Advertisment

വായ്പയുടെ തിരിച്ചടവു മുടങ്ങി; ബാങ്ക് വീട് പൂട്ടി ജപ്തി ചെയ്തതിനെത്തുടർന്ന് രോഗിയായ ദലിത് വീട്ടമ്മയും മകനും 14 ദിവസം കഴിഞ്ഞതു ജപ്തി ചെയ്ത വീടിന്റെ വരാന്തയിൽ; വായ്പക്കുടിശിക ഏറ്റെടുക്കാമെന്നു ബാങ്ക് അധികൃതർക്ക് ഉറപ്പു നൽകി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: കോട്ടയത്ത്‌ ഭവനവായ്പയുടെ തിരിച്ചടവു മുടങ്ങി ബാങ്ക് വീട് പൂട്ടി ജപ്തി ചെയ്തതിനെത്തുടർന്ന് രോഗിയായ ദലിത് വീട്ടമ്മയും മകനും 14 ദിവസം കഴിഞ്ഞതു ജപ്തി ചെയ്ത വീടിന്റെ വരാന്തയിൽ. മുള്ളൻകുഴി തുണ്ടിയിൽ പരേതനായ രാജപ്പന്റെ ഭാര്യ ശകുന്തള (69), മകൻ നിധീഷ് രാജ് (31) എന്നിവർക്കാണു വീടിന്റെ വരാന്തയിൽ കഴിയേണ്ടി വന്നത്.

Advertisment

publive-image

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വായ്പക്കുടിശിക ഏറ്റെടുക്കാമെന്നു ബാങ്ക് അധികൃതർക്ക് ഉറപ്പു നൽകിയതോടെ ഇന്നലെ വൈകിട്ട് ഇവരെ വീടിനുള്ളിൽ പ്രവേശിപ്പിച്ചു.

അടുപ്പും ഗ്യാസ് സിലിണ്ടറും ശ്വസനസംബന്ധമായ രോഗങ്ങൾക്കുള്ള മരുന്നുകളും അടക്കമുള്ള സാധനങ്ങൾ പോലും എടുക്കാൻ അനുവദിക്കാതെയാണു വീടു പൂട്ടി പുറത്തിറക്കിയതെന്നു ശകുന്തള പറയുന്നു.

അയൽവീടുകളിൽ നിന്ന് എത്തിച്ചിരുന്ന ഭക്ഷണം കഴിച്ചാണ് അമ്മയും മകനും കഴിഞ്ഞത്. 4 സെന്റ് സ്ഥലമാണ് ഇവർക്കുള്ളത്. 2016ൽ വീട് നിർമിക്കുന്നതിനായി തിരുനക്കര അർബൻ ബാങ്കിൽ നിന്ന് 50,000 രൂപ വായ്പയെടുത്തു. ഭർത്താവിനു കാൻസർ വന്നതോടെ വീടുപണി മുടങ്ങി.

വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നു. ചികിത്സയിലിരിക്കെ ഭർത്താവ് മരിച്ചു. മകന് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിച്ചതോടെ വീടുപണിക്കായി ആക്സിസ് ബാങ്കിൽ നിന്ന് 6 ലക്ഷം രൂപ വായ്പയെടുത്തു.

പ്രതിമാസം 6,000 രൂപ വീതമായിരുന്നു തിരിച്ചടവ്. ഒരു വർഷം കൊണ്ട് 90,000 രൂപ തിരിച്ചടച്ചു. മകന്റെ ജോലി നഷ്ടപ്പെടുകയും കോവിഡ് മൂലം മറ്റു ജോലികൾക്കു പോകാൻ കഴിയാതെ വരികയും ചെയ്തതോടെ തിരിച്ചടവ് മുടങ്ങി.

ബാങ്കിൽ നിന്ന് പലതവണ ജപ്തി നോട്ടിസ് ലഭിച്ചു. ആദ്യം 11 ലക്ഷം രൂപ അടയ്ക്കാനായിരുന്നു നിർദേശിച്ചതെങ്കിലും പിന്നീട് ബാങ്ക് 6 ലക്ഷമായി കുറച്ചു. 10ന് ബാങ്ക് അധികൃതരും കോടതി ഉദ്യോഗസ്ഥരും വന്ന് വീട് ജപ്തി ചെയ്തു. അതേസമയം, സർഫാസി നിയമപ്രകാരം കോടതി നടപടികളിലൂടെയാണ് ജപ്തി നടത്തിയതെന്ന് ആക്സിസ് ബാങ്ക് പ്രതിനിധികൾ അറിയിച്ചു.

Advertisment