Advertisment

കോട്ടയം ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പിന്‍റെ പഞ്ചായത്തില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്ന സംഭവത്തില്‍ വിശദീകരണം തേടി കെപിസിസി. സ്വന്തം വാര്‍ഡിലെ തോല്‍വിക്കു പിന്നാലെ പ്രവര്‍ത്തകരുടെ കൂടുമാറ്റവും കൂടിയാകുമ്പോള്‍ ജോഷി ഫിലിപ്പിന്‍റെ സ്ഥിതി പരുങ്ങലില്‍ ! പ്രസിഡന്‍റിന്‍റെ ന്യായീകരണം പൊളിച്ചടുക്കി യൂത്ത് കോണ്‍ഗ്രസും !

New Update

publive-image

Advertisment

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വന്തം വാര്‍ഡില്‍പോലും തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ സ്വന്തം നാട്ടിലെ സഹപ്രവര്‍ത്തകരായ കോണ്‍ഗ്രസികാര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നതും കോട്ടയം ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പിന് തിരിച്ചടിയാകുന്നു.

ജോഷി ഫിലിപ്പിന്‍റെ സ്വന്തം നാടായ വാകത്താനത്തുനിന്നും നൂറിലേറെ പേര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന സംഭവത്തില്‍ കെപിസിസി ചാര്‍ജ് ജനറല്‍ സെക്രട്ടറിയോട് വിശദീകരണം ആരാഞ്ഞിട്ടുണ്ട്. ഇതോടെ പാര്‍ട്ടിയില്‍ ജോഷി ഫിലിപ്പിന്‍റെ സ്ഥിതി കൂടുതല്‍ പരിതാപകരമായിരിക്കുകയാണ്.

കേരളപ്പിറവിക്കു ശേഷം ഇന്നുവരെ ഇടതുപക്ഷത്തിന് കാലുറപ്പിക്കാന്‍ കഴിയാതിരുന്ന വലതുപക്ഷ കോട്ടയായിരുന്ന കോട്ടയത്ത് ഇത്തവണ യുഡിഎഫ് അടപടലം പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ തവണ 49 ഗ്രാമ പഞ്ചായത്തുകളില്‍ ഭരണം ഉണ്ടായിരുന്നിടത്ത് ഇത്തവണ ഭാഗ്യം തുണച്ച രണ്ടെണ്ണവും വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍കാര്‍ തുണച്ച ഉഴവൂരും ഉള്‍പ്പെടെ 19 -ല്‍ ഒതുങ്ങേണ്ടിവന്നു. കഴിഞ്ഞ തവണ 11 -ല്‍ 10 ബ്ലോക്ക് പഞ്ചായത്തുകളും വിജയിച്ച യുഡിഎഫ് ഇത്തവണ ഒരു ബ്ലോക്കില്‍ മാത്രം ഒതുങ്ങേണ്ടിവന്നു.

നഗരസഭകളില്‍ മുമ്പുണ്ടായിരുന്ന സ്ഥിതി ഇപ്പോഴുമുണ്ടെന്ന് അവകാശപ്പെടാം. അതില്‍തന്നെ നറുക്കെടുത്തതും സ്വതന്ത്രരെ കൂടെക്കൂട്ടിയതുമൊക്കെ വേറെയും കഥകളുണ്ട്. ഫലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ ഇടതിനുണ്ടായ പരാജയം അതേ തോതിലാണ് ഇത്തവണ യുഡിഎഫിനുണ്ടായത്. സംസ്ഥാനത്ത് മുമ്പ് ഒന്നാം സ്ഥാനം ഉണ്ടായിരുന്നിടത്ത് ഇത്തവണ ഏറ്റവും പിന്നിലായി.

യാഥാര്‍ഥ്യം ഇതായിരിക്കെ കഴിഞ്ഞ ദിവസം ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃയോഗത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയല്ല വിജയമാണുണ്ടായതെന്ന തരത്തില്‍ പരാജയത്തെ ന്യായീകരിക്കാന്‍ ഡിസിസി പ്രസിഡന്‍റ് ശ്രമിച്ചതും വന്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.

ഡിസിസി പ്രസിഡന്‍റിന് അവിടെതന്നെ മറുപടി പറഞ്ഞ യുവനേതാക്കള്‍ പ്രസിഡ‍ന്‍റിന്‍റെ കണക്കില്‍ ഇതൊരു വിജയമാണെങ്കിലും ഇലക്ഷന്‍ കമ്മീഷന്‍റെ കണക്കില്‍ പാര്‍ട്ടിക്കുണ്ടായത് നാണംകെട്ട പരാജയമാണെന്ന് തുറന്നടിച്ചിരുന്നു. ന്യായീകരിച്ച് പാര്‍ട്ടി നാണംകെടരുതെന്നും ഡിസിസി പ്രസിഡന്‍റിനോട് യൂത്ത് നേതാക്കള്‍ പറഞ്ഞു.

ഇതിന്‍റെയൊക്കെ ക്ഷീണങ്ങള്‍ക്കിടയിലാണ് ഇപ്പോള്‍ സ്വന്തം പഞ്ചായത്തിലെ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്. മോശം പ്രവര്‍ത്തനം കാഴ്ചവച്ച ഡിസിസി പ്രസി‍ഡന്‍റുമാരെ നീക്കം ചെയ്യാന്‍ നേതൃത്വം ആലോചിക്കുന്നതിനിടയിലാണ് കോട്ടയം ഡിസിസി പ്രസിഡന്‍റിനെ പ്രതിരോധത്തിലാക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നാണ് ശ്രദ്ധേയം.

 

kottayam dcc
Advertisment