Advertisment

കൂടത്തില്‍ ദുരൂഹമരണം ; വസ്തു ഇടപാടില്‍ ചില പൊലീസ് ഉദ്യോഗസ്ഥരും പങ്കാളികള്‍ ?; കേസ് അട്ടിമറിക്കപ്പെടുന്നുവെന്ന് ആരോപണം

New Update

തിരുവനന്തപുരം : കരമന കൂടത്തിൽ കുടുംബത്തിലെ 7 പേർ നിശ്ചിത ഇടവേളകളിൽ‌ മരിച്ചതു സംബന്ധിച്ച കേസ് അന്വേഷണം അട്ടിമറിക്കുന്നതായി ആരോപണം. അന്വേഷണ സംഘത്തിനെതിരെ മുഖ്യമന്ത്രിക്കു നൽകിയ പരാതി സിറ്റി പൊലീസ് കമ്മിഷണർക്കു കൈമാറിയത് ആരോപണ വിധേയരെ തന്നെ ഏൽപിച്ചതായും ആക്ഷേപം.

Advertisment

കേസി‍ലെ വസ്തു ഇടപാടിൽ ചില പൊലീസ് ഉദ്യോഗസ്ഥരും പങ്കാളികളാണെന്ന സൂചന അന്വേഷണ സംഘത്തിനു ലഭിച്ചതോടെയാണു അന്വേഷണം അട്ടിമറിക്കാൻ നീക്കം തുടങ്ങിയത്.

publive-image

ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറാണ് ഇപ്പോൾ ഈ കേസ് അന്വേഷിക്കുന്നത്. കൂടത്തിൽ കുടുംബത്തിൽ അവസാനം മരിച്ച ജയമാധവൻ നായരുടെ ബന്ധുവായ പ്രസന്നകുമാരിയും നാട്ടുകാരനായ അനിൽകുമാറുമാണു പരാതിക്കാർ. അന്വേഷണം തൃപ്തികരമല്ലെന്നു കാട്ടി അനിൽകുമാർ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. അതിൽ തുടർ നടപടിയെടുക്കാൻ മുഖ്യമന്ത്രി ഡിജിപിക്കു നിർദേശം നൽകി.

അദ്ദേഹം അതു സിറ്റി പൊലീസ് കമ്മിഷണർക്കു കൈമാറി. എന്നാൽ അന്വേഷണ സംഘത്തെ മാറ്റണമെന്ന പരാതി അതേ ഉദ്യോഗസ്ഥനു തന്നെ കൈമാറി. ഇതു അസാധാരണ നടപടിയാണെന്നും ഒരു ഉദ്യോഗസ്ഥനെതിരെയുള്ള പരാതി മേലുദ്യോഗസ്ഥനാണു കൈമാറേണ്ടതെന്നും പൊലീസ് ഉന്നതർ വ്യക്തമാക്കുന്നു. . തെളിവുകളും മൊഴികളിലെ വൈരുധ്യവും വേണ്ട രീതിയിൽ പരിശോധിക്കാൻ അന്വേഷണ സംഘത്തിനു കഴിയുന്നില്ലെന്ന് അനിൽകുമാർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുത്ത കൂടത്തിൽ കുടുംബത്തിലെ സ്വത്തുക്കളിൽ ചിലത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കൈവശപ്പെടുത്തിയതിനാൽ അന്വേഷണത്തെ ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നതായും പരാതിയിൽ ആരോപിച്ചിട്ടുണ്ട്.. അവസാനം മരിച്ച ജയമാധവൻ നായരുടേത് കൊലപാതകമാണെന്ന സംശയത്തിലാണു പൊലീസ്.

തലയിലെ മുറിവാണു മരണ കാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഈ മുറിവ് സ്വാഭാവിക വീഴ്ചയിൽ ഉണ്ടായതാണോ അല്ലയോ എന്ന് പരിശോധിക്കുന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. റവന്യു രേഖകളും ഇതുവരെ ശേഖരിച്ചിട്ടില്ല.

‘കൂടത്തിൽ’ തറവാട്ടിലെ ഗോപിനാഥൻ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ ജേഷ്ഠൻമാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടേയും മക്കളായ ജയമാധവൻ, ഉണ്ണികൃഷ്ണൻ നായർ എന്നിവരാണു നിശ്ചിത ഇടവേളകളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. നഗരത്തിൽ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് ഈ കുടുംബത്തിനുള്ളത്.

Advertisment