Advertisment

കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കാലില്‍ നഴ്‌സ് ട്രേ വെച്ചു: നഴ്‌സിനെ കട്ടിലില്‍ കിടത്തി കാലില്‍ അതേ ട്രേ വെച്ച് ഡോക്ടര്‍ ശിക്ഷ നല്‍കി...ശസ്ത്രക്രിയാ വകുപ്പു മേധാവി ഡോ. ജോണ്‍ എസ് കുര്യനെതിരെ നഴ്‌സിന്റെ പരാതി....ഡോക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ എട്ടിന് നഴ്‌സുമാര്‍ പണിമുടക്കും....ക്ഷമ ചോദിക്കാന്‍ തയ്യാറെന്ന് ഡോക്ടര്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ ശരീരത്തില്‍ ട്രേ വച്ചതിന് നഴ്‌സിനെ കട്ടിലില്‍ കിടത്തി കാലില്‍ അതേ ട്രേ വച്ചു ഡോക്ടറുടെ ശിക്ഷ. ശസ്ത്രക്രിയാ വകുപ്പു മേധാവി ഡോ. ജോണ്‍ എസ് കുര്യനെതിരെ നഴ്‌സ് പരാതി നല്‍കി. ഡോക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ചു മെഡിക്കല്‍ കോളജിലെ നഴ്‌സുമാര്‍ ഇന്ന് രാവിലെ എട്ടിന് പണിമുടക്കും. നഴ്‌സുമാര്‍ അംഗങ്ങളായ എല്ലാ സംഘടനകളും ഇന്ന് പണിമുടക്കും. പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. എ ശോഭയുടെ അധ്യക്ഷതയിലുളള കമ്മീഷനെ ചുമതലപ്പെടുത്തി.

Advertisment

publive-image

ശസ്ത്രക്രിയ തീവ്ര പരിചരണ വിഭാഗത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. തീവ്ര പരിചരണ വിഭാഗത്തില്‍ രോഗികളെ പരിശോധിക്കാനെത്തിയ ഡോ. ജോണ്‍ എസ് കുര്യന്‍ ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന രോഗിയുടെ കിടക്കയില്‍ നഴ്‌സുമാര്‍ ഉപയോഗിക്കുന്ന ട്രേ ഇരിക്കുന്നതായി കണ്ടു. മരുന്നുകള്‍, രക്തത്തിലെ പഞ്ചസാര അളക്കുന്ന ഉപകരണം എന്നിവ സഹിതമാണ് ട്രേ കട്ടിലില്‍ രോഗിയുടെ കാലിന്റെ ഭാഗത്ത് വച്ചിരിക്കുന്നതു കണ്ടത്.

ട്രേ മറന്നു വച്ച നഴ്‌സിനെ വിളിച്ചു വരുത്തിയ ഡോക്ടര്‍, രോഗികളെ പരിചരിക്കുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിതെന്നു പറഞ്ഞു ശാസിച്ചു. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലെ ഒഴിഞ്ഞു കിടക്കുന്ന കിടക്കയില്‍ കാലില്‍ ഇതേ ട്രേയുമായി കിടക്കാന്‍ നഴ്‌സിനോടു നിര്‍ദേശിച്ചു. പഠനം കഴിഞ്ഞ് പരിശീലനത്തിനായി മെഡിക്കല്‍ കോളജില്‍ എത്തിയതായിരുന്നു നഴ്‌സ്.

അത്യാസന്ന നിലയിലുള്ള മറ്റൊരു രോഗിയെ പരിചരിക്കാനായി പെട്ടെന്ന് പോകേണ്ടി വന്നപ്പോള്‍ നഴ്‌സ് ട്രേ മറന്നുപോയതാണെന്നു കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ഹെന ദേവദാസ് പറഞ്ഞു. ഭാരം കുറഞ്ഞ സാധനങ്ങളാണു ട്രേയില്‍ ഉണ്ടായിരുന്നത്. ക്ഷമ ചോദിച്ചിട്ടും കരഞ്ഞു പറഞ്ഞിട്ടും ഡോക്ടര്‍ വഴങ്ങിയില്ലെന്നും റൗണ്ട്‌സ് കഴിയുന്നതുവരെ കട്ടിലില്‍ കിടത്തിയെന്നും ഹെന പറയുന്നു.

അതേസമയം നഴ്‌സ് ചെയ്തത് ഗുരുതരമായ തെറ്റാണെന്നു ഡോ. ജോണ്‍ എസ് കുര്യന്‍ അറിയിച്ചു. പാന്‍ക്രിയാസ് പകുതി മുറിഞ്ഞ് അനങ്ങാന്‍ പോലും കഴിയാത്ത രോഗിയുടെ ദേഹത്താണ് അരക്കിലോ ഭാരമുള്ള രണ്ടു ട്രേകള്‍ നഴ്‌സ് വച്ചത്. ഇതില്‍ ഒന്ന് കാലിലും മറ്റൊന്ന് തുടയിലുമായിരുന്നു. രോഗി നേരിട്ട ബുദ്ധിമുട്ടും വിഷമവും നഴ്‌സ് കൂടി മനസ്സിലാക്കാനാണ് മൂന്ന് മിനുട്ട് ശിക്ഷിച്ചതെന്നും ഡോ. ജോണ്‍ പറയുന്നു. ചെയ്തതു തെറ്റാണെങ്കില്‍ നഴ്‌സിനോടു ക്ഷമ ചോദിക്കാന്‍ തയാറാണെന്നും ഡോക്ടര്‍ പറഞ്ഞു.

Advertisment