Advertisment

കുവൈറ്റില്‍ 14 ദിവസത്തെ ഇടവേളയില്‍ ഭാര്യയും ഭര്‍ത്താവും മരണത്തിനു കീഴടങ്ങി. ഒന്നിച്ച് ചികിത്സ തേടിയ ഇരുവരുടെയും മരണം കോവിഡ് ബാധിച്ച് ! ആശങ്കയോടെ പ്രവാസി മലയാളി സമൂഹം !    

New Update

publive-image

Advertisment

കുവൈറ്റ്: പ്രവാസകാലത്ത് കോവിഡ് ബാധിച്ച് നിരവധി മലയാളികള്‍ മരിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കുവൈറ്റിലും മലയാളി മരണങ്ങള്‍ നിരവധിയായിരുന്നു. എന്നാല്‍ മലപ്പുറത്തെ മലയാളി ദമ്പതികളുടെ മരണം പ്രവാസികളെ സംബന്ധിച്ച് ഹൃദയഭേദകമാണ്.

കഴിഞ്ഞ മാസം കോവിഡ് സമാനമായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സ തേടിയ മലപ്പുറം സ്വദേശികളായ തിരൂര്‍ ചെങ്ങാട്ട് അബ്ദു റഹ്മാന്‍ (65), ഭാര്യ നാലകത്ത് സുഹറാബി എന്നിവരാണ് രണ്ടാഴ്ചത്തെ ഇടവേളകളില്‍ മരണത്തിന് കീഴടങ്ങിയത്.

ആദ്യം ഈ മാസം 9 -നായിരുന്നു സുഹറാബിയുടെ മരണം. ഇന്നലെയാണ് അബ്ദു റഹ്മാന്‍ മരണത്തിന് കീഴടങ്ങിയത്. ഇന്നലെ മിഷിരിഫ് ഫീല്‍ഡ് അശുപത്രിയില്‍ വച്ചായിരുന്നു ഇദ്ദേഹത്തിന്‍റെ മരണം.

കഴിഞ്ഞ മാസം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുവരും സ്വകാര്യ ക്ലിനിക്കിൽ ചികിൽസ തേടുകയും പിന്നീട്‌ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് ഇരുവരെയും മിഷിരിഫ്‌ ഫീൽഡ്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഫർവ്വാനിയ അൽ ഉമ്മ ട്രാവൽ ഏജൻസിയിലെ ജീവനക്കാരനായിരുന്നു അബ്ദു റഹ്മാൻ. ഇവരുടെ മക്കളായ സെറിൻ, നീലുഫ  എന്നിവർ നാട്ടിലാണ്. കെ.കെ.എം.എ ഖൈത്താൻ ശാഖയിലെ അംഗമാണ് മരണമടഞ്ഞ അബ്ദു റഹ്മാൻ. ഇരുവരുടെയും മൃതദേഹങ്ങൾ കുവൈത്തിൽ സംസ്കരിച്ചു.

അതേസമയം നാട്ടിലേയ്ക്ക് മടങ്ങാന്‍ പ്രായോഗികവും സാങ്കേതികവുമായ ബുദ്ധിമുട്ട് നേരിടുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ആശങ്കയുടെ നിഴലിലാണ്. ഇവിടെ വച്ച് കോവിഡ് ബാധിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യ പരിചരണവും വിദഗ്ദ്ധ വൈദ്യ സഹായവും പ്രവാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്. മൃതദേഹം പോലും നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്നതാണ് സ്ഥിതി.

 

obit news kuwait news
Advertisment