കെ.എസ്.ആര്‍.ടി.സിയില്‍ നടപടി ആരംഭിച്ച് എംഡി ബിജു പ്രഭാകര്‍; കെ.എം. ശ്രീകുമാറിന് എറണാകുളം സോണ്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായി മാറ്റം; വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെന്ന് സൂചന

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, January 16, 2021

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നടപടി ആരംഭിച്ച് എം.ഡി ബിജു പ്രഭാകര്‍. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ കെ.എം. ശ്രീകുമാറിനെ സ്ഥലംമാറ്റി. എറണാകുളം സോണ്‍ അഡ്മിനിസ്ട്രേഷന്‍ ഓഫിസറായാണ് മാറ്റം. നിലവില്‍ പെന്‍ഷന്‍ ആന്‍ഡ് ഓഡിറ്റ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടറാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് എതിരെ നടപടിയുണ്ടാകും എന്നാണ് സൂചന.

സെൻട്രൽ സോണിലെ സർവീസ് ഓപ്പറേഷന്റെ പൂർണ ചുമതലയിൽ എറണാകുളം ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫിസർ വി.എം. താജുദ്ദീൻ സാഹിബ് തന്നെ തുടരും. വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ/ പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുന്നതിനായി എക്സിക്യൂട്ടീവ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ ) എം. പ്രാതാപദേപിനെ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫിസർ (പെൻഷൻ ആന്റ് ഓഡിറ്റ്) ചുമതല നൽകി മാറ്റി നിയമിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) എം.റ്റി. സുകുമാരനെ എക്സിക്യൂട്ടീവ് ഡയറക്ടറിന്റെ (അഡ്മിനിസ്ട്രേഷൻ) അധിക ചുമതലകൂടി നൽകി സിഎംഡി ബിജു പ്രഭാകർ ഐഎഎസ് ഉത്തരവ് ഇറക്കി.

കെഎസ്ആര്‍ടിസിയില്‍ അടിമുടി അഴിച്ചുപണി ആവശ്യമാണെന്ന് ബിജു പ്രഭാകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എല്ലാ മേഖലകളിലും വ്യാപകമായ അഴിമതിയും ക്രമക്കേടും കണ്ടെത്തി. ടിക്കറ്റ് മെഷീനില്‍ ഉള്‍പ്പെടെ കൃത്രിമം കാട്ടി വന്‍ തുക കൊള്ളയടിക്കുന്നതായി കണ്ടെത്തിയെന്നും എംഡി.

2012-15 കാലയളവില്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് 100 കോടി രൂപ കാണാനില്ല. അന്ന് അക്കൗണ്ട്‌സ് മാനേജരായിരുന്ന ശ്രീകുമാറിന് എതിരെ നടപടി സ്വീകരിക്കും. കെഎസ്ആര്‍ടിസിയെ നന്നാക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജി വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയെ ഈ നിലയിലാക്കിയ ഉന്നതരെ ഉടന്‍ മാറ്റണമെന്നും ബിജു പ്രഭാകര്‍. ഉപജാപങ്ങളുടെ കേന്ദ്രമാണ് കെഎസ്ആര്‍ടിസി ചീഫ് ഓഫീസെന്നും എംഡി നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം ഇപ്പോള്‍ നടപടി ആരംഭിച്ചിരിക്കുന്നത്.

അതേസമയം, ബിജു പ്രഭാകറിന്റെ പരാമര്‍ശത്തിനെതിരെ ഐഎന്‍ടിയുസിയുടെ ഭാഗമായ ടിഡിഎഫ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ബിജു പ്രഭാകര്‍ ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. എളമരം കരീം എംപിയും ബിജു പ്രഭാകറിനെതിരെ രംഗത്തെത്തിയിരുന്നു.

×