കുമാരസ്വാമിയുടെ സത്യപ്രതിഞ്ജ പ്രതിപക്ഷ പാര്‍ട്ടികളുടെ ആഘോഷമാക്കാന്‍ തീരുമാനം. മന്‍മോഹന്‍സിംഗും സോണിയാഗാന്ധിയും 6 മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും പങ്കെടുക്കും. ചടങ്ങ് ബുധനാഴ്ചയാകാന്‍ സാധ്യത

ജെ സി ജോസഫ്
Saturday, May 19, 2018

ബാംഗ്ലൂര്‍ : കര്‍ണ്ണാടകയിലെ പുതിയ കോണ്‍ഗ്രസ് – ജെ.ഡി.എസ് സര്‍ക്കാരിന്‍റെ സത്യപ്രതിഞ്ജയും ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ ആഘോഷമാക്കാന്‍ തീരുമാനം. ഇതിനായി എച്ച്‌​.ഡി കുമാരസ്വാമിയുടെ സത്യപ്രതിഞ്ജ ബുധനാഴ്​ചയിലേയ്ക്ക് മാറ്റി .

നേരത്തെ തിങ്കളാഴ്​ചയാണ്​ സത്യപ്രതിജ്ഞ നിശ്​ചയിച്ചതെങ്കിലും രാജീവ്​ ഗാന്ധിയുടെ ചരമവാര്‍ഷികമായത് പരിഗണിച്ചുകൂടി ഇത് മാറ്റി വയ്ക്കുകയായിരുന്നു.

മാത്രമല്ല സത്യപ്രതിജ്ഞ ബിജെപി സര്‍ക്കാരുകള്‍ അധികാരമേല്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമിത് ഷായും പങ്കെടുക്കുന്ന മോഡലില്‍ ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ ആഘോഷമാക്കി മാറ്റാനാണ് തീരുമാനം.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌, സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മത ബാനര്‍ജി, ആന്ദ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു, തെലുങ്ക് ദേശം മുഖ്യമന്ത്രി ചന്ദ്രശേഖരറാവു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, പ്രതിപക്ഷ നേതാക്കളായ മായാവതി, അഖിലേഷ്​ യാദവ്​, സീതാറാം യെച്ചൂരി, ശരത് യാദവ് എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ചടങ്ങില്‍ സംബന്ധിപ്പിക്കും.

ഗവര്‍ണറുമായി കൂടികാഴ്​ച നടത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം കുമാരസ്വാമി ഉന്നയിച്ചിട്ടുണ്ട്​. കോണ്‍ഗ്രസ്​ നേതാവ്​ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയാവു൦. യെദൂരപ്പ സര്‍ക്കാരിന്‍റെ അട്ടിമറി ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിച്ച ഡികെ ശിവകുമാറും ഉപമുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ട് .

എന്നാല്‍ സമുദായ സമവാക്യങ്ങള്‍ ഇദ്ദേഹത്തിനു പ്രതികൂലമാണ്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഒരേ സമുദായത്തില്‍ നിന്നും ആകുന്നത് മറ്റു പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം . അങ്ങനെയെങ്കില്‍ ആഭ്യന്തര വകുപ്പോടുകൂടി അദ്ദേഹം മന്ത്രിസഭയിലെ ശക്തനായി മാറും.

മുപ്പതംഗ മന്ത്രിസഭയായിരിക്കും കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ചെയ്ത്​ അധികാരമേറ്റെടുക്കുക. 20 മന്ത്രിമാര്‍ വരെ കോണ്‍ഗ്രസില്‍ നിന്നാകാം ​.

×