Advertisment

കോവിഡ് ഇല്ലാത്ത യുവതിയെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് അയച്ച സംഭവം;കൊഴുവനാലിലെ ഡോക്ടർക്ക് പഞ്ചായത്തു സമിതിക്ക് മുമ്പാകെ ഹാജരാകാൻ നോട്ടീസ്

New Update

publive-image

Advertisment

കൊവിഡാണെന്ന് തെറ്റിധരിപ്പിച്ച് തൊഴിലുറപ്പ് തൊഴിലാളിയായ യുവതിയെ  കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് നിർബന്ധിച്ച് പറഞ്ഞയച്ച സംഭവത്തിൽ കൊഴുവനാൽ പി. എച്ച്. സി. മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ ജോർജിൽ  നിന്നും  വിശദീകരണം തേടാനൊരുങ്ങി കൊഴുവനാൽ പഞ്ചായത്ത് അധികൃതർ. തിങ്കളാഴ്ച ചേരുന്ന പഞ്ചായത്തു കമ്മിറ്റിയിൽ 12.30ന് ഹാജരാകണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ, ഡോ. ദിവ്യ ജോർജിന് ഇന്നലെ നോട്ടീസ്‌ നൽകി.

നേരത്തേ രണ്ടു തവണ ഇക്കാര്യത്തിൽ വിശദീകരണം തേടാനായി ഡോ.ദിവ്യ ജോർജിനെ വിളിപ്പിച്ചിരുന്നെങ്കിലും മറ്റു ചില കാരണങ്ങൾ പറഞ്ഞ് ഇവർ ഒഴിവാകുകയായിരുന്നൂവെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ പ്രത്യേകം നോട്ടീസ് നൽകി വിളിപ്പിച്ചിട്ടുള്ളത്.

സംഭവത്തിൽ ആരോപണ വിധേയയായ ആശാ പ്രവർത്തക സോണിയ ജി, തൊഴിലുറപ്പ് ഓവർ സീയർ ജിൻസി എന്നിവരിൽ നിന്നും പഞ്ചായത്ത് അധികൃതർ മൊഴിയെടുത്തിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ  തുടർ നടപടികളുമുണ്ടായേക്കും. ഗുരുതരമായ കൃത്യവിലോപം കാട്ടിയതിനാൽ കടുത്ത ശിക്ഷണ  നടപടികളാണു വേണ്ടതെന്ന് പഞ്ചായത്ത് മെമ്പർമാർ പറയുന്നു.

പൊതുജനങ്ങൾക്കായി കൊവിഡ് പരിശോധനാ ക്യാമ്പുകൾ നടത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൊഴുവനാൽ പി. എച്ച്. സി. അധികാരികൾ കടുത്ത അലംഭാവം കാട്ടിയെന്നും പഞ്ചായത്ത് അധികാരികൾ ആരോപിക്കുന്നു.

കൊവിഡ്  പരിശോധനാ ഫലം പോലും വരും മുമ്പേ രോഗമുണ്ടെന്ന് അറിയിച്ച് നിർബന്ധപൂർവ്വം കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പറഞ്ഞയമെന്ന് കാട്ടി  കൊഴുവനാൽ തോടനാൽ  സ്വദേശിനിയായ തൊഴിലുറപ്പ് തൊഴിലാളിയായ  37 കാരിയാണ്  പരാതിയുമായി രംഗത്തുവന്നത്. അന്വേഷണത്തിൽ ഇത് ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ശക്തമായ നടപടികളുമായി പഞ്ചായത്ത് അധികാരികൾ രംഗത്തു വന്നത്.

രോഗമുണ്ടെന്ന് മുദ്രകുത്തി കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ , മൂന്നു മണിക്കൂറിനു ശേഷം പരിശോധനാ രേഖകൾ ലഭിച്ചപ്പോൾ  രോഗമില്ലെന്ന് തിരിച്ചറിഞ്ഞ് പറഞ്ഞയക്കുകയായിരുന്നു. ഗുരുതരമായ ഈ സംഭവത്തിൽ പരാതി ലഭിച്ചിട്ടും ആരോഗ്യ വകുപ്പ് അധികാരികൾ പ്രശ്നം ഒതുക്കിത്തീർക്കാൻ തിരക്കിട്ടു നീക്കം നടത്തുകയാണെന്നും  ആരോപണമുയർന്നിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ ഒരു സംഘടനയുടെ ചുമതലക്കാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ സംഭവം വഴി തിരിച്ചുവിടാൻ ആസൂത്രിതമായ നീക്കം നടത്തുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്.

കൊഴുവനാൽ പഞ്ചായത്ത് അധികാരികളുടെ നിർദ്ദേശപ്രകാരം മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളും കൊവിഡ് പരിശോധന നടത്തിയിരുന്നു.അങ്ങനെയാണ് തോടനാൽ കോളനി നിവാസിയായ യുവതിയും സ്വകാര്യ ആശുപത്രിയിൽ ആർ.ടി.പി.സി. ആർ. ടെസ്റ്റ് നടത്തിയത്. അന്ന് വൈകുന്നേരം തന്നെ പഞ്ചായത്തിലെ ഒരു ആശാ പ്രവർത്തകയായ സോണിയ , തനിക്ക് കൊവിഡ് ഉണ്ടെന്ന് ഫോണിൽ മെസേജ് അയക്കുകയായിരുന്നൂവെന്ന് യുവതി പറഞ്ഞു.

തൊഴിലുറപ്പിൻ്റെ  ചുമതലയുള്ള ജിൻസി  തൻ്റെ പേരെടുത്ത് പറഞ്ഞ് തനിക്ക് കൊവിഡ് ഉണ്ടെന്ന ശബ്ദ സന്ദേശം ആദ്യം  സോണിയയ്ക്കും, ഇവർ പിന്നീട്  മറ്റു പലർക്കും അയച്ചുകൊടുത്തൂവെന്നും  യുവതി പരാതിപ്പെട്ടിരുന്നു.എത്രയും വേഗം കൊഴുവനാലിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറാൻ ആശാ  പ്രവർത്തക സോണിയ  നിർബന്ധിച്ചു. റിസൽട്ട് വരാതെ പോകാൻ മടിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിപ്പെട്ടു.

Advertisment