കൊട്ടാരക്കര വാഹനാപകടം: മരിച്ചവരുടെ എണ്ണം ആറായി

ന്യൂസ് ബ്യൂറോ, കൊല്ലം
Saturday, January 12, 2019

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. എംസി റോഡില്‍ കൊട്ടാരക്കര ആയൂരിനടത്തുള്ള കമ്പംകോട് വെച്ച് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. രണ്ടു കുട്ടികള്‍ ഉള്‍പ്പടെ സ്ത്രീകളും കാറ് ഡ്രൈവറുമാണ് മരിച്ചത്. കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കെഎസ്ആര്‍ടിസി ബസും എതിര്‍ ദിശയില്‍ വടശേരിക്കരയിലേക്ക് പോകുകകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം.

വടശ്ശേരിക്കര സ്വദേശികളായ സ്മിത, മിനി, അജ്ഞന കൊച്ചുകുട്ടികളായ ഹര്‍ഷ, അഭിനവ് എന്നിവരും കാറ് ഡ്രൈവര്‍ അരുണുമാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന ആറ് പേരില്‍ അഞ്ചുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എട്ടു വയസുകാരന്‍ വൈകീട്ട് നാലരയോടെയാണ് മരിച്ചത്. ഫയര്‍ഫോഴ്‌സെത്തി കാറ് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

മരിച്ചവരുടെ മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

×