Advertisment

ജോസ് വിഭാഗം വഞ്ചകര്‍; ഇനി മുന്നണിയില്‍ വേണ്ടെന്നു തീര്‍ത്തു പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍. ജോസ് വിഭാഗത്തിന്‍റെ നടപടി മുന്നണിയിലെ അനൈക്യം ചര്‍ച്ച ചെയ്യാന്‍ ഇടയാക്കി. ജോസ് കെ മാണിയോട് മൃദുസമീപനം വേണ്ടെന്നും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ജില്ലാതലത്തില്‍ സബ്കമ്മിറ്റികളെ നിശ്ചയിക്കാനും കോണ്‍ഗ്രസ് തീരുമാനം

New Update

publive-image

Advertisment

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനെതിരെ കടുത്ത വിമര്‍ശനം. ജോസ് കെ മാണി വിഭാഗത്തെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും രാഷ്ട്രീയ വഞ്ചനയാണ് ഇവര്‍ നടത്തിയതെന്നുമാണ് വിമര്‍ശനം. സെപ്റ്റംബര്‍ മൂന്നിനു ചേരുന്ന യുഡിഎഫ് യോഗം ജോസ് വിഭാഗത്തെ പുറത്താക്കണമെന്നും ചില നേതാക്കള്‍ ആവശ്യപ്പെട്ടു.

publive-image

ബെന്നി ബെഹന്നാന്‍, കെസി ജോസഫ്, കെ മുരളീധരന്‍ എന്നീ നേതാക്കളാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കാതെ അനൈക്യം ചര്‍ച്ചയാക്കാന്‍ അവസരമൊരുക്കുകയാണ് ജോസ് കെ മാണി പക്ഷം ചെയ്തത്. ഇത് ക്ഷമിക്കാന്‍ കഴിയാത്ത രാഷ്ട്രീയ വഞ്ചനയാണെന്നും നേതാക്കള്‍ പറഞ്ഞു. അതുകൊണ്ടു തന്നെ ഇവരോടുള്ള മൃദുസമീപനം ഇനി വേണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ പ്രാദേശികമായി നീക്കുപ്പോക്കുപോലും ജോസ് വിഭാഗവുമായി വേണ്ട. രാഷ്ട്രീയമായി വിശ്വസിക്കാവുന്ന പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗമെന്നും വിലയിരുത്തലുണ്ടായി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കളുടെ നടപടികളിലും രാഷ്ട്രീയകാര്യ സമിതി വിയോജിപ്പ് രേഖപ്പെടുത്തി. സോണിയാ ഗാന്ധിക്ക് പൂര്‍ണ പിന്തുണ നല്‍കി സമിതി പ്രമേയവും പാസാക്കി.

തദ്ദേശ തെരഞ്ഞെടുപ്പും യോഗത്തില്‍ ചര്‍ച്ചയായി. തൃശൂരും കോഴിക്കോട്ടും സ്ഥിരം ഡിസിസി പ്രസിഡണ്ടിനെ തീരുമാനിക്കാത്തതില്‍ നേതാക്കള്‍ അഭിപ്രായ ഭിന്നത അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിട്ടും തീരുമാനം വൈകുന്നത് തിരിച്ചടി ഉണ്ടാകും. തൃശൂരില്‍ ഒരേസമയം രണ്ട് പേര്‍ക്ക് ചുമതല നല്‍കിയതു കൊണ്ട് പാര്‍ട്ടിക്ക് പ്രയോജനവുമില്ലെന്നും നേതാക്കള്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ജില്ലാതലത്തില്‍ സബ്കമ്മിറ്റികളെ നിശ്ചയിക്കാനും രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു.

kpcc kerala congress
Advertisment