രാജസ്ഥാനെതിരെ കൊൽക്കത്തക്ക് ജയം

സ്പോര്‍ട്സ് ഡസ്ക്
Sunday, April 7, 2019

ബാറ്റിങ്ങിലും ബൗളിങ്ങിലും ആധിപത്യം കൈവിടാതെ കളിച്ച കൊൽക്കത്തയ്ക്ക് രാജസ്ഥാനെതിരെ അനായാസ ജയം. രാജസ്ഥാൻ റോയൽസിനെ എട്ട് വിക്കറ്റിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ ഉയർത്തിയ 140 റൺസ് വിജയലക്ഷ്യം 37 പന്തുകൾ ശേഷിക്കെയാണ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ കൊൽക്കത്ത മറികടന്നത്.

താരതമ്യേന അനായാസമായ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത ഓപ്പണർമാരായ ക്രിസ് ലിനും (32 പന്തിൽ നിന്നും 50), സുനിൽ നരേയ്‌നും (25 പന്തിൽ നിന്നും 47) നടത്തിയ വെടിക്കെട്ട് ബാറ്റിങിന്റെ മികവിലാണ് 37 പന്തുകൾ ശേഷിക്കെ ലക്ഷ്യം മറികടന്നത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 91 റൺസാണ് നേടിയത്. റോബിൻ ഉത്തപ്പ 26 റൺസും ശുഭ്മാൻ ഗിൽ 6 റൺസുമായി പുറത്താകാതെ നിന്നു. ശ്രേയസ് ഗോപാലാണ് രാജസ്ഥാനു വേണ്ടി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്. ജയത്തോടെ 8 പോയിന്റുമായി കൊൽക്കത്ത പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.

×