ സീല്‍ദാഹ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ കമ്പാര്‍ട്‌മെന്റില്‍ നിന്നും ഒരു കൂട്ടം ആളുകള്‍ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചുതുടങ്ങി.

എന്നോടും അത് ഏറ്റുവിളിക്കാന്‍ പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞതോടെ അവര്‍ മര്‍ദ്ദിക്കാന്‍ തുടങ്ങി. എന്നെ സഹായിക്കാനായി ആരും വന്നില്ല. ദാകുരിയയ്ക്കും പാര്‍ക് സര്‍ക്കസ് സ്റ്റേഷനും ഇടയിലായിരുന്നു സംഭവം. പാര്‍ക് സര്‍ക്കസ് സ്റ്റേഷനില്‍ ട്രെയിനില്‍ നിര്‍ത്താന്‍ ഒരുങ്ങുമ്പോള്‍ അവര്‍ എന്നെ തള്ളി താഴെയിട്ടു. അവിടെയുണ്ടായിരുന്ന ചിലയാളുകളാണ് രക്ഷക്കെത്തിയത്.

പരാതി നല്‍കാനായി തോപ്‌സിയ പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും റെയില്‍വേ പൊലീസില്‍ പരാതി നല്‍കാനായിരുന്നു അവര്‍ പറഞ്ഞത്. തുടര്‍ന്ന് റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയെന്നും ഇദ്ദേഹം പറഞ്ഞു.

×