Advertisment

കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാകിസ്താന്‍ അപമാനിച്ചു; കുടുംബത്തെ മാതൃഭാഷ സംസാരിക്കാന്‍ അനുവദിച്ചില്ല; പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം

New Update

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. കുല്‍ഭൂഷണിനെ കാണാനെത്തിയ കുടുംബത്തെ പാകിസ്താന്‍ അപമാനിച്ചുവെന്ന് ഇന്ത്യ ആരോപിച്ചു. സുരക്ഷയുടെ പേരില്‍ ഭാര്യയുടെ താലി ഉള്‍പ്പടെയുള്ള ആഭരണങ്ങള്‍ അഴിച്ചുവെപ്പിച്ചു. നെറ്റിയില്‍ അണിഞ്ഞിരുന്ന പൊട്ട് പോലും മാറ്റി. പിന്നീട് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ നിര്‍ബന്ധിച്ച് അഴിപ്പിച്ചശേഷം പാകിസ്താന്‍ നല്‍കിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇവരുടെ ചെരുപ്പുകളും ഊരി മാറ്റാന്‍ ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisment

publive-image

രണ്ടു മുറികളിലാണ് ഇരുത്തുകയെന്ന കാര്യം നേരത്തെ അറിയിച്ചില്ല. കുല്‍ൂഷണ്‍ ജാദവിന്റെ അമ്മയെ മാതൃഭാഷ സംസാരിക്കാന്‍ അനുവദിച്ചില്ല. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ മുറിയില്‍ നിന്ന് മാറ്റിനിര്‍ത്തി. മുമ്പ് നല്‍കിയ ഉറപ്പുകളില്‍ നിന്ന് പാകിസ്താന്‍ പിന്നോട്ട് പോയെന്നും വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. കുൽഭൂഷണിന്റേത് സമ്മർദത്തിന്റെ ശരീരഭാഷയായിരുന്നെന്നും പാകിസ്താന്റെ നുണപ്രചാരണങ്ങൾ ഏറ്റുപറയിക്കുകയായിരുന്നെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പാകിസ്താനിൽ നിന്നു മടങ്ങിയെത്തിയ ഭാര്യയും അമ്മയും ചൊവ്വാഴ്ച രാവിലെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ കണ്ടിരുന്നു.

കനത്ത സുരക്ഷയിൽ പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ഓഫിസിലായിരുന്നു കുൽഭൂഷൺ കുടുംബത്തെ കണ്ടത്. 40 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. 22 മാസത്തിനു ശേഷമാണ് ഭാര്യ ചേതനയും അമ്മ അവന്തിയും കുൽഭൂഷണെ കണ്ടത്. കൂടിക്കാഴ്ച ചിത്രീകരിക്കാന്‍ പാക് മാധ്യമങ്ങള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കൂടിക്കാഴ്ചയ്ക്കു ശേഷം വൈകിട്ടോടെ കുടുംബാംഗങ്ങള്‍ ഇന്ത്യയിലേക്ക് മടങ്ങി. പാകിസ്താന്റെ കസ്റ്റഡിയിലായ ശേഷം ആദ്യമായാണ് കുല്‍ഭൂഷണ്‍ കുടുംബാംഗങ്ങളെ കണ്ടത്. ഇസ്ലാമാബാദില്‍ എത്തിയ കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തിന് വിമാനത്താവളം മുതല്‍ പ്രത്യേക കമാന്‍ഡോ സുരക്ഷയാണ് ഒരുക്കിയത്.

ഇന്ത്യയ്ക്കുവേണ്ടി ബലൂചിസ്താനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവൃത്തിയും നടത്തിയെന്നാരോപിച്ചാണ് കഴിഞ്ഞ ഏപ്രിലില്‍ പാക് സൈനിക കോടതി ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാല്‍ പാകിസ്താന്റെ വിധിക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയും വധശിക്ഷ തടഞ്ഞുകൊണ്ടുള്ള വിധി നേടുകയും ചെയ്തു. ഭീകരവാദ പ്രവര്‍ത്തനത്തിന് ബലൂചിസ്താനിലേക്ക് കടന്നുകയറിയ ജാദവിനെ സൈന്യം പിടികൂടുകയായിരുന്നെന്ന് പാകിസ്താന്‍ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചത്. എന്നാല്‍, ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇറാനിലെത്തിയ ജാദവിനെ പാകിസ്താന്‍ ബലൂചിസ്താനിലേക്ക് തട്ടിക്കൊണ്ട് പോയതാണെന്ന് ഇന്ത്യയും അറിയിച്ചു. തുടര്‍ന്ന് അന്താരാഷ്ട്ര കോടതി ജാദവിന്റെ വധശിക്ഷ തടയുകയായിരുന്നു.

Kulbhushan Jadhav
Advertisment