Advertisment

ജീവനക്കാരുടെ പെന്‍ഷന്‍ കണക്കാക്കുന്നതിന് ഒരു മാസത്തിനുള്ളില്‍ പുതിയ സ്‌കീം തയ്യാറാക്കുമെന്ന് കെ.എസ്.ആര്‍.ടി.സി. സുപ്രീം കോടതിയില്‍; പുതിയ സ്‌കീം ഏഴായിരത്തോളം ജിവനക്കാര്‍ക്കെങ്കിലും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.എസ്.ആര്‍.ടി.സി. കോടതിയെ അറിയിച്ചു

New Update

publive-image

Advertisment

ഡല്‍ഹി: ജീവനക്കാരുടെ പെന്‍ഷന്‍ കണക്കാക്കുന്നതിന് ഒരു മാസത്തിനുള്ളില്‍ പുതിയ സ്‌കീം തയ്യാറാക്കുമെന്ന് കെ.എസ്.ആര്‍.ടി.സി. സുപ്രീം കോടതിയില്‍. സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന അര്‍ഹതപ്പെട്ട കാലഘട്ടംകൂടി പെന്‍ഷന്‍ കണക്കാക്കുന്നതില്‍ പരിഗണിക്കുമെന്നും കോര്‍പറേഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.

പുതിയ സ്‌കീം ഏഴായിരത്തോളം ജിവനക്കാര്‍ക്കെങ്കിലും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.എസ്.ആര്‍.ടി.സി. കോടതിയെ അറിയിച്ചു. പുതിയ സ്‌കീം സംബന്ധിച്ച് സര്‍ക്കാരുമായി വകുപ്പുതല ചര്‍ച്ച ആരംഭിച്ചതായി കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.

സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നതായും കോര്‍പറേഷന്റെ അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കി. പുതിയ സ്‌കീമിലെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി ഡിപ്പോകളുമായി ആശയവിനിമയം നടത്തിവരികയാണ്.

ഏതാണ്ട് ഏഴായിരത്തോളം ജീവനക്കാര്‍ ആനുകൂല്യം ലഭിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോര്‍പറേഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. സ്‌കീം തയ്യാറാക്കുന്നതിന് ഒരു മാസത്തെ സമയം അനുവദിക്കണമെന്ന കോര്‍പറേഷന്റെ ആവശ്യം ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് അംഗീകരിച്ചു.

സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന കാലഘട്ടംകൂടി പെന്‍ഷന്‍ തിട്ടപ്പെടുത്താന്‍ പരിഗണിക്കുമെന്ന് 1999ല്‍ തൊഴിലാളി സംഘടനകളും കോര്‍പറേഷനും തമ്മില്‍ ഒപ്പുവെച്ച കരാറില്‍ വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതിയുടെ അഞ്ചംഗ ബഞ്ചും ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന കാലഘട്ടംകൂടി പെന്‍ഷന്‍ തിട്ടപ്പെടുത്താന്‍ പരിഗണിക്കണമെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു.

NEWS
Advertisment