Advertisment

ഇടതിന് തുടര്‍ഭരണം കിട്ടിയാല്‍ ഫിറോസ് കുന്നുംപറമ്പിലിനെ തോല്‍പിച്ചു വന്നാലും കെടി ജലീലിന് ഇനി മന്ത്രി സ്ഥാനമുണ്ടാകില്ല. സര്‍ക്കാര്‍ കാലാവധി കഴിയും വരെ രാജി വയ്പിക്കുകയുമില്ല. ജലീലിനെ മുമ്പില്‍ നിര്‍ത്തി മലബാറില്‍ ലീഗിനെതിരെ സമാന്തര പാര്‍ട്ടി രൂപീകരണം ലക്ഷ്യം !

New Update

publive-image

Advertisment

കോഴിക്കോട്: തവനൂരില്‍ ഇത്തവണ തെരഞ്ഞെടുപ്പ് ഫലം എന്തെന്നത് പ്രവചനാതീതം തന്നെ. ഇവിടെ കെടി ജലീലിനെ തോല്‍പിക്കാന്‍ രണ്ടും കല്‍പിച്ചാണ് യുഡിഎഫ് രാഷ്ട്രീയത്തിനതീതമായ ഒരു വ്യക്തിത്വത്തെ തന്നെ രംഗത്തിറക്കിയത്. കോണ്‍ഗ്രസിന്‍റെയും ലീഗിന്‍റെയും മതില്‍ക്കെട്ടുകള്‍ക്കപ്പുറം കടന്നു കയറി വോട്ടുകള്‍ തൂത്തുവാരാന്‍ കഴിവുള്ള ഫിറോസ് കുന്നുംപറമ്പിലിനെ ഇവിടെ അവതരിപ്പിച്ചപ്പോള്‍ തന്നെ മത്സരം കടുകടുത്തയായി മാറിയിരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് വിവാദ നായകനാണെങ്കിലും മലബാറില്‍ ആരാധക വൃന്ദമുള്ള പൊതുപ്രവര്‍ത്തകനായിരുന്നു ഫിറോസ് കുന്നുംപറമ്പില്‍. മുന്‍ ലീഗ് എംഎല്‍എയുടെ ഡ്രൈവര്‍ എന്ന നിലയിലായിരുന്നു കേരള രാഷ്ട്രീയത്തിലേയ്ക്ക് ഫിറോസ് വണ്ടി ഓടിച്ചു കയറ്റിയത്. ഫലം അനുകൂലമായാല്‍ സ്വന്തം വണ്ടിയില്‍ ഡ്രൈവിംങ്ങ് സീറ്റില്‍ നിന്നും മാറിയിരുന്ന് ഫിറോസ് തസസ്ഥാനത്തേയ്ക്ക് യാത്ര തിരിക്കും.

പക്ഷേ സിപിഎമ്മിനെ സംബന്ധിച്ച് കെടി ജലീല്‍ തവനൂരില്‍ തോല്‍ക്കുന്നത് അവര്‍ക്ക് ആലോചിക്കാന്‍ പോലും കഴിയില്ല. കാരണം ജലീലിന്‍റെ വിജയത്തില്‍ ലീഗിന്‍റെ സ്വന്തം മലപ്പുറം മണ്ണില്‍ സിപിഎമ്മിന് ഒരുപാട് സ്വപ്നങ്ങള്‍ ബാക്കി കിടക്കുകയാണ്. നിനച്ചിരിക്കാതെ വന്ന സ്വര്‍ണക്കടത്തിന്‍റെ കുരുക്കഴിഞ്ഞാല്‍ ജലീല്‍ മലബാറില്‍ സിപിഎമ്മിന്‍റെ തുറുപ്പുചീട്ടാകും. ഈ ഊരാക്കുടുക്ക് ഉണ്ടായിരുന്നില്ലെങ്കില്‍ ജലീലിനെ മലബാറില്‍ മറ്റൊരു പാര്‍ട്ടിയുടെ രൂപത്തില്‍ തുറുപ്പു ഗുലാനാക്കാന്‍ തന്നെയായിരുന്നു അവര്‍ ലക്ഷ്യം വച്ചിരുന്നത്.

എന്തായാലും ഒരു കാര്യം ഉറപ്പാണ്. ജലീല്‍ ജയിച്ചു വരികയും ഇടതുപക്ഷം അധികാരത്തിലെത്തുകയും ചെയ്താലും ജലീലിനെ സിപിഎം വീണ്ടും മന്ത്രിയാക്കില്ല. അതിനു സ്വര്‍ണക്കടത്ത് കേസിന്‍റെ അന്വേഷണത്തില്‍നിന്നും ജലീല്‍ പൂര്‍ണമായി മോചിതനാകുന്നതുവരെ കാത്തിരിക്കേണ്ടിവരും. ലോകായുക്തയുടെ പരാമര്‍ശം പുറത്തുവന്നപ്പോള്‍ മുതല്‍ ജലീലിന്‍റെ കാലാവധി അവസാനിക്കാറായ ഔദ്യോഗിക പദവിയില്‍ നിന്നുള്ള രാജിക്ക് മുറവിളി ഉയര്‍ന്നിരുന്നു. ആ രാജി ഒഴിവാക്കാന്‍ മെയ് രണ്ട് വരെ ഏത് വിധേനയും പ്രതിരോധിച്ച് പിടിച്ചുനില്‍ക്കാനാണ് സിപിഎമ്മിന്‍റെ തീരുമാനം.

പക്ഷേ  തുടര്‍ഭരണം വന്നാല്‍ ജലീലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി വിവാദങ്ങള്‍ക്ക് നിന്നുകൊടുക്കാന്‍ സിപിഐ ഒരുക്കമല്ല. ഇനി ഇടതുപക്ഷം പ്രതിപക്ഷത്താണെങ്കില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ജലീലിനെ മുന്നില്‍ നിര്‍ത്തി ലീഗിനെതിരെ സമാന്തര പാര്‍ട്ടി രൂപീകരിക്കാനാണ് സിപിഎം ഉദ്ദേശിക്കുന്നത്. അത്തരം ഒരു നീക്കം രണ്ട് വര്‍ഷം മുമ്പ് പ്ലാന്‍ ചെയ്തിരുന്നെങ്കിലും അദ്ദേഹം തുടര്‍ച്ചയായി വിവാദങ്ങളില്‍ കുരുങ്ങിയതോടെ നടക്കാതെ പോകുകയായിരുന്നു.

kt jaleel kozhikode news
Advertisment