Advertisment

ആദ്യം ചെറുവട്ടൂരിൽ നിനി, പിന്നെ മാതിരപ്പിള്ളിയിൽ ഷോജി, ഇപ്പോൾ അയിരൂർപാടത്ത് ആമിന; കോതമംഗലത്ത് പട്ടാപ്പകൽ കൊല്ലപ്പെട്ടത് 3 വീട്ടമ്മമാർ

New Update

ആദ്യം ചെറുവട്ടൂരിൽ നിനി, പിന്നെ മാതിരപ്പിള്ളിയിൽ ഷോജി, ഇപ്പോൾ അയിരൂർപാടത്ത് ആമിന... കോതമംഗലത്ത് പട്ടാപ്പകൽ കൊല്ലപ്പെട്ടത് 3 വീട്ടമ്മമാർ. കേസുകൾ തെളിയിക്കാനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. ആദ്യ 2 കേസുകൾ ക്രൈംബ്രാഞ്ചിനു വിട്ടിട്ടും ഫലമുണ്ടായില്ല.

Advertisment

publive-image

ആമിനക്കേസും ഇപ്പോൾ ക്രൈംബ്രാഞ്ചിനെ ഏൽപിക്കാനുള്ള ഒരുക്കത്തിലാണു ലോക്കൽ പൊലീസ്. മാർച്ച് 7നാണ് അയിരൂർപാടം പാണ്ട്യാർപിള്ളിൽ പരേതനായ അബ്ദുൽ കാദറിന്റെ ഭാര്യ ആമിന (66) മരിച്ചത്. പാടത്തു പുല്ല് മുറിക്കാൻ പോയ ആമിനയുടെ മൃതദേഹം സമീപത്തെ നീരൊഴുക്കു കുറഞ്ഞ തോട്ടിൽ കണ്ടെത്തുകയായിരുന്നു.

ദേഹത്തെ സ്വർണാഭരണങ്ങൾ കാണാതായതും ബലം പ്രയോഗിച്ചുള്ള മുങ്ങിമരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും കൊലപാതകമെന്ന നിഗമനത്തിൽ പൊലീസിനെ എത്തിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 25 അംഗ സ്ക്വാഡ് അന്വേഷണം തുടങ്ങിയെങ്കിലും 2 മാസമാകുമ്പോഴും പ്രതിയെക്കുറിച്ചു സൂചന പോലുമില്ല. സാക്ഷികളോ മറ്റു തെളിവുകളോ ഇല്ലാതെ അന്വേഷണം വഴിമുട്ടി. കേസ് ക്രൈംബ്രാഞ്ചിനു കൈമാറുമെന്നു പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ചും നടപടിയായിട്ടില്ല.

2009 മാർച്ച് 11നാണു ചെറുവട്ടൂർ കരിപ്പാലാക്കുടി ബിജുവിന്റെ ഭാര്യ നിനി (24) കൊല്ലപ്പെട്ടത്. അങ്കണവാടി അധ്യാപികയായ നിനി വീടിനു സമീപം തോട്ടിൽ കുളിക്കാൻ പോയതാണ്. പിന്നീടു തോട്ടിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ കൊലപാതകമെന്നു തെളിഞ്ഞെങ്കിലും ലോക്കൽ പൊലീസിനു പ്രതിയെ കണ്ടത്താനാകാത്തതിനാൽ കേസ് ക്രൈംബ്രാ‍ഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണം 12 വർഷം പിന്നിടുമ്പോഴും കൊലയാളി കാണാമറയത്തു തന്നെ.

2012 ഓഗസ്റ്റ് 8നാണു മാതിരപ്പിള്ളി കണ്ണാടിപ്പാറ കെ.എ.ഷാജിമോന്റെ ഭാര്യ ഷോജി (34) വീടിനുള്ളിൽ കഴുത്തറുത്തു കൊലചെയ്യപ്പെട്ടത്. ദേഹത്തെ 5 പവൻ സ്വർണാഭരണങ്ങളും കാണാതായി. വീടിന്റെ മുകൾനില നിർമാണത്തിനുണ്ടായിരുന്ന 2 പണിക്കാർ ഭക്ഷണം കഴിക്കാൻ പുറത്തുപോയ സമയത്തായിരുന്നു സംഭവം.

കിടപ്പുമുറിയിൽ പായയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഈ കേസും ലോക്കൽ പൊലീസ് അന്വേഷിച്ചിട്ടു ഫലമില്ലാതെ ക്രൈംബ്രാഞ്ചിനെ ഏൽപിച്ചെങ്കിലും 9 വർഷമാകുമ്പോഴും പ്രയോജനമുണ്ടായിട്ടില്ല. ആദ്യ 2 കേസുകളിലും സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിനും പരിഹാരമില്ല.

murder case
Advertisment