Advertisment

'ഞങ്ങളുടെ സങ്കടം മനസിലാക്കിയതിന് ഒത്തിരി നന്ദി' ; കള്ളന്‍ കൊണ്ടുപോയ സൈക്കിള്‍ കാത്തിരിക്കുന്ന കുടുംബത്തിന്റെ വാര്‍ത്ത മുഖ്യമന്ത്രി കണ്ടു; സുനീഷിന്റെ വീട്ടിൽ പുത്തൻ സൈക്കിളുമായി കളക്ടർ എത്തി !

New Update

കോട്ടയം: ആശിച്ചു വാങ്ങിച്ച സൈക്കിൾ മോഷ്ടിക്കപ്പെട്ടതിന്റെ വിഷമത്തിലായിരുന്ന കണിച്ചേരിൽ വീട്ടിലേക്ക് ഇന്നലെ ഉച്ചയ്ക്ക് പുതുപുത്തൻ സൈക്കിളെത്തി. കൊണ്ടുവന്നത് കോട്ടയം ജില്ലാ കളക്ടർ എം. അഞ്ജന.  ഇന്നലെ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം കഴിഞ്ഞയുടൻ കോട്ടയത്തുനിന്ന് സൈക്കിൾ വാങ്ങി കളക്ടർ സുനീഷിൻറെ വീട്ടിൽ എത്തുകയായിരുന്നു.

Advertisment

publive-image

ഭിന്നശേഷിക്കാരനായ സുനീഷിന്റെ കുടുംബത്തിന്റെ സങ്കടത്തെക്കുറിച്ചുള്ള പത്രവാർത്ത ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതനുസരിച്ചാണ് പുതിയ സൈക്കിൾ നൽകിയത്.

കൈകൾക്കും കാലുകൾക്കും വൈകല്യമുള്ള സുനീഷ് ഒരു കൈ കുത്തി കമിഴ്ന്ന് നീന്തിയാണ് സഞ്ചരിക്കുന്നത്. വൈകല്യത്തിനുമുന്നിൽ മനസു തളരാതെ ഉരുളികുന്നത്തിന് സമീപം കുരുവിക്കൂട് എന്ന സ്ഥലത്ത് സ്വന്തമായി സ്ഥാപനം നടത്തിവരികയാണ്.

ഒൻപതു വയസുള്ള മകൻ ജസ്റ്റിന് വാങ്ങി നൽകിയ സൈക്കിളാണ് കഴിഞ്ഞ ബുധനാഴ്ച്ച രാത്രി വീട്ടുമുറ്റത്തുനിന്ന് മോഷണം പോയത്. ആരുടെയെങ്കിലും കയ്യിലോ ഏതെങ്കിലും ആക്രിക്കടയിലോ കാണുകയാണെങ്കിൽ വിളിച്ചറിയിക്കണമെന്ന് അഭ്യർത്ഥിച്ച് സുനീഷ് ഫേസ്ബുക്കിലിട്ട പോസ്റ്റ് നിരവധി പേർ പങ്കുവച്ചിരുന്നു.

സൈക്കിൾ തിരികെ കിട്ടാൻ കാത്തിരിക്കുന്ന കുടുംബത്തെക്കുറിച്ചുള്ള പത്രവാർത്ത ശ്രദ്ധയിൽപെട്ടയുടൻ പുതിയ സൈക്കിൾ വാങ്ങി നൽകാൻ മുഖ്യമന്ത്രി കോട്ടയം ജില്ലാ കളക്ടർക്ക് നിർദേശം നൽകുകയായിരുന്നു.

കാണാതായ സൈക്കിളിൻറെ അതേ നിറത്തിലുള്ള പുത്തൻ സൈക്കിൾ സ്വന്തമായപ്പോൾ ജസ്റ്റിൻ മനസു നിറഞ്ഞുചിരിച്ചു. ഒപ്പം സുനീഷും ഭാര്യ ജിനിയും മകൾ ജസ്റ്റിയയും.പത്രവാർത്ത വന്നപ്പോഴും ഇങ്ങനെയൊരു ഇടപെടൽ പ്രതീക്ഷിച്ചില്ല. ഞങ്ങളുടെ സങ്കടം മനസിലാക്കിയതിന് ഒത്തിരി നന്ദിയുണ്ട്-സുനീഷ് പറഞ്ഞു.

kottayam news cycle
Advertisment