പൊതുമാപ്പ് : കുവൈറ്റില്‍ താമസ നിയമലംഘകരെ സ്വീകരിക്കുന്നതിന് പുതിയ രണ്ട് കേന്ദ്രങ്ങള്‍ കൂടി ഒരുങ്ങി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, April 5, 2020

കുവൈറ്റ് : കുവൈറ്റില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന താമസ നിയമലംഘകരെ സ്വീകരിക്കുന്നതിന് പുതിയ രണ്ട് കേന്ദ്രങ്ങള്‍ കൂടി ഒരുങ്ങിയതായി ആഭ്യന്തരമന്ത്രാലയം റസിഡന്‍സി അഫയേഴ്‌സ് അറിയിച്ചു.

സ്ത്രീകള്‍ക്കായി ജലീബ് അല്‍ ഷുവൈക്കിലെ റുഫൈദ അല്‍ അസ്ലാമിയ പ്രൈമറി -ഗേള്‍സ് , ബ്ലോക്ക് 4 സ്ട്രീറ്റ് 200 ലും പുരുഷന്‍മാര്‍ക്കായി ജലീബ് അല്‍ ഷുവൈക്കിലെ നയീം ബിന്‍ മസൂദ് സ്‌കൂള്‍- ബോയ്‌സ്, ബ്ലോക്ക് 4, സ്ട്രീറ്റ് 250 എന്നിവടങ്ങളിലാണ് പുതിയ കേന്ദ്രങ്ങള്‍ .

ഏപ്രില്‍ 1 മുതല്‍ 30 വരെയാണ് കുവൈറ്റില്‍ താമസ കുടിയേറ്റ നിയമലംഘകര്‍ക്ക് പൊതുമാപ്പ് അനുവദിച്ചിരിക്കുന്നത്. നിയമലംഘകര്‍ക്ക് പിഴയോ ജയില്‍ ശിക്ഷയോ കൂടാതെ രാജ്യം വിടാനും യാത്രാചിലവും , രാജ്യം വിടുന്നത് വരെയുള്ള താമസവും ഭക്ഷണവും സര്‍ക്കാര്‍ വഹിക്കുമെന്നതാണ് ഇത്തവണത്തെ പൊതുമാപ്പിനുള്ള പ്രത്യേകത.

ഈ മാസം 11 മുതല്‍ 15വരെയാണ് ഇന്ത്യാക്കാര്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം. അതെസമയം ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല . പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് കുവൈറ്റിലെ പ്രത്യേക സാഹചര്യത്തില്‍ എംബസിയില്‍ ഔട്ട്പാസിന് പോകേണ്ടതില്ല . സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ അപേക്ഷ ഫോം വിതരണം ചെയ്ത് ഔട്ട് പാസ്സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് എംബസി അറിയിച്ചിരിക്കുന്നത്.

×