Advertisment

പ്രവാസികള്‍ കോവിഡാനന്തര ഭാരതത്തിന്റെ മുഖ്യ ശില്‍പികള്‍: ഡോ. സി.വി ആനന്ദബോസ്.

New Update

publive-image

Advertisment

കുവൈറ്റ്: കോവിഡാനന്തര ഭാരതത്തിന്റെ മുഖ്യ ശില്‍പികള്‍ പ്രവാസികളായിരിക്കുമെന്ന് മുതിര്‍ന്ന ഭരണകര്‍ത്താവും കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ ഉപദേശക സമിതിയിലെ ഏകാംഗ വിദഗ്ധ കമ്മീഷനുമായ ഡോ. സി.വി ആനന്ദബോസ്. കുവൈറ്റ് എഫ് ബി ഗ്രൂപ്പ് കോവിഡാനന്തര ഭാരതം: മാര്‍ഗരേഖ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനെറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

publive-image

കോവിഡ് ഉളവാക്കിയ പ്രതിസന്ധിയെ ഇന്ത്യ അതിജീവിക്കുക തന്നെ ചെയ്യും. ഈ വെല്ലുവിളിയെ അവസരങ്ങളാക്കി മാറ്റാന്‍ രാജ്യത്തിനു കഴിയണം. തിരിച്ചടിയില്‍ നിന്ന് നവോന്‍മേഷത്തോടെ തിരിച്ചുവരുന്ന ഇന്ത്യയുടെ മഹത്തായ ചരിത്രം ഇവിടെ ആവര്‍ത്തിക്കപ്പെടുമെന്ന് ഡോ. ആനന്ദബോസ് നിരീക്ഷിച്ചു.

രാജ്യം കഷ്ടപ്പാടുകളിലൂടെ കടന്നുപോയപ്പോള്‍ താങ്ങി നിര്‍ത്തിയ പ്രവാസികളെ ഈ പ്രതിസന്ധി ഘട്ടത്തില്‍ താങ്ങേണ്ടത് രാഷ്ട്രത്തിന്റെ കടമയാണ്. അതിനു കഴിയുന്നില്ലെങ്കില്‍ അത് പരിഹാരമില്ലാത്ത പാപമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഈ ലക്ഷ്യത്തോടെ ദേശീയ സാമൂഹ്യ സുരക്ഷാ ബോര്‍ഡും പ്രത്യേക സാമ്പത്തിക മേഖലകളും രൂപീകരിക്കണം.

പട്ടിണി കൂടാതെ രാജ്യത്തെ കാത്ത പ്രവാസിയുടെ വിശ്വാസം തകരാന്‍ ഇടയാകരുത്. നിക്ഷേപ സന്നദ്ധതയോടെയെത്തുന്ന പ്രവാസിക്ക് സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിസഹകരണം മൂലം പത്മവ്യൂഹത്തിലകപ്പെട്ട അഭിമന്യൂവാണ് താനെന്ന് കരുതാന്‍ സാഹചര്യമുണ്ടാവരുതെന്ന് അദ്ദേഹം കൂട്ടിച്ചെര്‍ത്തു.

ബ്യുറോക്രസിയുടെ തടസങ്ങള്‍ക്കപ്പുറം അസാധാരണ സാഹചര്യങ്ങളെ നേരിടാന്‍ അസാധാരണ തീരുമാനങ്ങളെടുക്കുന്ന അഡ്‌ഹോക്രസിയുടെ പ്രായോഗിക ക്ഷമമായ സമീപനമാണ് ഉണ്ടാകേണ്ടത്. നിലവിലെ പ്രതിസന്ധിയില്‍ അത്തരത്തില്‍ വേഗത്തിലുള്ള പല നടപടികളും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു.

കോവിഡ് അനന്തര കാലത്ത് ചൈനയില്‍ നിന്ന് പറിച്ച് നേടാനാഗ്രഹിക്കുന്ന സ്ഥാപനങ്ങളെ കേരളത്തിലേക്ക് ഫലപ്രദമായി ആകര്‍ഷിക്കാന്‍ കഴിയുന്ന കര്‍മ്മ കുശലതയുള്ള നടപടികളുണ്ടാവണം.

സമീപനത്തില്‍ മാറ്റം വരുത്തി വേണം മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം സാധിക്കേണ്ടത്. പ്രവാസികളുടെ വിവിധ ഭാഷാ പ്രാവീണ്യവും ബഹുവൈദഗ്ധ്യവും കാര്യക്ഷമമായി ഉപയോഗപ്പെട്ടുത്തുകയും പുനഃവൈദഗ്ധ്യവത്ക്കരണത്തിലൂടെ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും വേണം.

കൃഷിയിലേക്ക് തിരിച്ചു പോകണം എന്ന വലിയ തിരിച്ചറിവുണ്ടായ കാലമാണിത്. ജൈവ കൃഷിയുടെ ഹബായി മാറാന്‍ നമ്മുടെ രാജ്യത്തത്തിനു കഴിയും. യൂറോപ്പിനെ തീറ്റിപ്പോറ്റുന്ന ഹോളണ്ടിന്റെ മാതൃക നമ്മുടെ മുന്നിലുണ്ട്. വിളവെടുപ്പ് അനന്തര മാനേജ്‌മെന്റ് മുതല്‍ മൂല്യവര്‍ധന വരെ സമഗ്രതയുള്ള കാര്‍ഷിക സംരംഭകത്വമാണ് ഇതിനുണ്ടാവേണ്ടത്.

പഞ്ചായത്ത്തലം മുതല്‍ അടിത്തറയിട്ട് ഹോര്‍ട്ടി കള്‍ച്ചര്‍ രംഗം വളര്‍ത്തിയെടുക്കണം. വികസിതമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളും സുശിക്ഷിതമായ ആരോഗ്യ രംഗത്തെ മാനവ വിഭവശേഷിയും ആ രംഗത്തും ആഗോള ഹബായി മാറാന്‍ നമ്മെ പ്രാപ്തരാക്കുന്നു.

കോവിഡ് കാലത്ത് ആഡംബരങ്ങള്‍ക്ക് പകരം അത്യാവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ നാം പഠിച്ചു. മഹാമാരിയുടെ ദിനങ്ങളില്‍ നാം കാറല്ല, പയറാണ് അന്വേഷിച്ചത്. ആത്മവിശ്വാസം നിലനിര്‍ത്തി ഐക്യം ഊട്ടിയുറപ്പിച്ച് നാം മുന്നേറണം, സ്വാഭാവികമായി ഇന്ത്യ നേതൃപരമായ പങ്ക് വഹിക്കുന്ന ഒരു പുതിയ ലോകക്രമം ഉടലെടുക്കുമെന്ന് ഡോ. ആനന്ദ ബോസ് അഭിപ്രായപ്പെട്ടു.

കോവിഡാനന്തര കാലത്ത് ഉദാരവത്കരണത്തിന്റെ രൂപവും ഭാവവും മാറുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ ചൂണ്ടിക്കാട്ടി. വെബിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്പാദനം പ്രാദേശിക അടിസ്ഥാനത്തില്‍ വളര്‍ച്ച പ്രാപിക്കും; കൂടുതല്‍ ചെറുകിട കമ്പനികളും സ്വദേശി ഉത്പന്നങ്ങളും പ്രാമുഖ്യം നേടും. ഇതുമൂലം വൈദഗ്ധ്യ മേഖലകളിലും നിക്ഷേപരംഗത്തും പ്രവാസികള്‍ക്ക് നിരാശപ്പെടേണ്ടി വരില്ല. പാരമ്പര്യത്തിനും നാട്ടറിവുകള്‍ക്കും ആയുര്‍ വേദത്തിനും മുന്‍തൂക്കമുള്ള സാഹചര്യമാണ് ഉരുത്തിരിയുന്നത് - അദ്ദേഹം പറഞ്ഞു.

വിവിധ മണ്ഡലങ്ങളില്‍ നിന്ന് വെബിനറില്‍ പങ്കെടുത്തവര്‍ പങ്കുവച്ച ആശയങ്ങള്‍ സുഭദ്രമായ ഒരു ഭാവിയിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു; ആശങ്കകള്‍ പ്രവാസി സമൂഹത്തിന്റെ വിങ്ങലുകള്‍ തുറന്നുകാട്ടി. ജേക്കബ് ചണ്ണപ്പേട്ട ആമുഖ പ്രഭാഷണം നടത്തി.

ബാബുജി ബത്തേരി മോഡറേറ്ററായിരുന്നു. അഡ്വ. സൈമണ്‍ അലക്‌സ്, ഡോ. അമീര്‍, തോമസ് മാത്യു കടവില്‍, ജേക്കബ് തോമസ് കടകംപള്ളില്‍, അഡ്വ. തോമസ് പണിക്കര്‍,ഡോ . ടി. എ. രമേശ്, രാജീവ് നടുവിലേമുറി, ഹംസ പയ്യന്നൂര്‍, കെ.പി സുരേഷ്, ബാബു ഫ്രാന്‍സീസ്, മോഹന്‍ ജോര്‍ജ്, അനില്‍ ഫിലിപ്പ്, അലക്‌സ് മാത്യു, പ്രദീപ് കുമാര്‍, ബഷീര്‍ ബാത്ത, ജിന്‍സ് പോള്‍ , ജോമോന്‍ എം മങ്കുഴിക്കരി എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചു.

Advertisment