Advertisment

കല സാവിത്രിയുടെ കവിതകൾ കനമുള്ളത് : കെ പി രാമനുണ്ണി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കവിതാ സമാഹാരം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.കല സാവിത്രിയുടെ കവിതകൾ കനമുള്ളതാണെന്ന് പ്രശസ്ത സാഹിത്യകാരൻ കെ. പി. രാമനുണ്ണി പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകോത്സവ വേദിയിൽ കല സാവിത്രിയുടെ പ്രഥമ കവിതാ സമാഹാരമായ 'കലയുടെ കവിതകൾ' പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

ഇന്നത്തെ പല കവികളും കലയുടെ സാരസ്വത രഹസ്യം മനസ്സിലാക്കാതെയുള്ള പറഞ്ഞു തുലയ്ക്കലായാണ് കവിത എഴുതുന്നത്. ധ്വനിപ്പിക്കലാണ് സാഹിത്യത്തിന്റെയും കവിതയുടെയും സകല കലകളുടെയും ഉള്ളിലുള്ള പൊരുൾ. വക്രോക്തി, ധ്വനി എന്നിങ്ങനെയൊക്കെ പലകാര്യങ്ങളും കവിതയിലുണ്ട്.

ആ പഴയ കാര്യങ്ങൾ വീണ്ടും കൊണ്ടുവരണമെന്ന് അല്ല പറയുന്നത് പക്ഷേ അങ്ങനെയുള്ള ചില രഹസ്യസങ്കേതങ്ങളുണ്ട്. കാലം മാറുന്ന സമയത്തും അതിന് പ്രസക്തിയുണ്ട് കെ.പി രാമനുണ്ണി പറഞ്ഞു.

കലയുടെ ചില കവിതകൾ മുൻപും എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ അടുത്തറിയാൻ ഈ പുസ്തകത്തിലൂടെ സാധിച്ചു. പ്രഭാവർമ്മയുടെയും സതീഷ് ബാബു പയ്യന്നൂരിന്റെയും പ്രശാന്ത് നാരായണന്റെയും ലേഖനങ്ങൾ ഈ പുസ്തകത്തിൽ ഉള്ളതുകൊണ്ട് അതെളുപ്പമായി. വ്യത്യസ്ത മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് വളരെ കുറച്ചേ പരസ്പരം അറിയാൻ ഇന്ന് കഴിയുന്നുള്ളൂ - കെ. പി. രാമനുണ്ണി പറഞ്ഞു.

യു.എ.ഇ.യിലെ സാംസ്കാരിക പ്രവർത്തകനായ റോയി നെല്ലിക്കാട്ടിൽ പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ചു. പ്രശാന്ത് നാരായണൻ പുസ്തകം പരിചയപ്പെടുത്തി. കല സാവിത്രി നന്ദി പ്രഭാഷണം നടത്തി.

Advertisment