തിരുവനന്തപുരത്തിന് മാറ്റം വേണം ; തരൂരിനേക്കാള്‍ തിരുവനന്തപുരം എംപിയാകാന്‍ യോഗ്യന്‍ കുമ്മനം ;ബിജെപിയ്ക്ക് അപ്രതീക്ഷിത പിന്തുണയുമായി ടിപി ശ്രീനിവാസന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, April 20, 2019

തിരുവനന്തപുരം: നരേന്ദ്ര മോദിയേയും കുമ്മനത്തെയും പുകഴ്ത്തിക്കൊണ്ടുള്ള മുന്‍ അംബാസിഡറായ ടിപി ശ്രീനിവാസന്‍റെ പ്രസ്താവന പുറത്ത്  . തിരുവനന്തപുരത്തിന് മാറ്റം വേണമെന്നും ശശി തരൂരിനേക്കാള്‍ തിരുവനന്തപുരം എംപിയാകാന്‍ യോഗ്യന്‍ കുമ്മനം രാജശേഖരനാണെന്നും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.

“ആ പരിപാടിയില്‍ പങ്കെടുക്കാന്‍ രണ്ട് കാരണങ്ങളാണ്. മുമ്പ് വാഷിങ്ടണില്‍ വച്ച് നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. എന്റെ ജന്മനാട്ടില്‍ അതിനുള്ള അവസരം നല്‍കുന്ന ക്ഷണമെന്ന രീതിയിലാണ് പരിപാടിയില്‍ പങ്കെടുത്തത്.

രണ്ടാമത്, തിരുവനന്തപുരത്തിന് മറ്റൊരു എംപി വേണമെന്ന് എനിക്ക് തോന്നുന്നു. തരൂര്‍ അനുഗ്രഹീത എഴുത്തുകാരനും പ്രഭാഷകനുമാണ്. എന്നാല്‍ അദ്ദേഹത്തെ രാഷ്ട്രീയക്കാരനായി കാണുന്നതില്‍ എനിക്ക് നിരാശയായിരുന്നു.

കേരള രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് റോള്‍ ഒന്നുമില്ലായിരുന്നു. എന്നും ഔട്ട്‌സൈഡര്‍ തന്നെയായിരുന്നു. ഇവിടെ നമുക്ക് മണ്ണിന്റെ പുത്രനുണ്ട്. കുമ്മനം. സത്യസന്ധതയും ലാളിത്യവും കൈമുതലായുള്ള പൊങ്ങച്ചമേതുമില്ലാത്ത അഴിമതിക്കറ പുരളാത്ത സാമൂഹിക പ്രവര്‍ത്തകനായ, വലിയ ബാങ്ക് ബാലന്‍സ് ഒന്നുമില്ലാത്ത കുമ്മനം ഇന്ത്യന്‍ പാര്‍ലമെന്റില്‍ തിരുവനന്തപുരത്തെ പ്രതിനിധീകരിക്കണം.

മറ്റൊരു കോണ്‍ഗ്രസുകാരനും ചാന്‍സ് ലഭിക്കാന്‍ സാധ്യതയില്ലാത്തത് പോലെ ഒരാളുടെ മാത്രം കുത്തകയായി തിരുവനന്തപുരം മാറി എന്നാണ് എനിക്ക് തോന്നിയത്. അത് മാറേണ്ടതുണ്ട്. കുമ്മനത്തിന് ഞാന്‍ എല്ലാ ആശംസകളും നേരുന്നു”

×