കുഴിബോബും വെടിയുണ്ടകളും കണ്ടെടുത്ത കുറ്റിപ്പുറം പാലത്തിന് താഴെ വീണ്ടും പരിശോധന ;ഉരുക്കു ഷീറ്റുകള്‍ കണ്ടെത്തി

ന്യൂസ് ബ്യൂറോ, മലപ്പുറം
Friday, January 12, 2018

മലപ്പുറം: കഴിഞ്ഞ ദിവസങ്ങളിലായി കുഴിബോബും വെടിയുണ്ടകളും കണ്ടെടുത്ത കുറ്റിപ്പുറം പാലത്തിന് താഴെ പൊലീസ് വീണ്ടും പരിശോധന നടത്തി. പരിശോധനയില്‍ ഉരുക്കു ഷീറ്റുകള്‍ കണ്ടെത്തി. നേരത്തെ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സ്ഥലത്തിനടുത്ത് ഭാരതപ്പുഴയിലെ വെള്ളം വറ്റിച്ചാണ് പരിശോധന നടത്തിയത്. ടാങ്കുകളും മറ്റും ചെളിയില്‍ താഴ്ന്നു പോകാതിരിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് ഷീറ്റുകളാണു കണ്ടെത്തിയത്്. പൊലീസ് പരിശോധന തുടരുകയാണ്.

കഴിഞ്ഞ ദിവസം സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത കുറ്റിപ്പുറം പാലത്തിനു സമീപത്തു നടത്തിയ തെരച്ചിലില്‍ സൈനികര്‍ ഉപയോഗിക്കുന്ന 440 വെടിയുണ്ടകള്‍ പൊലീസ് വ്യാഴാഴ്ച കണ്ടെടുത്തു. എസ്എല്‍ആര്‍ റൈഫിളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണു കണ്ടെടുത്തത്. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കഴിഞ്ഞദിവസം ഇവിടെനിന്ന് കുഴിബോംബുകള്‍ കണ്ടെത്തിയിരുന്നു. അഞ്ച് ബോംബുകളാണ് കണ്ടെത്തിയത്. സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്ന ‘ക്ലെമോര്‍ മൈന്‍’ വിഭാഗത്തില്‍പ്പെട്ട പഴക്കമേറിയ ബോംബുകളും ഇവയുടെ ബാഗുകളുമാണു കണ്ടെത്തിയത്. കുറ്റിപ്പുറം പാലത്തിന്റെ അഞ്ചും ആറും തൂണുകള്‍ക്കിടയില്‍ 10 മീറ്റര്‍ അകലത്തിലാണു ബോംബുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

×