Advertisment

കൃതിയുടെയും ഫാത്തിമയുടെയും ദുരൂഹ മരണങ്ങള്‍; നീതി തേടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരാണ്ട് !

New Update

കുണ്ടറ : മുളവന സ്വദേശി കൃതിയുടെ ദുരൂഹത നിറഞ്ഞ മരണത്തിന് നാളെ ഒരാണ്ട്. 2019 നവംബർ 11നു മുളവന കശുവണ്ടി ഫാക്ടറി ജംക്‌ഷൻ ചരുവിള പുത്തൻവീട്ടിൽ മോഹനന്റെ ഏക മകൾ കൃതിയെ (25) ഭർത്താവ് വൈശാഖ് ബൈജു (29) കിടപ്പുമുറിയിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണു കേസ്. സംഭവശേഷം ഒളിവിൽ പോയ കൊല്ലം കോളജ് ജംക്‌ഷൻ എംആർഇ 12 ബി ദേവിപ്രിയയിൽ വൈശാഖ് ബൈജു പിറ്റേന്ന് കുണ്ടറ പൊലീസിൽ കീഴടങ്ങി.

Advertisment

publive-image

കുടുംബ പ്രശ്നങ്ങളെ തുടർന്ന് താൻ തന്നെയാണ് കൃതിയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിൽ മൊഴിയും നൽകിയിരുന്നു.എന്നാൽ റിമാൻഡിലായ വൈശാഖിന് 44 ദിവസത്തിനു ശേഷം കോടതി ജാമ്യം നൽകി. പ്രതിയുടെ സ്വാധീനം കൊണ്ട് കേസന്വേഷണം മന്ദഗതിയിലാക്കിതായി കൃതിയുടെ മാതാപിതാക്കൾ ആരോപിക്കുന്നു.

തലച്ചിറ സ്വദേശിയെ വിവാഹം കഴിച്ച കൃതി മകൾക്ക് 4 മാസം പ്രായമായപ്പോൾ വിവാഹ ബന്ധം വേർപെടുത്തി. പിന്നീട് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വൈശാഖിനെ 2018ൽ വിവാഹം കഴിക്കുകയായിരുന്നു. സ്വർണവും പണവും വാഹനവും ഉൾപ്പെടെ വൈശാഖിനു നൽകിയെന്നു കൃതിയുടെ പിതാവ് മോഹനൻ പറയുന്നു.

സ്വത്തിന്റെ പേരിലുണ്ടായ തർക്കം പിന്നീട് കൊലപാതത്തിൽ കലാശിക്കുകയായിരുന്നെന്നും ഇവർ ആരോപിച്ചു. കൊലപാതകത്തിന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് കുണ്ടറ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വിചാരണ 2021 ജനുവരി 11 ന് കൊല്ലം കോടതിയിൽ തുടങ്ങും.

ചെന്നൈ ഐഐടി വിദ്യാർഥിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തെ കുറിച്ചുള്ള സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്നു പിതാവ് ലത്തീഫ് ആരോപിച്ചു. കുട്ടി മരിച്ച് ഒരു വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയാണ്. 10 മാസമായി അന്വേഷണം സിബിഐ ഏറ്റെടുത്തിട്ട്. ഇക്കഴിഞ്ഞ നവംബർ 2നും അന്വേഷണവുമായി ബന്ധപ്പെട്ടു മൊഴിയെടുക്കാനെത്തുമെന്ന് അധികൃതർ ഫോണിൽ വിളിച്ചറിയിച്ചിരുന്നു.

എന്നാൽ ഇതുവരെയും മൊഴിയെടുക്കാൻ ഉദ്യോഗസ്ഥർ എത്തിയിട്ടില്ല. മരണത്തിനു കാരണക്കാരനായ അധ്യാപകന്റെ പേര് ഫാത്തിമ മൊബൈൽ ഫോണിൽ കുറിപ്പെഴുതി വച്ചിരുന്നു. എന്നാൽ ആരോപണ വിധേയൻ ഇപ്പോഴും ഐഐടിയിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രാഥമിക അന്വേഷണം നടത്തിയ തമിഴ്‌നാട് കോട്ടൂർപുരം പൊലീസിനെതിരെ പരാതി ഉയർന്നതോടെ ചെന്നൈ സിറ്റി പൊലീസിനു കീഴിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ചിനു കേസ് കൈമാറിയിരുന്നു.

41 എംപിമാർ ഒപ്പിട്ട നിവേദനവുമായി ഫാത്തിമയുടെ പിതാവ് ലത്തീഫ്, ഇരട്ട സഹോദരി ഐഷ, അന്നത്തെ കൊല്ലം മേയർ വി.രാജേന്ദ്രബാബു എന്നിവർ എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുകയും തുടർന്ന് സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. വനിതാ ഐജിയുടെ നേതൃത്വത്തിൽ അന്വേഷിക്കുമെന്നു ഉറപ്പു നൽകുകയും ചെയ്തു. പ്രധാനമന്ത്രിയെയും സംഘം സന്ദർശിച്ചിരുന്നു.

fathima latheef krithi mohan
Advertisment