Advertisment

കോവിഡ്19 : തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനും, വിദേശത്തു കുടുങ്ങിയ മലയാളിക്കളെ നാട്ടിലെത്തിക്കാനും നടപടി വേണം; മലപ്പുറം ജില്ലാ കെ എം സി സി

author-image
admin
New Update

ജിദ്ദ:കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പെടുന്നനെ ഗൾഫ് രാജ്യങ്ങളിൽ നടപ്പിലാക്കിയ അനിശ്ചിത കാല കർഫ്യൂവും യാത്ര നിരോധനവും കാരണം നിരവധി പ്രയാസ ങ്ങൾ നേരിടുന്ന പ്രവാസികളെ സഹായിക്കുവാനും ഇവരെ പുനരധിവസിപ്പിക്കുന്നതിനും സർക്കാർ മുൻകൈ എടുക്കണമെന്നും, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കോവിഡ് പാക്കേജിൽ പ്രവാസികളെ ഉൾപ്പെടുത്തണമെന്നും പ്രത്യേക ആപ് ഉപയോഗിച്ച് ‌ ഓൺ ലൈൻ സംവിധാനം വഴി ചേർന്ന ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സി എക്സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് പി.എം.എ. ഗഫൂർ പട്ടിക്കാട് അദ്ധ്യക്ഷത വഹിച്ചു, ചെയർമാൻ ഹസൻ സിദ്ധീഖ് ബാബു ഉത്ഘാടനം ചെയ്തു.

Advertisment

publive-image

തൊഴില്‍ സ്ഥാപനങ്ങളുമായുള്ള കരാറുകള്‍ അവസാനിച്ച പ്രവാസികൾക്ക് രാജ്യത്തേക്ക് മടങ്ങുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുമെന്ന് സൗദി മാനവ ശേഷി സാമൂഹിക മന്ത്രാലയം അറിയിച്ചിട്ടുണ്ട്, ഇത് പ്രയോജനപ്പെടുത്തി ഇന്ത്യൻ എംബസ്സി മുഖേന എക്സിറ്റ് അടിചതിനു ശേഷം നാട്ടിൽ പോവാൻ പാറ്റാതെ കുടുങ്ങിയ പ്രവാസികളെ സർക്കാർ ഇടപ്പെട്ട് സഹായിക്കണം.

സൗദിയിൽ യാത്ര നിരോധനം നില നിൽക്കേ സൗദിയിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യൻ ഉംറ തീർത്ഥാടകരേയും സ്പെഷ്യൽ വിമാനം സൗകര്യപ്പെടുത്തി നാട്ടിലെത്തിക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനു സാധിച്ചിട്ടുണ്ട് എന്നും യോഗം വിലയിരുത്തി. അതോടപ്പം സൗദിയിലെ സ്വദേശികൾക്കും വിദേശികൾക്കും (നിയമ ലംഘകർക്ക് അടക്കം ) സൗജന്യ ചികിത്സ നൽകാനും, നിരോധന സമയത്ത് കാലാവധി തീരുന്ന താമസ രേഖകൾ മൂന്ന് മാസത്തേക്ക് സൗജന്യമായി പുതുക്കുന്നതടക്കം പ്രവാസികൾക്കു ഗുണകരമായ നിരവധി തീരുമാനങ്ങൾ എടുത്ത സൗദി ഭരണാധികാരി സൽമാൻ രാജാവിന് മലപ്പുറം ജില്ലാ കെ എം സി സി നന്ദി പ്രകാശിപ്പിച്ചു.

വിവിധ ഗൾഫ് രാജ്യങ്ങളുടെ തൊഴിൽ മന്ത്രാലയങ്ങൾ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഗൾഫ് മേഖലകളിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുയാണ്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളെ പിരിച്ചുവിടുന്നതിനു ദുബായ് അടക്കമുള്ള രാജ്യങ്ങൾ സ്വകാര്യ മേഖലക്ക് അനുവദവും നൽകിയിട്ടുണ്ട് അത് കൊണ്ട് തന്നെ വരും മാസ ങ്ങളിൽ തൊഴിൽ നഷ്ടപെടുന്ന പ്രവാസികളുടെ എണ്ണം ഭീതിതമായി വർദ്ധിക്കുകയും ചെയ്യും,

ഇത്തരം തൊഴിൽ നഷ്ടപ്പെടുന്നവരിൽ ഭൂരിഭാഗവും കാര്യമായ സമ്പാദ്യം ഇല്ലാത്ത സാധാരണ ക്കാരായതിനാൽ അവരെ പുനരധിവസിപ്പിക്കുന്നതിന് സർക്കാർ മുൻകൈ എടുക്കണമെന്നും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കോവിഡ് പാക്കേജിൽ പുനരധിവാസ പദ്ധതി ഉൾപ്പെടുത്തണ മെന്നും യോഗം ആവശ്യപ്പെട്ടു, എന്നാൽ ഗൾഫിൽ നിന്ന് തൊഴിൽ നഷ്ടപെട്ടു മടങ്ങുന്നവർക്ക് ആറു മാസത്തെ ശമ്പളം നൽകുമെന്ന് മുൻപ് പറഞ്ഞത് പോലുള്ള വാചക കസർത്ത് മാത്രമായി പാക്കേജ് മാറരുതെന്നും യോഗം മുന്നറിയിപ്പു നൽകി.

കൊറോണ വൈറസ് ബാധ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രമുഖ രാജ്യങ്ങളെല്ലാം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ചരക്ക് ഗതാഗതം നിലക്കുകയും എല്ലാ ബിസിനസുകളും താളം തെറ്റുകയും ചെയ്ത സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ പല സ്വകാര്യ കമ്പനികളും ജീവനക്കാർക്ക് ശമ്പളമില്ലാത്ത ദീർഘകാല അവധി പ്രഖ്യാപിച്ചിരിക്കുകയാണ്, കോവിഡ് സമൂഹ വ്യാപനം തടയുന്നതിനുള്ള മുൻകരുതലായി അന്താരാഷ്ട്ര വ്യോമഗതാഗതം സസ്പെൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിൽ, ഇത്തരം ആളുകൾ അനുഭവിക്കുന്ന യാതനകൾക്ക് ഒരറുതി വരെ പരിഹാരം നൽകുന്നതിനായി നോർക്ക മുഖേന സാമ്പത്തിക സഹായം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം.പി മുഖേന സംസ്ഥാന സർക്കാറിന് നിവേദനം നൽകുന്നതിനും യോഗം തീരുമാനിച്ചു.

പ്രവാസികൾ മടങ്ങി വന്നതിനാലാണ് കേരളത്തിൽ കോവിഡ് പടർന്നത് എന്ന തരത്തിൽ പ്രവാസികളോടുള്ള തൊട്ടുകൂടായ്മ മനോഭാവത്തെ യോഗം അപലപിച്ചു. അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കുന്നതിന് എല്ലാ എയർപോർട്ടുകളിലും കർശന സംവിധാനം ഒരുക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഫെബ്രുവരിയിൽ നൽകിയ മുന്നറിയിപ്പ് ഗൗരവമായി എടുക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് യോഗം വിലയിരുത്തി.

സ്വന്തം ആരോഗ്യനിലയെ പ്രതികൂലമായി ബാധിക്കുമോ എന്ന സന്ദേഹം മാറ്റിവെച്ച് കോവിഡ് നിർമ്മാർജ്ജന രംഗത്ത് സമർപ്പണ സേവനം നടത്തുന്ന ആരോഗ്യ പ്രവർത്തകരെയും, ലോക് ഡൗൺ പ്രതിസന്ധിയും കാലാവസ്ഥ-ആരോഗ്യ പ്രതികൂലതയെ തൃണവൽക്കരിച്ചും സന്നദ്ധ സേവനത്തിന് മുന്നിട്ടിറങ്ങിയ വൈറ്റ് ഗാർഡ്, അടക്കമുള്ള സന്നദ്ധ സംഘടനകളേയും യോഗം അഭിനന്ദിച്ചു. സഹായങ്ങളുമായി മുന്നോട്ട് വരുന്ന സന്നദ്ധ പ്രവർത്തകരെ അറസ്ററ് ചെയുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപെട്ടു. അതോടപ്പം കൊറോണ വൈറസ് വ്യാപനം ഇല്ലാതാക്കുന്നതിന് കേരള സർക്കാരും, വിവിധ രാഷ്ടീയകക്ഷികളും മത സംഘടനകളും നേതാക്കളും ഒറ്റക്കെട്ടായി നടത്തുന്ന ശ്രമങ്ങളെ കമ്മിറ്റി അഭിനന്ദിച്ചു.

മലപ്പുറം ജില്ലാ കെ.എം.സി.സി നടപ്പാക്കി വരുന്ന കുടുംബ സുരക്ഷാ പദ്ധതിയുടെ 2020/2021 വർഷത്തേക്കുള്ള അംഗത്വ കാമ്പയിന് പ്രവർത്തകരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത് എങ്കിലും പ്രത്യേക സാഹചര്യത്തിൽ കാമ്പയിൻ കാലാവധി 15/04/2020 വരെ നീട്ടിയിട്ടുണ്ട്, ആയത് കൊണ്ട് തന്നെ വരും ദിവസങ്ങളിൽ ഓൺ ലൈൻ സംവിധാനത്തെ പരമാവധി ഉപയോഗപ്പെടുത്തി അംഗത്വ നടപടികൾ പൂർത്തീകരിക്കാൻ മുഴുവൻ മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത്, ഏരിയ കമ്മിറ്റികളും കോർഡിനേറ്റർമാരും ശ്രമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഭാരവാഹികളായ സീതി കൊളക്കാടൻ, വി.പി. ഉനൈസ്, ഇൽയാസ് കല്ലിങ്ങൽ, നാസർ കാടാമ്പുഴ, അബ്ബാസ് വേങ്ങൂർ, കെ.ടി. ജുനൈസ്, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, സുൽഫീക്കർ ഒതായി, വി.വി. അഷ്റഫ്, അബ്ദുൽ ഗഫൂർ വടക്കാങ്ങര എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി കെ.ടി. ജൂനൈസ് നന്ദിയും പറഞ്ഞു.

Advertisment