Advertisment

കെഎസ്ഇബിയുടെ ആലപ്പുഴ, പുന്നപ്ര 66 കെ.വി സബ്‌സ്റ്റേഷനുകൾ ശേഷി ഉയർത്തുന്നതിന് 31 കോടി അനുവദിച്ചു

New Update

publive-image

Advertisment

ആലപ്പുഴ: കെഎസ്ഇബിയുടെ ആലപ്പുഴ, പുന്നപ്ര 66 കെ.വി. സബ്‌സ്റ്റേഷനുകൾ 110 കെ.വി. യായി ഉയർത്തി ശേഷി വർധിപ്പിക്കുന്നതിനായി 31 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇതിൻറെ ഭാഗമായി പഴയ ടവറുകൾ മാറ്റി സ്ഥാപിക്കും.

കുട്ടനാട് പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന പള്ളം - പുന്നപ്ര 110 കെ.വി. എക്‌സ്ട്രാ ഹൈ ടെൻഷൻ ലൈനിൽ പൂപ്പളളി ഭാഗത്തു നിന്നാണ് പുതിയ സബ്‌സ്റ്റേഷനിലേക്ക് ഒൻപത് കിലോമീറ്റർ ദൈർഘ്യമുള്ള 110 കെ.വി. ഡബിൾ സർക്യൂട്ട് ലൈൻ എത്തിക്കുന്നത്.

കാലഹരണപ്പെട്ട 66 കെ.വി. ടവറുകൾ മാറ്റി പകരം അതേ സ്ഥാനത്ത് പുതിയ 110 കെ.വി. ടവറുകൾ സ്ഥാപിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ആകെയുള്ള 43 ടവറുകളിൽ 24 എണ്ണം നഗര പ്രദേശത്തും ബാക്കിയുള്ളവ പാടശേഖരങ്ങളിലുമാണ്.

നിലവിലുള്ള ടവറുകൾ പൊളിച്ചുനീക്കി അതേ സ്ഥാനത്താണ് പുതിയ 'നാരോ ബേസ്ഡ് ടവർ' ഉയരം കൂട്ടി നിർമ്മിക്കുക. നിലവിലുള്ള ടവറുകളുടെ ചുവട് വിസ്തീർണ്ണത്തേക്കാൾ കുറവു സ്ഥലമേ പുതിയ ടവറുകൾക്ക് വേണ്ടി വരൂ എന്നത് സ്ഥലം ഉടമകൾക്ക് സഹായകരമാണ്.

പഴയവ പൊളിച്ചുമാറ്റി പുതിയ ടവർ സ്ഥാപിക്കുന്ന ഘട്ടത്തിൽ, വസ്തു ഉടമകൾക്ക് ഉണ്ടാകുന്ന അസൗകര്യങ്ങളും നാശനഷ്ടങ്ങളും പരിഹരിക്കാൻ ആവശ്യമായ നടപടികളും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജൂലൈ അവസാനത്തോടെ ആരംഭിച്ച് സെപ്റ്റംബർ മാസത്തോടെ പൂർത്തിയാക്കുന്ന വിധത്തിലാണ് നിർമ്മാണം. നിർമ്മാണ പ്രവർത്തികൾക്ക് മുന്നോടിയായി വസ്തു ഉടമകൾക്കുണ്ടാകുന്ന ആശങ്കകൾക്ക് പരിഹാരം കാണാൻ ചേർന്ന യോഗം എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

വൈദ്യുത ഭവനിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ജയിംസ് ജോസ് അധ്യക്ഷനായി. അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഉണ്ണികൃഷ്ണൻ സ്ഥലം ഉടമകളുടെ സംശയങ്ങൾക്ക് മറുപടി നൽകി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സുരേഷ് കുമാർ, വാർഡ് കൗൺസിലർമാർ എന്നിവർ യോഗത്തിൽ സന്നിഹിതരായി.

-ഉമേഷ്‌ ആലപ്പുഴ

KSEB
Advertisment