Advertisment

കോട്ടയത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്റ്റാര്‍ട്ട് ആക്കിയ ഉടന്‍ തീപിടിച്ചു ; ഡ്രൈവര്‍ ഇറങ്ങി ഓടിയതിനാല്‍ രക്ഷപ്പെട്ടു, കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു

New Update

കോട്ടയം : നിർത്തിയിട്ടിരുന്ന കാർ മുന്നോട്ട് എടുക്കുന്നതിനിടെ തീപിടിച്ചു. ഓടിച്ചിരുന്ന ആൾ കാർ നിർത്തി പുറത്തേക്ക് ഓടി മാറിയപ്പോഴേക്കും തീ ആളിപ്പടർന്നു. കാർ പൂർണമായും കത്തി നശിച്ചു. ഇന്നലെ വൈകിട്ട് 6.30ന് ഈരയിൽക്കടവ് റോഡിൽ ബാബൂസ് ഹോട്ടലിനു മുന്നിലാണ് സംഭവം.

Advertisment

publive-image

ഈരയിൽക്കടവ് ഭാഗത്തെ ഓട്ടോ ഡ്രൈവർ അമയന്നൂർ കല്ലറയ്ക്കൽ കെ.വി.തോമസാണ് കാർ ഓടിച്ചിരുന്നത്. തോമസിന്റെ സുഹൃത്തും ഓട്ടോ ഡ്രൈവറുമായ മുട്ടമ്പലം സ്വദേശി കിരൺ ആണ് ഉടമ. ഒരാഴ്ച മുൻപാണ് കിരൺ കാർ വാങ്ങിയത്. ഉച്ചയ്ക്ക് റോഡരികത്ത് പാർക്ക് ചെയ്തിരുന്ന കാർ ഓടിച്ചുകൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ മുൻഭാഗത്തു തീ കണ്ടു.

ഉടൻ കാർ നിർത്തി തോമസ് പുറത്തുചാടി. തീപിടിച്ച കാർ 10 മീറ്ററോളം തനിയെ ഉരുണ്ടു അടഞ്ഞുകിടന്ന ഹോട്ടലിനു മുന്നിലാണ് നിന്നത്. ഈ സമയം കാർ പൂർണമായും കത്തി.

ഹോട്ടലിനു സമീപത്തെ അടച്ചിട്ട മറ്റൊരു സ്ഥാപനത്തിന്റെ ഷട്ടറിനു സമീപം ഇട്ടിരുന്ന കാറിനും സമീപത്തെ കടകളിലേക്കും തീ പടരും മുൻപ് അഗ്നിശമന സേന എത്തി കെടുത്തി. ബാറ്ററി ഭാഗത്തെ ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്നു സംശയിക്കുന്നതായി അഗ്നിശമന ഉദ്യോഗസ്ഥൻ പറഞ്ഞു.

Advertisment