Advertisment

കുവൈറ്റില്‍ ഓശാനപ്പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. കുരിശിലേയ്ക്ക് നമ്മുടെ ചിന്തകളെ നയിക്കുന്നതാകണം കുരിശോലകളെന്ന്‍ ഫാ. ജോൺസൺ നെടുമ്പുറ൦

New Update

publive-image

Advertisment

കുവൈറ്റ് : പുല്‍ക്കൂട്ടില്‍ പിറന്നവന്‍ രാജാവായിട്ടും വിനയാന്വിതനായി കഴുതപ്പുറത്ത് ജനങ്ങള്‍ക്കിടയിലേയ്ക്ക് എഴുന്നള്ളിയതിന്‍റെ ഓര്‍മ്മപുതുക്കാന്‍ വീണ്ടും ഓശാന വരവായി. പ്രവാസി നാട്ടിലെ പരിമിതികള്‍ക്കിടയില്‍ ഓശാന ഞായര്‍ അവധിയില്ലാത്തതിനാല്‍ ശനിയാഴ്ച വൈകിട്ട് പ്രവാസി സമൂഹം ഓശാനപ്പെരുന്നാള്‍ ആഘോഷിച്ചു.

സാൽമിയ സെന്റ് തെരേസാസ് ദേവാലയത്തിൽ ശനിയാഴ്ച വൈകിട്ട് നടന്ന ഓശാന തിരുക്കർമ്മങ്ങൾക്ക് ഫാ. ജോൺസൺ നെടുമ്പുറ൦ മുഖ്യകാർമികത്വം വഹിച്ചു. കുരിശോലകളിലൂടെ നീ എന്നിലും വാഴണമെന്നതാകണം ഓശാനയുടെ ചിന്തകളെന്ന്‍ ഓശാന ഞായര്‍ സന്ദേശത്തില്‍ ഫാ. ജോൺസൺ നെടുമ്പുറ൦ പറഞ്ഞു.

publive-image

കുരിശിലേയ്ക്ക് നമ്മുടെ ചിന്തകളെ നയിക്കുന്നതാകണം കുരിശോലകള്‍. നമ്മുടെ രക്ഷയാണ് ഈ കുരിശോലകള്‍ എന്ന് പറയാന്‍ ഓരോ വിശ്വാസിക്കും ആകണമെന്നും അദ്ദേഹം പറഞ്ഞു.

ഫാ. പി.സി ജെയിംസ് സഹകർമികനായിരുന്നു. സീറോ മലബാർ ആരാധനാക്രമത്തിലുള്ള തിരുക്കർമ്മ ചടങ്ങുകളാണ് നടന്നത്.

കുരുത്തോല വെഞ്ചരിപ്പിനുശേഷം ദിവ്യബലിയോടുകൂടിയാണ് ചടങ്ങുകൾ അവസാനിച്ചത്. ഞായറാഴ്ച പ്രവൃത്തി ദിവസം ആയതിനാൽ നൂറുകണക്കിനു വിശ്വാസികളാണ് ശനിയാഴ്ച രാത്രി തിരുക്കർമ്മങ്ങളില്‍ പങ്കുകൊണ്ടത്.

publive-image

ഇനി ഒരൊറ്റ മന്ത്രം - 'ഓശാന.. ഓശാന.. ദാവീദിന്റെ പുത്രന്‌ ഓശാന'

ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ചയാണ് കുരുത്തോലപ്പെരുന്നാൾ ആചരിക്കുന്നത്. കുരിശിലേറ്റപ്പെടുന്നതിനു മുൻപ്‌ ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും, ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്‌ 'ഓശാന.. ഓശാന.. ദാവീദിന്റെ പുത്രന്‌ ഓശാന' എന്നു പാടി ജനക്കൂട്ടം വരവേറ്റ സംഭവം നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഈ സുവിശേഷ വിവരണങ്ങൾ അടിസ്ഥാനമാക്കിയാണ് വിശ്വാസികള്‍ ഓശാന ഞായർ ആചരിക്കുന്നത്. അന്നേ ദിവസം പള്ളികളിൽ, വിശേഷിച്ച് കത്തോലിക്കാ ദേവാലയങ്ങളിൽ, പ്രത്യേക പ്രാർത്ഥനകളും കുരുത്തോല വെഞ്ചരിപ്പും, കുരുത്തോലകളുമേന്തിയുള്ള പ്രദക്ഷിണവും ഉണ്ട്‌.

publive-image

വിശ്വാസികൾ കുരുത്തോലയെ വളരെ പൂജ്യമായി കൈകാര്യം ചെയ്യുകയും വീട്ടിൽ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്നു.

കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിൽ യേശുവിന്റെ ശിഷ്യന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തെ അനുസ്മരിക്കുന്ന പെസഹാ വ്യാഴാഴ്ച കാച്ചുന്ന പാലിലും കുരുത്തോല ചെറുതായി മുറിച്ചിടുന്ന രീതി നിലവിലുണ്ട്.

publive-image

അതേ ദിവസം ഉണ്ടാക്കുന്ന പുളിക്കാത്തപ്പം അഥവാ ഇൻ‌റിയപ്പത്തിന്റെ നടുവിൽ ഓശാന മുറിച്ചു കുരിശാകൃതിയിൽ വക്കുന്നു.

പിറ്റേവർഷത്തെ പീഡാനുഭവ കാലത്തിന്റെ ആരംഭം കുറിച്ചുകൊണ്ടു വലിയ നോയമ്പ്‌ അഥവാ അൻപതു നോയമ്പ്‌ തുടങ്ങുന്നതിനു മുൻപു വരുന്ന വിഭൂതി പെരുന്നാളിൽ (കുരിശുവരപ്പെരുന്നാൾ) കുരുത്തോല കത്തിച്ച ചാരമുപയോഗിച്ചു നെറ്റിയിൽ കുരിശു വരയ്ക്കുന്നു.

publive-image

റഷ്യയില്‍ കുരിശോലയ്ക്ക് പകരം 'പുസി വില്ലോ'

എന്നാൽ എല്ലാ ക്രൈസ്തവ സഭകളിലും കുരുത്തോലയല്ല ഉപയോഗിക്കുന്നതെന്നു കാണാം. റഷ്യൻ ഓർത്തഡോക്സ് സഭ, യുക്രേനിയൻ ഓർത്തഡോക്സ് സഭ, യുക്രേനിയൻ കത്തോലിക്കാ സഭ തുടങ്ങിയ വിഭാഗങ്ങൾ പുസി വില്ലോ എന്ന ചെടിയാണ് ഓശാന ദിവസം ഉപയോഗിക്കുന്നത്. മറ്റു ചില ഓർത്തഡോക്സ് സഭകളിലാകട്ടെ ഒലിവുമരച്ചില്ലകളും.

ഓശാന ഞായർ വർഷം തോറും, നിശ്ചിത തീയതിയിൽ ആഘോഷിക്കുന്നതിനു പകരം, ചില പ്രത്യേക മാനദണ്ഡങ്ങൾ വച്ചു തീയതി കണക്കാക്കപ്പെടുന്ന ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ച ആചരിക്കുന്നതിനാൽ മാറ്റപ്പെരുന്നാൾ (moveable feasts) എന്ന വിഭാഗത്തിൽ പെടുന്നു.

kuwait
Advertisment