Advertisment

കെപിസിസി അധ്യക്ഷനെ പറ്റിച്ച് ഗ്രൂപ്പു നേതാക്കളും മാനേജര്‍മാരും ! കെപിസിസി അധ്യക്ഷനെ സ്വാധീനിച്ച് എഐസിസി സംഘത്തിന്റെ വരവ് തടഞ്ഞതിന് പിന്നാലെ പുനസംഘടനാ ചര്‍ച്ച നടത്താമെന്ന ഉറപ്പ് പാലിക്കാതെ ഉന്നത ഗ്രൂപ്പ് നേതാക്കള്‍. കെപിസിസി പ്രസിഡന്റ് ചര്‍ച്ചയ്ക്ക് തയ്യാറാകുമ്പോള്‍ ഒഴിഞ്ഞുമാറി നേതാക്കള്‍. ഇരു നേതാക്കളും തിരക്ക്‌ ​പറഞ്ഞ് ഒഴിഞ്ഞുമാറിയത് മൂന്നിലേറെ തവണ ! താന്‍ വഞ്ചിക്കപ്പെട്ടോയെന്ന സംശയത്തില്‍ കെപിസിസി പ്രസിഡന്റും. സുധാകരന്റെ 51 അംഗ കെപിസിസി അട്ടിമറിക്കാനും ഗ്രൂപ്പു നേതാക്കളുടെ നീക്കം. കഴിഞ്ഞ തവണത്തെക്കാള്‍ ഒരാളെയെങ്കിലും കൂടുതല്‍ വയ്ക്കണമെന്ന തീരുമാനത്തില്‍ ഇരു ഗ്രൂപ്പുകളും ! കേരളത്തിലെ ഗ്രൂപ്പു നേതാക്കള്‍ വീണ്ടും പാര്‍ട്ടിക്ക് പാരയാകുന്നു

New Update

publive-image

Advertisment

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനസംഘടന നീണ്ടുപോകുന്നതിനിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഗ്രൂപ്പു നേതാക്കളും മാനേര്‍ജര്‍മാരും ചേര്‍ന്ന് പറ്റിക്കുന്നുവെന്ന് ആക്ഷേപം. പുനസംഘടനാ വിഷയം ചര്‍ച്ച ചെയ്യാമെന്ന് നിരന്തരം പറയുന്ന ഉന്നത നേതാക്കള്‍ ആ ദിവസമെത്തുമ്പോള്‍ ചര്‍ച്ച നടത്താന്‍ തയ്യാറാകാതെ മുങ്ങുകയാണ്. തന്നെ മനപ്പൂര്‍വം നേതാക്കള്‍ പറഞ്ഞു പറ്റിക്കുകയാണ് കെപിസിസി അധ്യക്ഷനും ഏറെക്കുറെ മനസിലായാതാണ് വിവരം.

നേരത്തെ കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായതിന് പിന്നാലെ ഡിസിസി-കെപിസിസി പുനസംഘടന ഉടന്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. ഗ്രൂപ്പുകളുടെ അതിപ്രസരമില്ലാതെയാകും പുനസംഘടനയെന്നും അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതു പറഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടികള്‍ ഒന്നുമായില്ല.

അതിനിടെ പുനസംഘടനാ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്നതിനും ബ്ലോക്ക് തലം മുതലുള്ള നേതാക്കളെ നേരിട്ട് കണ്ട് അഭിപ്രായം തേടുന്നതിനും എഐസിസി സെക്രട്ടറിമാരുടെ സംഘം കേരളത്തിലേക്ക് കഴിഞ്ഞയാഴ്ച വരാനിരുന്നതായിരുന്നു. എന്നാല്‍ എഐസിസി പ്രതിനിധികള്‍ വരുന്നത് കെപിസിസി പ്രസിഡന്റിന് കുറച്ചിലാണെന്ന് അദ്ദേഹത്തെ ഉന്നത ഗ്രൂപ്പു നേതാക്കള്‍ പറഞ്ഞു ബോധ്യപ്പെടുത്തി ആ വരവ് തടയുകയായിരുന്നു.

എഐസിസി പ്രതിനിധികള്‍ വന്നാല്‍ തങ്ങളുടെ താല്‍പര്യം നടക്കില്ലെന്നു ഉറപ്പിച്ച ഗ്രൂപ്പു നേതാക്കള്‍ കെപിസിസി പ്രസിഡന്റിനെ ചൂടുകയറ്റി ആ വരവിന് തടയിട്ടു. പകരം തങ്ങളും കെപിസിസി അധ്യക്ഷനും ചേര്‍ന്നിരുന്ന് ചര്‍ച്ച നടത്തി പുതിയ ഡിസിസി അധ്യക്ഷ പട്ടിക തയ്യാറാക്കാമെന്നായിരുന്നു നേതാക്കള്‍ മുമ്പോട്ടു വച്ച നയം.

ഇതനുസരിച്ച് കെപിസിസി പ്രസിഡന്റ് ചര്‍ച്ചയ്ക്ക് തയ്യാറാകുമ്പോള്‍ ഉന്നത നേതാക്കള്‍ തിരക്ക് പറഞ്ഞു മുങ്ങുകയായിരുന്നു പതിവ്. പലവട്ടം ഇതാവര്‍ത്തിച്ചതോടെയാണ് താന്‍ കബളിക്കപ്പെടുകയാണോയെന്ന സംശയം കെപിസിസി അധ്യക്ഷനുണ്ടായത്. ഇക്കാര്യം അദ്ദേഹം തന്റെ വിശ്വസ്തരോട് പങ്കുവച്ചതായാണ് സൂചന.

അതിനിടെ ഗ്രൂപ്പു നേതാക്കള്‍ ഇടപെട്ട് കെ സുധാകരന്റെ 51 അംഗ കെപിസിസി എന്ന ആശയം അട്ടിമറിക്കാനുള്ള നീക്കം സജീവമാക്കി. കുറഞ്ഞത് കഴിഞ്ഞ തവണത്തെക്കാള്‍ ഒരാളെങ്കിലും കൂടുതല്‍ വേണമെന്നാണ് ഗ്രൂപ്പു നേതാക്കള്‍ തീരുമാനിച്ചിട്ടുള്ളത്. അതേസമയം ആഗസ്ത് 15നുള്ളില്‍ പുതിയ ഡിസിസി അധ്യക്ഷന്‍മാരെ തീരുമാനിക്കുമെന്ന നിലപാടിലാണ് കെ സുധാകരന്‍.

congress kpcc k sudhakaran
Advertisment