Advertisment

കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച 'കോതമംഗലം സമരിറ്റൻസ്' സന്നദ്ധസേനാംഗങ്ങളെ രൂപത ആദരിച്ചു

New Update

publive-image

Advertisment

കോതമംഗലം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച "കോതമംഗലം സമരിറ്റൻസ്" എന്ന സന്നദ്ധസേന അംഗങ്ങളെ രൂപത ആദരിച്ചു. രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വോളണ്ടിയേഴ്സ് ആയ 20 വൈദികരും 16 അൽമായരും 4 സിസ്റ്റേഴ്സും രൂപതാ കേന്ദ്രത്തിലെ വൈദികരും സോഷ്യൽ സർവീസ് സൊസൈറ്റി സ്റ്റാഫ് അംഗങ്ങളും സംബന്ധിച്ചു.

കോതമംഗലം സമരിറ്റൻസിന്റെ സേവനം മഹത്തരമാണെന്നും കോവിഡ് വൈറസ് ബാധിച്ചതുമൂലം മരണമടഞ്ഞ സഭാംഗങ്ങൾക്ക് സഭാപാരമ്പര്യവും ആരാധനാക്രമവും അനുസരിച്ചുള്ള മൃതസംസ്കാരം നൽകുവാൻ സാധിക്കുന്നത് വലിയൊരു സേവനം ആണെന്നും ബിഷപ്പ് പറഞ്ഞു.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പോലും മൃതദേഹത്തിന് അടുത്തുവന്ന് ഉപചാരം അർപ്പിക്കുവാനും പ്രാർത്ഥിക്കുവാനും സാധിക്കാത്ത സാഹചര്യത്തിൽ സന്നദ്ധസേന അംഗങ്ങൾ വളരെ ആത്മാർത്ഥതയോടെയും അർപ്പണബോധത്തോടെയും ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് പ്രശംസനീയമാണെന്നും ഇതൊരു വലിയ ക്രിസ്തീയ പുണ്യ പ്രവർത്തിയായി സമൂഹം അംഗീകരിക്കുന്നുവെന്നും ബിഷപ്പ് അനുസ്മരിച്ചു.

ഈ സന്നദ്ധസേന മൃതസംസ്കാരത്തിന് വേണ്ടി മാത്രമുള്ളതല്ല എന്നും ഏത് അടിയന്തര സാഹചര്യത്തിലും മനുഷ്യ സേവനത്തിനു തയ്യാറുള്ള ദ്രുതകർമസേനയായി തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇതുവരെ 29 കോവിഡ് ബാധിതരുടെ മൃതസംസ്കാരം രൂപതയിൽ കോതമംഗലം സമരിറ്റൻസിന്റെ നേതൃത്വത്തിൽ നടത്തി.

അടിയന്തര സാഹചര്യത്തിൽ മൃതദേഹം ദഹിപ്പിക്കാമെന്ന തീരുമാനം സഭയിൽ എടുത്തിരുന്നുവെങ്കിലും കോതമംഗലം രൂപതയിൽ ഒരു മൃതദേഹം പോലും ദഹിപ്പിക്കേണ്ടി വന്നില്ല. ഇത് സന്നദ്ധ സേനയുടെ സമയോചിതമായ ഇടപെടൽ മൂലമാണെന്ന് യോഗം വിലയിരുത്തി. രൂപീകരിച്ച സമയത്ത് കോതമംഗലം എംഎൽഎ ആന്റണി ജോൺ, തഹസിൽദാർ റെയ്ച്ചൽ കെ.വർഗീസ് എന്നിവരുടെ സാന്നിധ്യത്തിൽ കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട്, ഹെഡ് നഴ്സ്, ഫയർ ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പരിശീലനം നൽകിയിരുന്നു.

തുടർന്ന് ടീമിന് സാങ്കേതിക സഹായം നല്കിയിരുന്നത് കോതമംഗലം സെന്റ്. ജോസഫ്, മുതലക്കോടം ഹോളിഫാമിലി എന്നീ ഹോസ്പിറ്റലുകളിൽ നിന്നാണ്. സമ്മേളനത്തിൽവച്ച് ടീമംഗങ്ങളായ ആത്മായരെയും, സിസ്റ്റേഴ്സ്നെയും മൊമെന്റോ നൽകി ബിഷപ്പ് ആദരിച്ചു.

സമ്മേളനത്തിൽ വികാരി ജനറാൾമാരായ മോൺ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ, മോൺ. ഫ്രാൻസിസ് കീരംപാറ, സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റവ. ഡോ. തോമസ് ജെ പറയിടം, പ്രോഗ്രാം കോർഡിനേറ്റർമാരായ ജോൺസൺ കറുകപ്പിള്ളിൽ, ജിബിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.

kochi news
Advertisment