Advertisment

അച്ഛനമ്മമാര്‍ വീട്ടില് ടിവി കണ്ടുകൊണ്ടിരിക്കെ മകള്‍ക്ക് കിടപ്പറയില്‍ ദാരുണാന്ത്യം ; വസ്തുവിന്റെ പ്രമാണം നല്‍കാത്തതിന്റെ പേരില്‍ 25കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ഭര്‍ത്താവ് ; വീട്ടില്‍ നിന്നിറങ്ങി പോകും വഴി ഭാര്യാപിതാവിനെ കാറിടിപ്പിക്കാനും ശ്രമം ; കൊല്ലത്ത് നടന്നത്..

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കുണ്ടറ : ഭാര്യയെ കിടപ്പുമുറിയിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയശേഷം ഭർത്താവ് കാറിൽ കടന്നു കളഞ്ഞു. മുളവന കശുവണ്ടി ഫാക്ടറി ജംക്‌ഷൻ ചരുവിള പുത്തൻവീട്ടിൽ പഞ്ചായത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ മോഹനന്റെയും ബ്യൂട്ടീഷ്യയായ ബിന്ദുവിന്റെയും ഏകമകൾ കൃതി മോഹൻ (25) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് കൊല്ലം കോളജ് ജംക്‌ഷൻ എംആർഎ 12 ബി ദേവിപ്രിയയിൽ വൈശാഖ് ബൈജു (28) ആണ് കാറിൽ രക്ഷപ്പെട്ടത്. ഇയാൾ പിന്നീട് കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണു സംഭവം.

Advertisment

publive-image

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:

കൃതി മോഹൻ നാലു വർഷം മുൻപു തലച്ചിറ സ്വദേശിയെ വിവാഹം ചെയ്തിരുന്നു. അതിൽ മൂന്നു വയസുള്ള മകളുണ്ട്. പിന്നീട് ഭർത്താവുമായി പിണങ്ങി വിവാഹബന്ധം വേർപെടുത്തി. കുടുംബസുഹൃത്തു വഴി വൈശാഖിന്റെ ആലോചന വന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ടിനു വൈശാഖുമായുള്ള വിവാഹം നടന്നു. വൈശാഖിന്റേത് ആദ്യ വിവാഹമാണ്. ഗൾഫിലേക്കു പോയ വൈശാഖ് ഒരു മാസം കഴിഞ്ഞു മടങ്ങി. ഇതര സംസ്ഥാനങ്ങളിൽ പ്രഫഷനൽ കോഴ്സുകൾക്കു പ്രവേശനം നേടി കൊടുക്കുന്ന ഏജന്റായി പ്രവർത്തിക്കുകയായിരുന്നു.

ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞു കൃതിയുടെ വീട്ടുകാരിൽ നിന്നു വസ്തു പണയപ്പെടുത്തി 10 ലക്ഷം രൂപ വാങ്ങിയതായി സൂചനയുണ്ട്. രണ്ടാഴ്ച മുൻപു വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ടെങ്കിലും കൃതി നൽകിയില്ല. ഇതിന്റെ പേരിൽ ഇരുവരും പിണങ്ങി. വീട്ടിൽ ബഹളം കൂട്ടിയ ശേഷം വൈശാഖ് കൊല്ലത്തേക്കു പോയി. ഒരാഴ്ചയായി മുളവനയിലെ വീട്ടിലേക്ക് എത്തിയിരുന്നില്ല. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ മുളവനയിലെ വീട്ടിലെത്തി. കുറച്ചു സമയം എല്ലാവരുമായി സംസാരിച്ച ശേഷം കിടപ്പുമുറിയിലേക്കു പോയി

വീട്ടുകാർ ടിവി കാണുകയായിരുന്നു. രാത്രി 9.30ന് ബിന്ദു കതകിൽ തട്ടി ആഹാരം കഴിക്കാൻ വിളിച്ചെങ്കിലും കുറച്ചു കഴിഞ്ഞു മതിയെന്നു പറഞ്ഞു. രാത്രി പത്തര കഴിഞ്ഞിട്ടും രണ്ടാളെയും കാണാത്തതിനെ തുടർന്നു ബിന്ദു വീണ്ടും വിളിച്ചു. വൈശാഖ് കതക് തുറന്നു. അപ്പോൾ കൃതി കട്ടിലിൽ കിടക്കുകയായിരുന്നു. ഭാര്യയ്ക്ക് എന്തോ അസ്വസ്ഥതയാണെന്നും ആശുപത്രിയിൽ കൊണ്ടുപോകാമെന്നും പറഞ്ഞ് കട്ടിലിൽ നിന്നും എടുത്തപ്പോൾ വീട്ടുകാർക്കു സംശയം തോന്നി. വൈശാഖ് പെട്ടെന്നു തന്നെ കൃതിയെ തറയിൽ കിടത്തി മുറ്റത്തേക്കിറങ്ങി.

ഈ സമയം കൃതിയുടെ പിതാവ് പിന്നാലെ ഓടിയെത്തി. വൈശാഖ് കാറിൽ കയറി സ്റ്റാർട്ടാക്കിയപ്പോൾ മോഹനൻ വണ്ടിയുടെ മുന്നിൽ തടസ്സം നിന്നു. ഇടിച്ചു വീഴ്ത്തുന്ന തരത്തിൽ വണ്ടി മുന്നോട്ട് എടുത്തപ്പോൾ ഭയന്നു മാറി. തുടർന്നു വൈശാഖ് അമിത വേഗത്തിൽ കാറോടിച്ചു പോവുകയായിരുന്നു. ഉടനെ വീട്ടുകാർ കുണ്ടറ പൊലീസിൽ വിവരമറിയിച്ചു. പൊലീസും വാർഡ് മെമ്പർ സിന്ധു രാജേന്ദ്രനും സ്ഥലത്തെത്തി. ചൊവ്വാഴ്ച രാത്രി കുണ്ടറ പൊലീസ് സ്റ്റേഷനിൽ എത്തിയ വൈശാഖ് കീഴടങ്ങുകയായിരുന്നു.

Advertisment