Advertisment

‘പൊള്ളച്ചിട്ടി 4 കോടി ടാർഗറ്റ് തികയ്ക്കാൻ: ഒരാൾക്ക് ബെനാമി പേരിൽ 20 ചിട്ടികൾ, 2 ലക്ഷത്തിനു മുകളിൽ മാസ അടവു വരുന്ന ചിട്ടികളിൽ ചേരുന്ന ചിലർ കള്ളപ്പണം വെളുപ്പിക്കുന്നു; വിജിലൻസിനു ലഭിച്ച വിവരങ്ങൾ ഇങ്ങനെ

New Update

തിരുവനന്തപുരം : കെഎസ്എഫ്ഇ ബ്രാഞ്ചുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത് രണ്ടാഴ്ചയിലേറെ നീണ്ട രഹസ്യാന്വേഷണത്തിനുശേഷം. കള്ളപ്പണം വെളുപ്പിക്കുന്നു എന്നതുൾപ്പെടെയുള്ള പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

Advertisment

publive-image

കഴിഞ്ഞ 10നാണ് കെഎസ്എഫ്ഇയിൽ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്താൻ വിജിലൻസ് യൂണിറ്റുകൾക്കു നിർദേശം നൽകിയത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 27ന് മിന്നൽ പരിശോധന നടത്താനും അന്നുതന്നെ നിർദേശിച്ചിരുന്നു.

കെഎസ്എഫ്ഇയുടെ നിലനിൽപിനെത്തന്നെ ബാധിക്കുന്ന രീതിയിൽ ക്രമക്കേടുകൾ നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടത്താൻ തീരുമാനിച്ചതെന്ന് യൂണിറ്റുകൾക്ക് നൽകിയ അറിയിപ്പിൽ പറയുന്നു.

വിജിലൻസിനു ലഭിച്ച വിവരങ്ങൾ:

∙ ചിട്ടി തുടങ്ങുമ്പോൾ ലഭിക്കുന്ന തുക ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിച്ച് പലിശ വാങ്ങുന്നതിനു പകരം വകമാറ്റുന്നു. ∙ ചെക്കുകൾ വഴിയുള്ള തുക ലഭിക്കുന്നതിനു മുൻപുതന്നെ ചിട്ടികളിൽ അംഗങ്ങളാക്കുന്നു. ∙ മൾട്ടിഡിവിഷൻ ചിട്ടിയിൽ ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ചിലർ 50 മുതൽ 100 നറുക്കുകൾവരെ കൈവശം വയ്ക്കുന്നു.

ഇത്തരക്കാർ പിന്നീടു ലഭിച്ച ചിട്ടി മാത്രം അടയ്ക്കുകയും മറ്റുള്ളവയിൽ വീഴ്ച വരുത്തുകയും ചെയ്യുന്നു. ഈ വിഹിതം കെഎസ്എഫ്ഇ തനതു ഫണ്ടിൽ നിന്നു നൽകുന്നു. ∙ ബ്രാഞ്ച് മാനേജർമാർക്ക് 4 കോടി രൂപ വരെയുള്ള വാർഷിക ടാർഗറ്റിന്റെ ഭാഗമായി മതിയായ ആളുകൾ ഇല്ലാതെ വ്യാജപ്പേരുകൾ ചേർത്തു വലിയ തുകയ്ക്കുള്ള പൊള്ളച്ചിട്ടി തുടങ്ങി വൻ നഷ്ടമുണ്ടാക്കുന്നു. ∙ 2 ലക്ഷത്തിനു മുകളിൽ മാസ അടവു വരുന്ന ചിട്ടികളിൽ ചേരുന്ന ചിലർ കള്ളപ്പണം വെളുപ്പിക്കുന്നു.

ബെനാമി പേരുകളിൽ ചിട്ടിയിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും വലിയ തുക മാസത്തവണയിൽ ഒരേ ശാഖയിൽ ഒട്ടേറെ ചിട്ടികളിൽ ചേർന്ന ഇടപാടുകാരുടെയും വിവരങ്ങൾ വിജിലൻസ് ശേഖരിച്ചു. ജീവനക്കാർ ചിട്ടി പിടിക്കുന്നതായും കണ്ടെത്തി. തൃശൂരിലെ ഒരു ശാഖയിൽ രണ്ടു പേർ 20 ചിട്ടികളിലും മറ്റൊരാൾ 10 ചിട്ടിയിലും ചേർന്നതായും പണം വകമാറ്റിയതായും കണ്ടെത്തി.

വിജിലൻസ് നടപടിയിൽ ദുരൂഹതയുണ്ടെന്ന് കെഎസ്എഫ്ഇ ചെയർമാൻ പീലിപ്പോസ് തോമസ് ആരോപിച്ചു. പരിശോധന നടത്തുമ്പോൾ ചീഫ് എക്സിക്യൂട്ടീവിനെ അറിയിക്കേണ്ടതായിരുന്നു. റെയ്ഡിനു മുൻപോ ശേഷമോ കെഎസ്എഫ്ഇയെ വിവരമറിയിച്ചിട്ടില്ല. വിജിലൻസിൽ നിന്നു വിവരങ്ങൾ പുറത്തുവന്നതു മുൻകൂട്ടി ആസൂത്രണം ചെയ്തതു പോലെയാണ്. ഈ രംഗത്തെ എതിരാളികൾ സ്വാധീനിച്ചോ എന്നു സംശയിക്കാമെന്നും പീലിപ്പോസ് തോമസ് പറഞ്ഞു.

ksfe raid
Advertisment