Advertisment

കുറവിലങ്ങാട് നസ്രാണി മഹാസംഗമം ; ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേയ്ക്ക് 

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കുറവിലങ്ങാട് : ഉണരാം ഒരുമിക്കാം ഉറവിടത്തില്‍ എന്ന ആഹ്വാനവുമായി മാര്‍ത്തോമ്മായുടെ ശ്ലൈഹിക പാരമ്പര്യമുള്ള കുറവിലങ്ങാട് നസ്രാണി സംഗമം എന്ന പേരില്‍ നടക്കുന്ന നസ്രാണികളുടെ സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Advertisment

സെപ്റ്റംബര്‍ ഒന്നിന് 15,000 പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രൗഡഗംഭീരസമ്മേളനവും സംഗമത്തിന്റെ ആദ്യഘട്ടമായി ആഗസ്റ്റ് 25 മുതല്‍ 29 വരെ തീയതികളില്‍ ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന മരിയന്‍ കണ്‍വന്‍ഷനും നടക്കുമെന്ന് സീനിയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, സംഗമം ജനറല്‍ കണ്‍വീനര്‍ ഫാ. തോമസ് കുറ്റിക്കാട്ട് അസി.വികാരിമാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, , ഫാ. മാത്യു വെണ്ണായപ്പിള്ളില്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി എന്നിവര്‍ അറിയിച്ചു.

കൂനന്‍കുരിശ് വരെ ഒരുസഭയായി വളര്‍ന്ന് പിന്നീട് വിവിധ വിഭാഗങ്ങളായി മാറിയ സഭകളുടെ തലവന്മാര്‍ ഒരു വേദിയിലെത്തുന്ന സംഗമത്തില്‍ വിശ്വാസപാരമ്പര്യവും ജന്മവും കര്‍മ്മവും വഴി വിശാല കുറവിലങ്ങാടിനോട് ഇഴചേര്‍ന്നിരിക്കുന്നവരുടെ പ്രതിനിധികള്‍ പങ്കെടുക്കും.

ജീവിതായോധനത്തിന്റെ ഭാഗമായി കുറവിലങ്ങാട് നിന്ന് വിവിധ രാജ്യങ്ങളിലേക്കടക്കം കുടിയേറിയവരുടേയും വിവാഹം വഴി മറ്റ് സ്ഥലങ്ങളിലേക്ക് മാറിയവരുടേയും പ്രതിനിധികള്‍ സംഗമത്തില്‍ എത്തിച്ചേരും. മാര്‍ത്തോമ്മാ നസ്രാണിപാരമ്പര്യം പുലര്‍ത്തുന്ന സഭകള്‍ക്കെല്ലാം കുറവിലങ്ങാടുമായി അഭേദ്യബന്ധമുള്ളവയാണ്.

കുടിയേറ്റമേഖലയിലുള്ള പല കുടുംബങ്ങളുടേയും വേരുകള്‍ കുറവിലങ്ങാടിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. ലോകചരിത്രത്തില്‍ ആദ്യമായി പരിശുദ്ധ ദൈവമാതാവ് പാദസ്പര്‍ശത്താല്‍ അനുഗ്രഹിക്കുകയും സഭാ ചരിത്രത്തില്‍ നിര്‍ണായക നേതൃസ്ഥാനം വഹിക്കുകയും സമാനതകളില്ലാത്ത ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ആഗോളതീര്‍ത്ഥാടന കേന്ദ്രമെന്ന നിലയിലാണ് കുറവിലങ്ങാട് ഇടവക സംഗമം വിളിച്ചു ചേര്‍ക്കുന്നത്.

പന്തക്കുസ്തയെ തുടര്‍ന്ന് വിശ്വാസം ഏറ്റുപറഞ്ഞ യഹൂദ വ്യാപാരികളിലൂടെ പകര്‍ന്നുനല്‍കപ്പെട്ട വിശ്വാസവും ആദ്യനൂറ്റാണ്ടിലും ആവര്‍ത്തിച്ചുള്ളതുമായ മരിയന്‍ പ്രത്യക്ഷീകരണങ്ങളും മാര്‍ തോമാശ്ലീഹായില്‍ നിന്ന് വിശ്വാസം സ്വീകരിച്ച പ്രമുഖ കുടുംബങ്ങളുടെ കുടിയേറ്റവും നാലാം നൂറ്റാണ്ടുമുതല്‍ പതിനേഴാം നൂറ്റാണ്ടുവരെ സഭയെ നയിച്ച അര്‍ക്കദിയാക്കോന്മാര്‍ക്ക് ജന്മമേകുകയും കര്‍മ്മകേന്ദ്രമായി വര്‍ത്തിക്കുകയും ചെയ്തതും കുറവിലങ്ങാടിനെ വിശ്വാസത്തിന്റേയും സര്‍വ്വോപരി നസ്രാണികളുടെ ഉറവിടവും അഭിമാനകേന്ദ്രവുമാക്കി മാറ്റി.

കുറവിലങ്ങാട് കേന്ദ്രീകൃതമായി വളര്‍ന്നു പന്തലിച്ച അവിഭക്ത ക്രൈസ്തവ സഭയുടെ നേരനുഭവും സാക്ഷ്യവുമായി ഈ സംഗമം മാറ്റാനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.

സംഗമദിനമായ സെപ്റ്റംബര്‍ ഒന്നിന് രാവിലെ അന്താരാഷ്ട്ര മരിയന്‍ സിമ്പോസിയം ദേവമാതാ കോളജ് മള്‍ട്ടിമീഡിയ ഹാളില്‍ നടക്കും.

2.30ന് രണ്ടിന് ആരംഭിക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭാ തലവന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വീതിയന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. സീറോ മലങ്കര സഭാ തലവന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിക്‌സ് കാതോലിക്കാബാവ മുഖ്യപ്രഭാഷണം നടത്തും.

മാര്‍ത്തോമ്മാ സഭാ തലവന്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, ക്‌നാനായ യാക്കോബായ സഭാ തലവന്‍ കുര്യാക്കോസ് മാര്‍ സെവേറിയോസ് മെത്രാപ്പോലീത്ത, മലബാര്‍ സ്വതന്ത്ര സഭാ തലവന്‍ ബസേലിയോസ് മാര്‍ സിറിള്‍ മെത്രാപ്പോലീത്ത, പൗരസ്ത്യ അസീറിയന്‍ സഭാ തലവന്‍ മാര്‍ അപ്രേം മെത്രാപ്പോലീത്ത എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കും.

സംഗമത്തിന്റെ ആദ്യഘട്ടമായി നടത്തുന്ന മരിയന്‍ കണ്‍വന്‍ഷന്‍ യക്കോബായ സഭാ തലവന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. സംഗമത്തിന്റെ ഭാഗമായി ഭൂരഹിതരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള അഷ്ടഭവനങ്ങളുടെ താക്കോല്‍ ദാനം നടത്തും.

സംഗമവിജയത്തിനായി ഇടവകയില്‍ പ്രാര്‍ത്ഥനാമണിക്കൂര്‍ ആചരണവും പ്രത്യേക പ്രാര്‍ത്ഥനകളും നടക്കുന്നു. സംഗമത്തില്‍ പങ്കെടുക്കുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഇടവകകള്‍ക്കും പ്രത്യേക മെമന്റോ സമ്മാനിക്കും. സംഗമത്തിലെത്തുന്നവരുടെ പേരുവിവരങ്ങളടക്കം ചരിത്രരേഖയായി സൂക്ഷിക്കാനും പദ്ധതിയുണ്ട്. രജിസ്‌ട്രേഷന്‍ ആഗസ്റ്റ് രണ്ടിന് സമാപിക്കും.

സംഗമത്തിന്റെ തലേദിനമായ ആഗസ്റ്റ് 31ന് ഇടവകയിലെ വൈദികരുടേയും സന്യാസിനിമാരുടേയും സംഗമം നടക്കും. ആഗസ്റ്റ് 31ന് 6.15ന് പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാളിന് ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ കൊടിയേറ്റും.

സീറോ മലങ്കര സഭാതലവന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ, കാഞ്ഞിരപ്പിള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കന്‍, ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവരുടെ കാര്‍മികത്വത്തില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെ തിയതികളില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടക്കും. സെപ്റ്റംബര്‍ എട്ടിന് മേരിനാമധാരി സംഗമവും നടക്കും.

സംഗമത്തിന്റേയും കണ്‍വന്‍ഷന്റേയും പന്തിലിന്റെ കാല്‍നാട്ട് കര്‍മ്മം 28ന് വൈകുന്നേരം 4.15ന് ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ കൈക്കാരന്മാരായ ജോണ്‍ സിറിയക് കരികുളം, സുനില്‍ ഒഴുക്കനാക്കുഴി, സിജോ മുക്കത്ത്, ടിക്‌സണ്‍ മണിമലത്തടത്തില്‍, സംഗമം ജനറല്‍ കോര്‍ഡിനേറ്റര്‍ ഡോ. ടി.ടി മൈക്കിള്‍, കോര്‍ഡിനേറ്റര്‍ ജിയോ കരികുളം, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കുടുംബകൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ ഷാജി മങ്കുഴിക്കരി, സോണ്‍ ലീഡര്‍ ബിജു താന്നിക്കതറപ്പില്‍, കോര്‍ കമ്മിറ്റിയംഗം ബെന്നി കൊച്ചുകിഴക്കേടം എന്നിവര്‍ പങ്കെടുത്തു.

Advertisment