Advertisment

കുട്ടനാട് സീറ്റ് തോമസ്‌ ചാണ്ടിയുടെ സഹോദരന് നല്‍കണമെന്നാവശ്യപെട്ട് കുടുംബം കത്ത് നല്‍കി. വിവാദ നായകനായ തോമസ്‌ കെ തോമസിനെ മത്സരിപ്പിക്കുന്നതില്‍ സിപിഎം വിയോജിപ്പ്‌ അറിയിച്ചേക്കും. എന്‍സിപിക്ക് ജയസാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ ഇല്ലെങ്കില്‍ കുട്ടനാട് സിപിഎം ഏറ്റെടുത്തേക്കും. ഡോ. കെ സി ജോസഫിനായും ചരടുവലികള്‍ സജീവം

New Update

ആലപ്പുഴ : കുട്ടനാട് സീറ്റ് അന്തരിച്ച എം എല്‍ എ തോമസ്‌ ചാണ്ടിയുടെ സഹോദരന്‍ തോമസ്‌ കെ തോമസിന് നല്‍കണമെന്നാവശ്യപെട്ട് കുടുംബം എന്‍ സിപി സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കി.

Advertisment

ശനിയാഴ്ച തോമസ്‌ ചാണ്ടിയുടെ വസതിയിലെത്തിയ എന്‍ സി പി ദേശീയ ജനറല്‍സെക്രട്ടറി ടി പി പീതാംബരന്‍ മാസ്റ്റര്‍ക്ക് തോമസ്‌ ചാണ്ടിയുടെ ഭാര്യ മേഴ്സികുട്ടി കുടുംബത്തിന്‍റെ അഭിപ്രായം സംബന്ധിച്ച കത്ത് കൈമാറിയതായാണ് റിപ്പോര്‍ട്ട്.

publive-image

എന്നാല്‍ തോമസ്‌ ചാണ്ടി എം എല്‍ എ ആയിരിക്കെ നിരവധി ആരോപണങ്ങളില്‍ ഉള്‍പ്പെട്ട സഹോദരനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ സിപിഎം നേതൃത്വത്തിന് ആശങ്കയുണ്ട്. ഭരണകക്ഷിക്ക് നിര്‍ണ്ണായകമായ വിജയം ആവശ്യമുള്ള തെരഞ്ഞെടുപ്പില്‍ ജയസാധ്യതകൂടി പരിഗണിച്ചേ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാവൂ എന്ന് സിപിഎ൦ നേതൃത്വം എന്‍ സി പിയോട് ആവശ്യപ്പെട്ടേക്കും.

അതേസമയം തോമസ്‌ ചാണ്ടിയുടെ മക്കളാരെങ്കിലും മത്സരിക്കാന്‍ തയ്യാറായാല്‍ സിപിഎം അനുകൂല നിലപാട് സ്വീകരിക്കാനും സാധ്യതയുണ്ട്.

തോമസ്‌ കെ തോമസിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ എന്‍സിപിയിലും എതിര്‍പ്പുണ്ട്. സ്ഥാനാര്‍ഥി പാര്‍ട്ടിയില്‍ നിന്നുതന്നെ ആയിരിക്കണം എന്ന അഭിപ്രായമാണ് നേതാക്കള്‍ക്കുള്ളത്. എന്നാല്‍ ചില എന്‍സിപി നേതാക്കളെ തോമസ്‌ കെ തോമസ്‌ തന്‍റെ പക്ഷത്താക്കി രംഗത്തിറക്കിയതും ശ്രദ്ധേയമായി.

മുന്‍പ് തോമസ്‌ ചാണ്ടി നിയമസഭാ സാമാജികനായിരിക്കെ എംഎല്‍എയുടെ ലെറ്റര്‍പാഡ് ദുരുപയോഗം ചെയ്തു, എംഎല്‍എയെ ബന്ധപ്പെടാന്‍ ശ്രമിച്ചയാളെ ഫോണില്‍ ഭീക്ഷണിപ്പെടുത്തി തുടങ്ങിയ വിവാദങ്ങള്‍ ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു.

ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇത്തരം വിവാദങ്ങള്‍ ഉപതെരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന ഭയം പ്രാദേശിക നേതാക്കള്‍ക്കുണ്ട്.

അതേസമയം കുട്ടനാട് സ്ഥാനാര്‍ഥിയെ സംബന്ധിച്ച ചര്‍ച്ചകളിലേയ്ക്ക് പാര്‍ട്ടി കടന്നിട്ടില്ലെന്നാണ് നേതാക്കള്‍ നല്‍കുന്ന വിശദീകരണം. ഇതിനിടെ കുട്ടനാട് സീറ്റ് ജനാധിപത്യ കേരളാ കോണ്‍ഗ്രസുമായി വച്ചുമാറി ചങ്ങനാശ്ശേരി ഏറ്റെടുക്കണമെന്ന മറ്റൊരു പായ്ക്കേജ് എന്‍ സി പിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

ജനാധിപത്യ കേരളാ കോണ്‍ഗ്രസ് കുട്ടനാട് ഏറ്റെടുത്താല്‍ മുന്‍ എം എല്‍ എ ഡോ. കെ സി ജോസഫ് ഇവിടെ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. പിസി ജോസഫ് എക്സ് എംഎല്‍എയുടെ നേതൃത്വത്തിലാണ് ഇതിനുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നത്.

പക്ഷെ ഈ നീക്കത്തോട് സിപിഎമ്മിന് താല്പര്യമില്ല. മാത്രമല്ല എന്‍സിപിക്ക് ജയസാധ്യതയുള്ള സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ തങ്ങള്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാം എന്ന നിലപാടായിരിക്കും സിപിഎം സ്വീകരിക്കുക.

kuttanadu
Advertisment