വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ യെദ്യൂരപ്പയ്ക്ക് എന്താണ് ഇത്ര ധൃതി’ , എന്തുകൊണ്ടാണ് ചര്‍ച്ച ഇന്നുതന്നെ അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെടുന്നത് ? ;  വിധാന്‍ സൗധയില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് കുമാരസ്വാമി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, July 18, 2019

ബെംഗളുരു: കര്‍ണാടക വിധാന്‍ സൗധയില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. വിശ്വാസ വോട്ടെടുപ്പിന് സമയം നിശ്ചയിക്കണമെന്ന് ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ പറഞ്ഞതോടെയാണ് കുമാരസ്വാമി വിമര്‍ശനവുമായി രംഗത്തുവന്നത്.

‘വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ യെദ്യൂരപ്പയ്ക്ക് എന്താണ് ഇത്ര ധൃതി’എന്ന് കുമാരസ്വാമി ചോദിച്ചു. ‘എന്തുകൊണ്ടാണ് ചര്‍ച്ച ഇന്നുതന്നെ അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെടുന്നത്.

വിശ്വാസ വോട്ട് നേരിടേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് നമ്മള്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. കോടതി ഉത്തരവിനെക്കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്. പക്ഷേ സ്പീക്കറെക്കുറിച്ച് അവര്‍ സംശയം ഉന്നയിച്ചിരിക്കുകയാണ്.’ കുമാരസ്വാമി പറഞ്ഞു.

‘എന്റെ പ്രവര്‍ത്തനത്തില്‍ സന്തുഷ്ടരാണെന്നാണ് ഭൂരിപക്ഷം എം.എല്‍.എമാരും പറഞ്ഞത്. ചിലര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു, പക്ഷേ ഇപ്പോഴും എനിക്ക് സ്വാഭിമാനമുണ്ട്.’ കുമാരസ്വാമി പറഞ്ഞത്.

×