Advertisment

ജോളി വ്യാജ ഒസ്യത്ത് തയാറാക്കാനായി ഉപയോഗിച്ചത്‌ ടോം തോമസിന്റെ ടൈപ്പ് റൈറ്റർ ; അന്നമ്മ വധക്കേസിലും ജോളിയെ അറസ്റ്റ് ചെയ്യാൻ അനുമതി

New Update

കോഴിക്കോട് :  കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് വ്യാജ ഒസ്യത്ത് തയാറാക്കാനായി ഭർതൃപിതാവ് ടോം തോമസിന്റെ ടൈപ്പ് റൈറ്റർ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി.

Advertisment

publive-image

സ്വത്തുക്കൾ തട്ടിയെടുക്കാനാണു ടോം തോമസിനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ടോം തോമസിന്റെ പേരിലുള്ള വീടും 38 സെന്റ് പുരയിടവും മരണശേഷം മകൻ റോയ് തോമസിനും മരുമകൾ ജോളിക്കും അവകാശപ്പെട്ടതാണെന്ന വ്യാജ ഒസ്യത്ത് കൊലപാതകത്തിനു മുൻപു ജോളി തയാറാക്കിയിരുന്നു.

ഫറോക്കിലെ ഡിടിപി സെന്ററിലാണ് ഒസ്യത്ത് തയാറാക്കിയത്. ടോം തോമസ് നേരത്തേ ഒപ്പിട്ട മറ്റൊരു രേഖയിലെ ഒപ്പിന്റെ ഭാഗം മാത്രം വ്യാജ ഒസ്യത്തിൽ ചേർത്തുവച്ച് ഇതിന്റെ പകർപ്പെടുത്തു. ഈ പകർപ്പിൽ ഒപ്പിന്റെ തൊട്ടുമുകളിൽ ടോം തോമസിന്റെ പേര് ടൈപ്പ് റൈറ്റർ ഉപയോഗിച്ച് രേഖപ്പെടുത്തുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ആയി വിരമിച്ച ടോം തോമസിന് ടൈപ്പ് റൈറ്റിങ് അറിയാമായിരുന്നു.

വിരമിച്ച ശേഷം താമരശ്ശേരിയിയിൽ തുടങ്ങിയ സർവീസ് കൺസൽറ്റൻസി സ്ഥാപനത്തിൽ ഉപയോഗിക്കാനാണ് ടോം സ്വന്തമായി ടൈപ്പ് റൈറ്റർ വാങ്ങിയത്. ‍‍ടൈപ്പ് റൈറ്റർ സ്ഥിരമായി ഉപയോഗിക്കുന്ന ടോം തോമസ് തന്നെയാണ് ഒസ്യത്ത് തയാറാക്കിയതു മറ്റുള്ളവരെ വിശ്വസിപ്പിക്കാനാണു ജോളി ടൈപ്പ് റൈറ്റർ ഉപയോഗിച്ച് ടോമിന്റെ പേര് രേഖപ്പെടുത്തിയതെന്നു പൊലീസ് കരുതുന്നു. ഈ ടൈപ്പ് റൈറ്റർ ഉപയോഗിച്ച് ജോളി മറ്റെന്തെങ്കിലും വ്യാജരേഖകൾ തയാറാക്കിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

കൊലപാതക പരമ്പരയിലെ ആദ്യ കേസായ പൊന്നാമറ്റം അന്നമ്മ വധക്കേസിലും മുഖ്യ പ്രതി ജോളി ജോസഫിനെ അറസ്റ്റ് ചെയ്യാൻ കോടതി അനുമതി. ടോം തോമസ് വധക്കേസിൽ പൊലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞ് വീണ്ടും റിമാൻഡിലായ പ്രതിയുടെ അറസ്റ്റ് ഇന്നോ നാളെയോ ജയിലിലെത്തി രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.

റോയ് തോമസ് വധക്കേസിൽ ജോളി ജോസഫിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. 2002 ഓഗസ്റ്റ് 22ന് ആണ് പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യ അന്നമ്മ കൊല്ലപ്പെട്ടത്. ആൽഫൈൻ കേസിലെ മൂന്നാം പ്രതി സ്വർണപ്പണിക്കാരനായ പ്രജികുമാറിനെ തെളിവെടുപ്പിനായി പൊലീസ് നാളെ കസ്റ്റഡിയിൽ വാങ്ങും. മാത്യു മഞ്ചാടി കേസിൽ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിലുള്ള രണ്ടാം പ്രതി എം.എസ്. മാത്യുവിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.

Advertisment